ADVERTISEMENT

ഏതാനും നാളുകളായി പന്നിയിറച്ചിയുടെ വിപണിപ്രിയവും വിലയും ഉയരുകയാണ്. കിലോയ്ക്ക് 280 രൂപയായിരുന്നതു കഴിഞ്ഞ ക്രിസ്മസിനുശേഷം 380 രൂപയായി. 100 രൂപയുടെ വര്‍ധന!  400ലേക്ക് കയറുമെന്ന സൂചനയും സമീപ ദിവസങ്ങളിലുണ്ട്. ലൈവ് വിലയാവട്ടെ, ഇപ്പോൾ 200–220 രൂപയില്‍ എത്തിനിൽക്കുന്നു. കഴിഞ്ഞ വർഷം ആഫ്രിക്കൻ പന്നിപ്പനിഭീതിയിൽ ഫാമുകളിൽനിന്നു പന്നി കയറിപ്പോയത് ശരാശരി 85 രൂപയ്ക്കാണ്. കർഷകർക്ക് മുടക്കുമുതൽപോലും ലഭിക്കാത്ത സാ ഹചര്യത്തിലും പക്ഷേ, ഇറച്ചിയുടെ വിൽപനവിലയിൽ കുറവുണ്ടായിരുന്നില്ല. എന്നാൽ, ഇന്നു സ്ഥിതിയതല്ല. കേരളത്തിലെ പന്നിമാംസവിപണി കർഷകർ നിയന്ത്രിച്ചുതുടങ്ങിയിരിക്കുന്നു. കർഷകർ വില തീരുമാനിക്കുന്ന സ്ഥിതിയുണ്ട്. ഇത് ചെറിയ കാര്യമല്ല. ഇടനിലക്കാരുടെ ചൂഷണം കാരണം തീറ്റച്ചെലവു പോലും ലഭിക്കാതെ  ബുദ്ധിമുട്ടിയ സാഹചര്യത്തിൽ ഇത്തരത്തിലൊരു മാറ്റം സംരംഭകര്‍ക്കു കൂടുതൽ പ്രതീക്ഷ നൽകുന്നു. 

പിന്നിൽ ആഫ്രിക്കൻ പന്നിപ്പനി 

ഇപ്പോഴത്തെ ഇറച്ചിവിലക്കയറ്റം 2 വർഷമായി പന്നിവളർത്തൽമേഖലയെ തളര്‍ത്തിയ ആഫ്രിക്കൻ പന്നിപ്പനി(എഎസ്എഫ്)യുടെ പരിണതഫലമാണ്.  2022 ജൂലൈയിൽ വയനാട്ടിലെ ഒരു ഫാമിൽ റിപ്പോർട്ട് ചെയ്ത പന്നിപ്പനി പിന്നീട് കേരളത്തിലെ പല ഫാമുകളെയും ഇല്ലാതാക്കി. കേരളത്തിലെ 60 ശതമാനത്തോളം പന്നിസമ്പത്ത് ആഫ്രിക്കൻ പന്നിപ്പനി തുടച്ചുനീക്കിയെന്നു പറയാം. പനിഭീതിയിൽ പന്നികളെ വിറ്റൊഴിവാക്കിയവര്‍ ഏറെ. കോടികളുടെ നഷ്ടമാണ് ഈ വൈറസ് രോഗം വരുത്തിവച്ചത്. പലരും കടക്കെണിയിലായി. വലിയ തോതിൽ ഫാമുകൾ നടത്തിയിരുന്നവർക്കൊക്കെ കോടികളാണ് ബാധ്യത. അതുകൊണ്ടുതന്നെ കേരളത്തിലെ മാംസോപഭോഗത്തിന് ആവശ്യമായ പന്നികളെ ഇവിടെ ലഭിക്കാത്ത സ്ഥിതിയുണ്ടായി. 

pig-farm-5

കേരളത്തിന് ആവശ്യമായ മാംസം (പന്നി, പോത്ത്, കോഴി തുടങ്ങിയവയെല്ലാം) നല്ല പങ്കും വരുന്നത് അതിർത്തി കടന്നാണ്. തമിഴ്നാട്ടിലും ലഭ്യത കുറഞ്ഞ് വില ഉയർന്നതിനാൽ അതിർത്തി കടന്നുള്ള പന്നിവരവ് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. ഇതും വിലവർധനയ്ക്കു കാരണമായി. നിലവിൽ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പന്നിയുടെയും പന്നിയിറച്ചിയുടെയും വില ഏറക്കുറെ ഒരുപോലെയാണ്. ഗോവയിൽ ഇറച്ചിവില കിലോയ്ക്ക് 400 രൂപയാണെന്ന് കർഷകനായ മാത്യു വള്ളിക്കാപ്പൻ പറയുന്നു. കേരളത്തിൽ ഇത് 360–380 രൂപയാണ്.

മാലിന്യത്തിൽനിന്നു മാംസത്തിലേക്ക്

സംസ്ഥാനത്തെ മാലിന്യനീക്കത്തിലും സംസ്കരണത്തിലും മാംസോൽപാദനത്തിലും പ്രധാന പങ്കു വഹിക്കുന്നു പന്നിവളർത്തൽമേഖല. ഹോട്ടലുകളിലെയും അറവുശാലകളിലെയും മിച്ചഭക്ഷണവും അവശിഷ്ട‌വും ഏറ്റെടുത്ത് അവ മികച്ച മാംസമാക്കി മാറ്റുന്ന ഈ മേഖല, ഒട്ടേറെപ്പേർക്ക് തൊഴിലും വരുമാനവും നൽകുന്നുമുണ്ട്. എന്നാല്‍, ആഫ്രിക്കന്‍ പന്നിപ്പനി ഡെമോക്ലീസിന്റെ വാളുപോലെ തലയ്ക്കു മീതെ  തൂങ്ങിയാടുന്നതു കൂടാതെ തീറ്റലഭ്യതക്കുറവ്, വില്‍പന പ്രതിസന്ധി, ലൈസന്‍സ് നൂലാമാലകള്‍, പൊതുജനങ്ങളുടെ എതിര്‍പ്പ് എന്നിങ്ങനെ നൂറുകൂട്ടം പ്രശ്‌നങ്ങള്‍ സംരംഭങ്ങള്‍ക്കു ചുറ്റും വട്ടമിട്ടു കറങ്ങുന്നു. 

മിച്ചഭക്ഷണം നല്‍കി വളരെ കുറഞ്ഞ ചെലവില്‍ മികച്ച മാംസം ഉല്‍പാദിപ്പിക്കാം എന്നതാണ് പന്നിവളര്‍ത്തല്‍ സംരംഭത്തിന്റെ ആകര്‍ഷകത്വം. വീടുകൾ, റസ്റ്ററന്റുകൾ, ഓഡിറ്റോറിയങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളില്‍ മിച്ചം വരുന്ന ഭക്ഷണം പന്നികൾക്കു നല്ല തീറ്റയാണെന്ന് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സര്‍വകലാശാല സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും പഴം പച്ചക്കറി അവശിഷ്ടങ്ങളും പന്നികൾക്കു ഭക്ഷണമായി നൽകുന്നതു സംബന്ധിച്ച ശാസ്ത്രീയ ശുപാർശകൾ/നിർദേശങ്ങൾ അടങ്ങിയ റിപ്പോര്‍ട്ട് സര്‍വകലാശാല നിയോഗിച്ച 10 അംഗ സമിതി സമര്‍പ്പിച്ചിട്ടുമുണ്ട്. 

pig-farm-6

കര്‍ഷകരും ശ്രദ്ധിക്കണം

മിച്ചഭക്ഷണം ശേഖരിക്കുന്നവര്‍, അതിനൊപ്പം ആ സ്ഥാപനത്തിലെ മറ്റു മാലിന്യങ്ങള്‍ക്കൂടി ശേഖരിക്കേണ്ടിവരുന്നുണ്ട്. പലപ്പോഴും പന്നിഫാമുകളില്‍ വില്ലനായി മാറുന്നത് ഈ ഭക്ഷണേതര മാലിന്യമാണ്. ഇത്തരം മാലിന്യങ്ങള്‍ ശേഖരിക്കില്ലെന്ന് കര്‍ഷകര്‍ തീരുമാനിക്കണം. ശേഖരിക്കേണ്ടിവന്നാല്‍ അത് ഫാമിനു ചുറ്റും വലിച്ചുവാരി ഇടാതെ കൃത്യമായി സംസ്‌കരിക്കണം. കൂടും പരിസരവും എപ്പോഴും വൃത്തിയായി വയ്ക്കണം. മിച്ചഭക്ഷണത്തിന്റെ ദുര്‍ഗന്ധമകറ്റാന്‍ കശുവണ്ടിത്തൊണ്ട് പുകയ്ക്കുന്നതു ഫലപ്രദം.    

കേരളത്തിലെ പന്നിക്കർഷകരുടെ പ്രധാന പ്രശ്നം സ്ഥലപരിമിതിയാണ്. വ്യവസായങ്ങൾക്കു പ്രത്യേക സ്ഥലം സർക്കാർ അനുവദിക്കാറുള്ളതുപോലെ ഈ മേഖലയ്ക്കും പ്രത്യേക സ്ഥലം അനുവദിച്ചു നൽകുന്ന പക്ഷം പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാമെന്നു മാത്യു വള്ളിക്കാപ്പന്‍ നിര്‍ദേശിക്കുന്നു. മിക്ക പഞ്ചായത്തുകളിലും ഇത്തരം പാഴ്‌സ്ഥലം കണ്ടെത്താനാവും. 

ഇറക്കുമതി പ്രതിസന്ധിയിലാക്കി

ടി.എം.ജോഷി, പ്രസിഡന്റ്, പിഗ് ഫാർമേഴ്സ് അസോസിയേഷൻ

ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പന്നി ഇറക്കുമതിയാണ് ഇവിടെ ആഫ്രിക്കൻ പന്നിപ്പനിബാധയ്ക്കു  കാരണം. പനി വ്യാപകമായതാണ് വിലവർധനയ്ക്കു വഴിയൊരുക്കിയത്. കേരളത്തിലേക്ക് വ്യാപകമായി പന്നികളെ എത്തിച്ചിരുന്ന തമിഴ്നാട്ടിലും കർണാടകയിലുമൊക്കെ വില വർധിച്ചത് ഇവിടെയും പ്രതിഫലി ച്ചു. സാധാരണ ഈ സംസ്ഥാനങ്ങളിൽ കേരളത്തെക്കാളും വില കുറവാണ്. എന്നാൽ, ഇപ്പോൾ ഈ സംസ്ഥാനങ്ങളിൽ 400 രൂപയാണ് ഇറച്ചിവില. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 500നു മുകളിലും. ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണവിധേയമായാൽ ഒരു വർഷത്തിനുള്ളിൽ പന്നിയിറച്ചിയുടെ വില കുറയും. ഉൽപാദനച്ചെലവ് കൂടിയ സാഹചര്യത്തിൽ 180 രൂപയെങ്കിലും കർഷകനു ലഭിച്ചെങ്കിൽ മാത്രമേ ഈ സംരംഭം ലാഭകരമായി മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കൂ. 

വിലവർധന കർഷകർക്കു നേട്ടം

വി.പാപ്പച്ചൻ (ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി)

സംസ്ഥാനത്തെ പന്നിമാംസാവശ്യത്തിന്റെ 40% മാത്രം ഉൽപാദിപ്പിച്ചിരുന്ന കേരളത്തിൽ അസുഖം മൂലം ഫാമുകൾ അടച്ചതിനാൽ പന്നികളുടെ എണ്ണം കുത്തനെ കുറഞ്ഞു. എങ്കിലും അഭ്യസ്തവിദ്യരായ ഒട്ടേറെ ചെറുപ്പക്കാർ സ്വയം തൊഴിലായി പന്നിവളർത്തൽ മേഖലയിലേക്ക് വരുന്നുണ്ട്. ഇത് നല്ല മാറ്റത്തിനു വഴിയൊരുക്കുന്നു. എന്നാൽ, മികച്ച മാലിന്യനിർമാർജന സംവിധാനങ്ങളോടെ, വിദേശ നിലവാരത്തിൽ ഫാമുകൾ പരിഷ്കരിക്കണമെങ്കിൽ ചെലവിന് ആനുപാതികമായ വിലയും കർഷകനു ലഭിക്കേണ്ടതുണ്ട്. നിലവിലെ വിലവർധന കർഷകർക്കു മുൻപുണ്ടായ നഷ്ടങ്ങൾ നികത്തുന്നതിനു സഹായിക്കും.

pig-farm-4

എടുത്തുചാട്ടം വേണ്ട

മാത്തുക്കുട്ടി ടോം, കർഷകൻ, മരങ്ങാട്ടുപിള്ളി

എട്ടു വർഷത്തോളമായി ഈ മേഖലയിലുണ്ട്. സ്വന്തം ഫാമിലെ പന്നികളെ സ്വന്തമായി സംസ്കരിച്ച് ഉപഭോക്താക്കളിലെത്തിക്കുകയാണ്. ഇടനിലക്കാരില്ലാതെ മികച്ച വരുമാനം നേടാൻ കഴിയുന്നു. പാലായുടെ പരിസരപ്രദേശങ്ങളില്‍ 8 സ്റ്റാളുകൾ വഴിയാണ് ഇറച്ചി വിൽപന. പുറമേനിന്നു പന്നികളെ വാങ്ങി വിൽക്കുന്നില്ല എന്നതിനാൽ ഉപഭോക്താക്കൾക്കും താൽപര്യം. ആഫ്രിക്കൻ പന്നിപ്പനി മൂലം കേരളത്തി‌ലെ ഒട്ടേറെ ഫാമുകൾ ഇല്ലാതായി, പന്നിപ്പനി പേടിച്ച് പല കർഷകരും കിട്ടിയ വിലയ്ക്കു പന്നികളെ ഒഴിവാക്കി. അതാണ് ഇപ്പോഴത്തെ വിലവർധനയ്ക്കു കാരണം. 

വിലവർധന മൂലം വിൽപനയിൽ 10 ശതമാനത്തോളം കുറവുണ്ടെങ്കിലും അത് വിപണിയെ സാരമായി ബാധിക്കില്ല. പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടപ്പോൾ പലരും പന്നികളെ ഒഴിവാക്കാൻ പറഞ്ഞു. എന്നാൽ, കൈവശമുള്ള മാതൃപിതൃ ശേഖരവും ഫാറ്റനിങ് യൂണിറ്റിലെ പന്നികളെയും ഒഴിവാക്കിയില്ല. റിസ്ക് എടുക്കുകയായിരുന്നു. എപ്പോഴും നിശ്ചിത എണ്ണം പന്നികൾ ഫാമിൽ ഉണ്ടായിരിക്കുന്ന രീതിയിലാണ് ക്രമീകരണം. കൈവശമുള്ളത് ഒഴിവാക്കിയാൽ അതുപോലൊരു ശേഖരം വീണ്ടും ഉണ്ടാക്കിയെടുക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്. ഇറച്ചിവിലയ്ക്കൊപ്പം പന്നിക്കുഞ്ഞുങ്ങളുടെ വിലയും ഉയർന്നിട്ടുണ്ട്. പന്നിക്കുഞ്ഞുങ്ങളുടെ വില 4,000–4,500 രൂപയിൽനിന്ന് 6,000–7,000 രൂപ ആയി. ഇപ്പോഴുള്ള വില കണ്ട് ഒട്ടേറെപ്പേര്‍ പന്നിവളർത്തലിലേക്കു വരുന്നുണ്ട്. എന്നാൽ, ഈ വിലവർധന താല്‍ക്കാലികമാകാം. അതിനാല്‍ വില മാത്രം മുന്നിൽക്കണ്ട് ഇതിലേക്കിറങ്ങരുത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com