ADVERTISEMENT

"അല്ല ഇക്കൂ ഇന്നെന്തേ ഉറക്കമൊന്നുമില്ലേ? സമയം പാതിരാകഴിഞ്ഞു." പാതിയുറക്കം വിട്ടെഴുന്നേറ്റ വാവയുടെ ചോദ്യം കേട്ടയാൾ പുഞ്ചിരിച്ചുകൊണ്ട് മുഖം തിരിച്ചു. "ഇല്ലെടി വാവേ ഇപ്പോൾ കഴിയും, ഇതാ കുറച്ചുകൂടി." "ഇതെന്താപ്പോ ഇത്രവെല്ലാണ്ട് കുത്തിക്കുറിക്കാൻ വല്ലപ്രണയലേഖനവുമാണോ." "പോടി പെണ്ണേ ചുമ്മാ ഓരോന്ന് എഴുതിയിരിക്കുന്നു." "വന്നുകിടക്കാൻ നോക്ക് മനുഷ്യാ.. അല്ലെങ്കിലും ഇങ്ങൾക്കിപ്പോ പഴയ സ്നേഹമൊന്നുമില്ല എപ്പോഴും വായനയും എഴുത്തും മാത്രമേയുള്ളൂ.." അവൾ ചിണുങ്ങിതുടങ്ങി. ഈ പെണ്ണിന്റെ ഒരുകാര്യം എന്നും പറഞ്ഞയാൾ എഴുതികൊണ്ടിരുന്ന പുസ്തകം അടച്ചുവെച്ചെഴുന്നേറ്റു.. കട്ടിലിന്റെ ഒരറ്റത്തിരുന്നു മെല്ലെയവളുടെ മുടിയിഴകളിൽ തലോടി. "ഓ എന്തൊരു സ്നേഹം കിടന്നുറങ്ങാൻ നോക്ക് ഇക്കൂ." "ഡീ ഇങ്ങോട്ട് നോക്കിക്കേ." "പോ അവിടുന്ന്." "ഡീ വാവേ ഇത് നോക്കെടി." "എന്താ ഇക്കൂ." "ഡീ പെണ്ണേ നീ എഴുതികൊണ്ടിരിക്കുമ്പോൾ എപ്പോഴെങ്കിലും ഞാൻ നിന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ടോ." അയ്യട എന്നെകൊണ്ടൊന്നും പറയിക്കണ്ട" എന്നും പറഞ്ഞവൾ തിരിഞ്ഞു കിടന്നു."എന്താടി? നീ പറഞ്ഞോ അല്ലപിന്നെ" അയാൾ എഴുന്നേറ്റു ജനാലക്കരികിലേക്ക് നടന്നു..

"വാവേ... ഡീ... വാവേ.. ഒന്നിങ്‌ വന്നേ" "എന്താ ഇക്കൂ?" "ഇങ്ങോട്ട് വാടി പെണ്ണേ. രാത്രിയിൽ മാനം കാണാൻ എന്തൊരു ചന്തം." "ഈ മനുഷ്യൻ പാതിരാത്രിക്ക് മാനവും നോക്കി ചന്തംപറഞ്ഞു നിൽക്കുകയാണോ?" "ഒന്നെഴുന്നേറ്റു വാടി വാവേ" എന്തൊക്കെയോ പിറുപിറുത്തു അവൾ അവനരികിലേക്ക് വന്നു നിന്നു ചോദ്യഭാവത്തിൽ നോക്കി. "ദാ നോക്ക് പെണ്ണേ മാനവും നിലാവും നക്ഷത്രകുഞ്ഞുങ്ങളും എന്ത് ചന്തമാണ് ലേ രാത്രിയെ കാണാൻ." "ഉം..." അവളൊന്നു മൂളി. "വാവേ" "ന്തോ?" "ഏയ് ഒന്നുമില്ല." "ദേ മനുഷ്യ ഇനി വല്ല കവിതയോ കഥയോ തുടങ്ങാനുള്ള തയ്യാറാണെങ്കിൽ ഞാൻ പോയി ഉറങ്ങും ട്ടോ." "ഡീ പെണ്ണേ നീ എഴുതികൊണ്ടിരുന്ന രാത്രികൾ ഓർമ്മയില്ലേ? നിന്റെ എഴുത്ത് തീരുന്നത് വരേ നിന്നോടൊപ്പം കാവൽ ഇരുന്ന രാത്രികൾ." "ഓ... കാവൽ നിന്ന മനുഷ്യൻ. നാലുവരി എഴുതാൻ സമ്മതിക്കില്ല. അപ്പോൾ തുടങ്ങും കുറുമ്പ്" "അയ്യൊടി... എന്ത് കുറുമ്പ്." "ഹോ... പോ.. മനുഷ്യ" അവളുടെ കണ്ണിൽ ചെറിയ നാണം വിരിഞ്ഞു അവൾ അയാളോട് ഒന്നുകൂടി ചേർന്നു നിന്നു.

"വാവേ..." "ഉം..." അയാളവളെ തന്നിലേക്ക് ചേർത്തു ഇറുക്കിപിടിച്ചു ആ നെറ്റിയിൽ അമർത്തി ചുംബിക്കുമ്പോൾ ഒഴുകിവന്നൊരു കാറ്റ് അവരെ കുളിർപ്പിച്ചു തഴുകിപോയി. മേഘക്കൂട്ടങ്ങൾ വന്നു നിലാവിനെ മറയ്ക്കുമ്പോൾ അവൾ പിന്നെയും കട്ടിലിലേക്ക് ഇടം തേടിയിരുന്നു. "വാവേ.." "ഉം..." "ഡീ" "എന്തേ?" "നമ്മുടെ സ്വർഗ്ഗം ഇപ്പോഴുമവിടെ ഉണ്ടാകുമോ?" മറുപടി ഒന്നും കാണാതിരുന്നപ്പോഴാണ് അയാൾ കണ്ണുതുറന്ന് നോക്കിയത്. തന്റെ ഇടതുവശവും വലതു വശവും ശൂന്യമായി കിടക്കുന്നത് കണ്ടപ്പോഴാണയാൾ ഓർത്തത് എല്ലാം ഒരു കിനാവായിരുന്നെന്നു. എവിടെയോ കാലൻ കോഴി കൂവുന്നുണ്ട്. പുറത്ത് വീശിയടിക്കുന്ന കാറ്റിന്റെ ശബ്‌ദം സിരകളിൽ ഭ്രാന്ത് മൂപ്പിക്കുന്നു. ഹൃദയം പടപടാ മിടിക്കുന്നു. ഒഴിഞ്ഞ മച്ചിലേക്ക് മിഴികൾനട്ട് അയാൾ ആ കിനാവിന്റെ വഴിയിലേക്ക് ഇറങ്ങി. വാവ... ചുണ്ടുകൾ ആ പേര് പറയുമ്പോൾ അറിയാതെ അയാളുടെ കണ്ണുകളിൽ നീരൊഴുക്ക് തുടങ്ങിയിരുന്നു. 

കട്ടിൽ വിട്ടെഴുന്നേറ്റു വാതിൽ ലക്ഷ്യമാക്കി നടന്നു. നേരെ കോലായിലേക്ക്, ഒടിഞ്ഞു വീഴാറായ മരകസേരയിൽ ഇടംപിടിച്ചു ചിന്തകളെ അഴിച്ചുവിട്ടു. കാൽപ്പാടുകളും മനസ്സും പുറകോട്ട് സഞ്ചരിക്കുമ്പോൾ അവിടെ ഒരു മുഖം മാത്രം വാവ. അക്ഷരങ്ങൾകൊണ്ടു വർണ്ണംതൂകിയ പെണ്ണവൾ. ഏതോ വരികൾക്കിടയിൽ വാക്കുകൾ കൂട്ടിമുട്ടിയപ്പോൾ വരികൾ ഒന്നിച്ചെഴുതിത്തുടങ്ങി. വാക്കുകളിലൂടെയും വരികളിലൂടെയും പരസ്പരം മിണ്ടിയും പറഞ്ഞും സ്വപ്നങ്ങൾ നെയ്തെടുത്ത നാളുകൾ. അടർത്തിയെടുക്കാനോ മായ്ച്ചുകളയാനോ പറ്റാത്തതരത്തിൽ വരികൾ പതിഞ്ഞുകിടക്കാൻ തുടങ്ങിയപ്പോഴാണവർ സ്വപ്നങ്ങൾകൊണ്ടു കുടിൽകെട്ടാൻ തുടങ്ങിയത്. അവരുടെ മാത്രം സ്വർഗ്ഗം പണിതുകൊണ്ടിരിക്കുകയായിരുന്നു. ചിമ്മിനിവെട്ടത്തിന്റെ നിഴലിലവൾ വരികൾ ചേർത്തെഴുത്തുമ്പോൾ കുറുമ്പുകൾകൊണ്ടു പുറകിൽ പുഞ്ചിരിയുമായി അവൻ ഉണ്ടാകുമായിരുന്നു. ഇക്കൂ.. ഇരുട്ടിൽ നിന്നൊരു വിളിയൊച്ച കേട്ടപോലെയവൻ നാലുപാടും നോക്കി. 

"ഇക്കുവേ... വേണ്ടാട്ടോ... ഇതൊന്ന് എഴുതിതീർക്കട്ടെ..." "വാവേ നമുക്ക് കുളകടവിലേക്ക് പോയാലോ... ഇപ്പോൾ നിറയെ ആമ്പലുകൾ വിരിഞ്ഞു നിൽക്കുന്നുണ്ടാകും.." "ന്റെ പൊന്നു ഇക്കുവല്ലേ ഞാനിതൊന്നു എഴുതിത്തീർത്തോട്ടെ..." ഒരു കള്ള ചിരിയോടെ അവളുടെ അരക്കെട്ടിൽ ചുറ്റിപിടിച്ചവൻ തന്നിലേക്ക് ചേർക്കുമ്പോൾ അവൾക്കറിയാമായിരുന്നു ഇനി ഇന്ന് എഴുത്ത് നടക്കില്ലെന്ന്... പേനയുടെ തുമ്പിൽ കടിച്ചുകൊണ്ടവൾ ചെറുനാണത്താൽ അവനെ നോക്കി ഒന്നുകൂടി അവനിലേക്ക് ചേർന്നുകഴിഞ്ഞിരുന്നു.. സ്വപ്നങ്ങളിൽ പണിതെടുത്ത ആ സ്വർഗ്ഗത്തിലേക്കപ്പോഴവർ നടന്നു തുടങ്ങിയിരുന്നു.. ചെറുനിലാവ് പെയ്തിറങ്ങുമ്പോൾ കുളക്കടവിലെ കൽപ്പടിയിൽ അവന്റെ മടിയിൽ തലവെച്ചവൾ കിടക്കുകയാണ്.. തഴുകിയൊഴുകുന്ന കാറ്റിന്റെ കുളിരിനെ ചൂടുപിടിപ്പിച്ചുകൊണ്ടവന്റെ അധരങ്ങൾ ഇടയ്ക്ക് അവളുടെ അധരങ്ങൾ സ്വന്തമാക്കുന്നുണ്ട്. "ഇക്കൂ..." "എന്തോ..." "എനിക്കാ ആമ്പൽപ്പൂ വേണം." "ഇപ്പോഴോ?" "ആ..." "എഴുത്തുകാരിക്ക് മുഴുത്ത വട്ടാണല്ലോ." "എനിക്ക് വേണം ഇക്കുവേ..." "ന്നാ എഴുന്നേൽക്ക്.." "ഊ ഹും... എഴുന്നേൽക്കാൻ തോന്നുന്നില്ല." "ഇത് നല്ല വട്ട്." "എഴുന്നേൽക്ക് പെണ്ണേ..." അവളെ പിടിച്ചെഴുന്നേൽപ്പിച്ചു അവൻ കുളത്തിലേക്ക് കാൽ വെച്ചു.

"വാവേ നല്ല തണുപ്പ്.. നമുക്ക് രാവിലെ പറിക്കാം." "പറ്റില്ല എനിക്ക് ഇപ്പോ വേണം" എന്നും പറഞ്ഞുകൊണ്ടവൾ അവനെ മെല്ലെ തള്ളി. അവൻ കുളത്തിലേക്ക് വീണു. ഒന്ന് മുങ്ങിയുയർന്നവൻ "ഡീ പെണ്ണേ നിന്നെ കാണിച്ചു തരാട്ടോ" "പോ ഇക്കൂ ഒന്ന് പോയി ആ നടുക്കുള്ള ആമ്പൽപ്പൂ വലിച്ചിട്ടുവാ.." അവളുടെ നേരെ കുറച്ചു വെള്ളം കോരി തെറിപ്പിച്ചു അവൻ നീന്തിപോയി കുറേ ആമ്പൽപൂക്കൾ പറിച്ചെടുത്തു തിരിച്ചു. "ന്നാ പിടിച്ചോ നിന്റെ ആമ്പലുകൾ." കരയിലേക്ക് കയറിയവൻ ആമ്പലുകൾ അവൾക്ക് നേരെ നീട്ടി. വാങ്ങാനായി അവൾ കൈ നീട്ടിയതും അവളെ പിടിച്ചു ഒരൊറ്റ വലി രണ്ടാളും കൂടെ കുളത്തിലേക്ക്. അപ്പോൾ മഴ ചാറിത്തുടങ്ങിയിരുന്നു. വെള്ളത്തിൽനിന്നും പൊങ്ങിയ അവനെ അടിക്കാനായി കയ്യോങ്ങിയ അവളെ പിന്നെയും പിടിച്ചു കുളത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടു ഒരു കയ്യിൽ ആമ്പലും മറുകയ്യിൽ അവളെയും ചേർത്തുപിടിച്ചുകൊണ്ടു.. 

മുങ്ങിനിവരുമ്പോൾ മഴ കനത്തു തുടങ്ങിയിരുന്നു.. നനഞ്ഞൊട്ടിയ അവളെയും ചേർത്തുപിടിച്ചുകൊണ്ടവൻ കുളത്തിൽ നിന്നും കയറി നേരെ വള്ളികുടിലിലേക്കോടി. തണുത്തുവിറച്ച അവളുടെ കൈയ്യിലേക്ക് ആമ്പലുകൾ കൊടുക്കുമ്പോൾ ദേഷ്യത്തോടെ അതിലേറെ സ്നേഹത്തോടെ അവളവനിലേക്ക് ചേർന്നു നിൽക്കുന്നുണ്ടായിരുന്നു. വാവേ... ന്താ ഇക്കൂ... തണുക്കുന്നുണ്ടോ.. ഇല്ല നല്ല ചൂടാണ് എന്തേ ദേഷ്യം കലർന്ന മറുപടി പൂർത്തിയാക്കുമ്പോഴേക്കും അവളുടെ വിറക്കുന്ന ചുണ്ടുകളെ അവന്റെ ചുണ്ടുകൾ സ്വന്തമാക്കികഴിഞ്ഞിരുന്നു.. രാത്രിമഴ പെയ്തുതോരുമ്പോൾ കമ്പിളിപുതപ്പിനുള്ളിൽ മറ്റൊരു കമ്പിളിപോലെ പരസ്പരം പുതച്ചുകിടക്കുകയായിരുന്നവർ. പിന്നെയാ സ്വർഗ്ഗം പണിതുകൊണ്ടേയിരുന്നു. വള്ളികുടിലും കുളക്കടവും ആമ്പൽപ്പൂവും അവർക്കായി മാത്രം കാത്തിരുന്നു.

നിശബ്ദമായ ഇരുട്ടിലേക്ക് നടന്നുമടുത്ത മിഴികൾ അടച്ചുകൊണ്ടവൻ പിന്നെയും ചിന്തകളിലേക്ക് ഇറങ്ങി. ഏതോ ഇരുട്ടുമൂടിയ ഇടവഴിയിൽ വെച്ചു വഴിതെറ്റി ഇരുവഴിയായി നടന്നകലുമ്പോഴും തിരമാലകണക്കെ ഉള്ളിൽ ആർത്തിരമ്പുന്നുണ്ടായിരുന്നു, കൊതിയോടെ ആഗ്രഹിക്കുന്നുണ്ടായിരുന്നു. അവളുടെ വരികളിലൂടെ പിന്നെയും ചേർത്തെഴുതി പൂർത്തീകരിക്കാനും കുളക്കടവിൽ ആമ്പലുകൾ പറിച്ചു നൽകാനും... പലവട്ടം വരികൾകൊണ്ടു അവളെ എഴുതിയിട്ടും, ഒന്നിച്ചുനടക്കാറുള്ള ഇടവഴികളിലൂടെ തേടിനടന്നിട്ടും എന്തോ പൂർത്തിയാകാത്തത് പോലെ പാതിവഴിയിൽ മടങ്ങിത്തുടങ്ങി. ഇക്കുവേ.. പിന്നെയും ചെവിക്കരികിൽ ഒരു വിളിയൊച്ച വന്നു പതിച്ചപോലെ. ഇരുന്നിടത്തുനിന്നെഴുന്നേറ്റു നിറഞ്ഞ കണ്ണുകൾ തുടക്കുമ്പോൾ മനസ്സിൽ എന്തോ ഒന്ന് പറഞ്ഞുറപ്പിച്ചപോലെ...

നേരം വെളുത്തുതുടങ്ങുന്നേ ഉള്ളൂ.. കവലയിൽ നിന്ന് ആദ്യത്തെ ബസ്സ് ചലിച്ചുതുടങ്ങുമ്പോൾ പുറകിലെ സീറ്റിൽ അയാൾ ഉണ്ടായിരുന്നു. ചിന്തകളുടെ ഭാണ്ഡവും പേറി ദൂരേക്ക് മിഴികൾ തറപ്പിച്ചുകൊണ്ടു.. ഹലോ നിങ്ങൾക്കുള്ള സ്റ്റോപ്പ് എത്തി. കണ്ടക്ടർ തട്ടിവിളിക്കുമ്പോഴാണ് ചിന്തകളിൽനിന്നയാൾ ഉണർന്നത്. ബസ്സിറങ്ങി നാലുപാടും നോക്കി. വെയിലിന് നല്ല ചൂട്. അയാൾ മുന്നോട്ട് നടന്നു. ഉടഞ്ഞ മനസ്സും നിറഞ്ഞ ചിന്തകളുമായി നടക്കുമ്പോഴും ഉള്ളിലിരുന്നാരോ വിളിക്കുന്നത് പോലെ ഇക്കൂ... ഇക്കുവേ... അയാളുടെ നടത്തത്തിന്ന് വേഗതകൂടി. റോഡിൽ നിന്ന് ഇടവഴിയിലേക്കും അവിടെനിന്ന് വിളഞ്ഞു നിൽക്കുന്ന വയൽ വരമ്പിലേക്കും അയാളുടെ പാദങ്ങൾ ചലിച്ചുകൊണ്ടിരുന്നു. അടഞ്ഞ പടിവാതിൽക്കൽ എത്തുമ്പോൾ സൂര്യൻ ഉച്ചിയിൽ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു.

ചാരുപടി നീക്കി മുറ്റത്തേക്ക് കാലെടുത്തുവെക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറയാതിരുന്നില്ല ആരെയും കാണുന്നില്ല. ഉമ്മറത്തേക്ക് കയറി വാതിലിൽ മുട്ടി കാത്തുനിന്നു. ഇല്ല ആരും വരുന്നില്ല.. കോലായിയിലെ തിണ്ണയിൽ ചാരിയിരുന്നു ചുറ്റിലും കണ്ണോടിച്ചു.. ഇല്ല ഇവിടെ ആരുമില്ലെന്ന് തോന്നുന്നു. അപ്പോൾ അവൾ എവിടെ? അയാളുടെ ചിന്തകൾ മുഴുവൻ അത് മാത്രമായിരുന്നു. ചിന്താഭാരവും യാത്രാക്ഷീണവും അയാളുടെ കണ്ണുകളെ അടച്ചു തുടങ്ങി. എന്തോ ശബ്ദം കേട്ടാണ് അയാൾ ഞെട്ടിയുണർന്നത്. മുറ്റത്ത് വെയിൽ മാഞ്ഞു തുടങ്ങിയിരുന്നു. ഞാൻ ഉറങ്ങിപ്പോയോ സ്വയം ചോദിച്ചു കൊണ്ട് അവിടെനിന്നും എഴുന്നേറ്റു. സൂര്യൻ ചാഞ്ഞു തുടങ്ങി. തണുത്ത കാറ്റ് വീശുന്നുണ്ട്.. മാനം മേഘം മൂടിയിരിക്കുന്നു. അയാൾ മെല്ലെ വീടിന്റെ പുറകുവശത്തേക്ക് നടന്നു. കാലടികൾ വിറക്കുന്നുണ്ട് ഹൃദയം പെരുമ്പറ കൂട്ടുന്നു. മിഴികൾ ഒന്ന് മിന്നിതെളിഞ്ഞു മുഖത്ത് പൂത്തിരി തെളിഞ്ഞ പോലെ. അതാ അവിടെ ഞങ്ങളുടെ സ്വർഗ്ഗം വള്ളികുടിൽ അയാളുടെ നടത്തത്തിന് വേഗതകൂടി. മനസ്സ് ആർത്തലക്കുന്നു.. 

ഓടിയെത്തിയ കാൽപാദങ്ങൾ പെട്ടെന്ന് ചലനമറ്റത് പോലെ നിശ്ചലമായി. സ്തംഭിച്ചുപോയ മനസ്സിനെ തട്ടിയുണർത്തി. മിഴികൾ പലയാവർത്തി ചിമ്മിതുറന്നു. വിശ്വാസം വരാതെ അയാൾ അയാളെത്തന്നെ നുള്ളിനോക്കി. ഇത് സ്വപ്നമാണോ. അല്ല വേദനിക്കുന്നുണ്ട് ഇത് സ്വപ്നമല്ല. പിന്നെയും കണ്ണുചിമ്മി തുറന്നു. വള്ളികുടിലിന്റെ ഓരം ചാരി ഒരു രൂപം. അയാൾ പിന്നെയും നോക്കി. "ഇക്കുവേ.. വന്നു ലേ.." "വാവേ..." അയാൾ തൊണ്ട പൊട്ടി വിളിച്ചു. പിന്നെ ഒരു ഓട്ടമായിരുന്നു.. കിതച്ചുകൊണ്ടവളുടെ മുന്നിൽ ഓടിയെത്തി നിൽക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. "വാവേ.." എന്നും വിളിച്ചു വാരിയെടുത്തു നെഞ്ചോട് ചേർക്കുമ്പോൾ രണ്ടുപേരുടെയും ദേഹം വിറക്കുന്നുണ്ടായിരുന്നു. "ഇക്കുവേ..." "എന്താടി വാവേ..." "എനിക്കറിയാമായിരുന്നു എന്നെങ്കിലുമൊരിക്കൽ ഇവിടെ വരുമെന്ന്... അതാ... ഞാൻ എവിടെയും പോകാതെ ഇവിടെത്തന്നെ നിന്നത്." 

അയാൾക്ക് ശബ്ദം നഷ്ടപ്പെട്ടപ്പോലേ അവളുടെ മുഖത്തേക്ക് നോക്കി നിന്നു.. "ഇക്കുവേ എന്താ ഒന്നും മിണ്ടാത്തേ.." "ഏയ് ഒന്നുമില്ല" എങ്ങനെയോ അയാൾ പറഞ്ഞൊപ്പിച്ചു. "ഞാൻ ഇവിടെ ഉണ്ടാകുമെന്ന് ഇക്കു കരുതിയില്ല ലേ..." ഏയ്... ഇതല്ലേ നമ്മുടെ സ്വർഗ്ഗം.. സ്വപ്നങ്ങളും മോഹങ്ങളും പറഞ്ഞും എഴുതിയും തീർത്ത നമ്മുടെ സ്വർഗ്ഗം.." അവളെ പറഞ്ഞു മുഴുമിപ്പിക്കാൻ അനുവദിക്കാതെ ആ മുഖം കോരിയെടുത്തു ഉമ്മകൾകൊണ്ടു മൂടുകയായിരുന്നു അയാൾ. ഒരു ദീർഘനിശ്വാസത്തോടെ അയാൾ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.. "വാവേ.. ഇക്കുവിനോട് ദേഷ്യമുണ്ടോ?" "എന്തിന്..." "ഇത്രയും കാലം തനിച്ചാക്കി പോയതിന്." "ഇല്ല ഇക്കൂ.. എത്ര ദൂരെ പോയാലും ഈ വാവയെയും നമ്മുടെ സ്വർഗ്ഗത്തേയും മറക്കാൻ ഇക്കുവിന് ആകില്ലെന്ന് എനിക്കറിയാം.." അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തുപിടിച്ചു ആ നെറ്റിയിൽ ചുണ്ടമർത്തുമ്പോൾ അയാളുടെ കണ്ണിൽനിന്നു രണ്ടുതുള്ളി അവളുടെ നെറ്റിയിലേക്ക് അടർന്നു വീണു.

"ഇക്കൂ.. ഇങ്ങനെ നിന്നാൽ മതിയോ.." "പിന്നെ എന്തുവേണം.." "ദേ നോക്കിക്കേ... നമ്മുടെ കുളം നിറയെ ആമ്പൽപൂക്കൾ നിറഞ്ഞു നിൽക്കുന്നു." അവളിൽ നിന്നടർന്നു അയാൾ കുളത്തിലേക്ക് നോക്കി. "ശരിയാണ്. നിറയെ ആമ്പലുകൾ വിരിഞ്ഞു നിൽക്കുന്നു." "ഇക്കൂ..." "ന്തേ..." "ഞാനൊരു പൂതി പറഞ്ഞോട്ടെ." ചോദ്യഭാവത്തിൽ അയാൾ അവളുടെ മുഖത്തേക്ക് നോക്കി. "പറയട്ടെ..." "ഉം പറഞ്ഞോ.." "ഇക്കു എനിക്കൊരു ആമ്പൽപ്പൂ പറിച്ചു തരുമോ.. ആ നടുക്കുള്ളത്." അതുകേട്ട് അയാളുടെ മുഖത്ത് ചിരി തെളിഞ്ഞിരുന്നു അവളുടെയും.. "ഈ പെണ്ണിന്റെ ഒരു പൂതി... ഇപ്പോ നല്ല തണുപ്പാണ്. നിനക്ക് നാളെ രാവിലെ വലിച്ചു തരാം." "ഊ... ഹും... പറ്റൂല ഇപ്പോൾ തന്നെ വേണം." "ന്നാ ശെരി വാ..." അവളെയും ചേർത്തുപിടിച്ചു കുളകടവിലേക്ക് അയാൾ നടന്നു. ഇരുണ്ടുകൂടിയ മാനത്തുനിന്നുമപ്പോൾ ചാറ്റൽ മഴ പെയ്തുതുടങ്ങിയിരുന്നു.

English Summary:

Malayalam Short Story ' Swargam ' Written by Sudheer Thottiyan Mulla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com