ADVERTISEMENT

‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചര്‍ച്ചയാകുകയും ചെയ്‍ത സുരേശൻ, സുമലത എന്നീ  കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ രാജീവൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനും അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.  രാജേഷ്‌ മാധവനും ചിത്ര എസ്. നായരുമാണ് ഈ ചിത്രത്തിലും നായികാനായകന്മാരാകുന്നത്. 

കാമുകിക്ക് പ്രണയോപഹാരം കൊടുക്കാനായി പാത്തും പതുങ്ങിയുമെത്തി വീട്ടുകാർ കണ്ടുപിടിക്കുമെന്നായപ്പോൾ ഒളിച്ചോടിയ സുരേശൻ വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയത് അമ്മൂമ്മക്ക് കൊള്ളിവയ്ക്കാനാണ്.  അവിചാരിതമായി പ്രണയിനിയായ സുമലതയുടെ കടക്കണ്ണേറ് സുരേശനെ വീണ്ടും പ്രണയപ്പനിപിടിച്ച ആ പഴയകാലത്തേക്ക് കൊണ്ടുപോവുകയാണ്.  നാടകഭ്രാന്തന്മാരുടെ ആ നാട്ടിലെ മുഴുഭ്രാന്തൻ ആണ് സുമലതയുടെ അച്ഛൻ സുധാകരൻ നാഹർ. സുധാകരനെ വശത്താക്കി സുമലതയെ സ്വന്തമാക്കാൻ സുരേശൻ കണ്ട വഴിയാണ് ഒരു നാടകം സംവിധാനം ചെയ്യുക എന്നുള്ളത്. സുരേശൻ കുഴിച്ച കുഴിയിൽ സുധാകരൻ വീണു. അന്നാട്ടിലെ പ്രശസ്തനായ നാടകകൃത്തിന്റെ കഥ തട്ടിയെടുത്ത് സുരേശൻ ഒരു നാടകം തട്ടിക്കൂട്ടി. സുമലതയുടെ അച്ഛൻ സുധാകരൻ നാടകാഭിനയവുമായി മുന്നേറുമ്പോൾ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയും പൂത്തുലയുകയായിരുന്നു.

സുരേശനായി ഈ ചിത്രത്തിലും രാജേഷ് മാധവൻ നിറഞ്ഞാടുകയാണ്. മൂന്നു കാലഘട്ടങ്ങളിലെ സുരേശന്‍ കാവുങ്കല്‍ എന്ന കഥാപാത്രത്തിന്റെ ലുക്കും മാനറിസവും വളരെ ഭംഗിയായി രാജേഷ് മാധവൻ പകർത്തിയിട്ടുണ്ട്. ചിത്ര നായരുടെ സുമലതയും സുരേശനൊപ്പം മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായി എന്ന ഗാനരംഗത്തിലേത് പോലെ ഇരുവരുടെയും കടക്കണ്ണേറും മുഖം കൊണ്ടുള്ള ഭാവപ്രകടനങ്ങളും നൃത്തരംഗവുമെല്ലാം പ്രേക്ഷകർക്ക് ചിരിക്കാനുള്ള വകയേകി.  എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം സുധീഷ് അവതരിപ്പിച്ച സുധാകരൻ ആണ്.  പ്രായമേറെയുള്ള നാടകക്കാരന്റെ വേഷത്തിൽ സുധീഷ് മിന്നും പ്രകടനം കാഴ്ചവച്ചു. ശരണ്യ ആർ. നായർ, ശരത് രവി, ജിനു ജോസഫ് തുടങ്ങി നിരവധി കഥാപാത്രങ്ങൾ ചിത്രത്തിലെ ഹാസ്യത്തിന് മേമ്പൊടി കൂട്ടി അരങ്ങേറുന്നുണ്ട്. രാജീവനായി ഈ ചിത്രത്തിലും കുഞ്ചാക്കോ ബോബൻ വന്നുപോകുന്നു. 

1960, 1990, 2023 എന്നിങ്ങനെ മൂന്നു മൂന്ന് കാലഘട്ടങ്ങളിലുള്ള സുരേശന്റെയും സുമലതയുടെയും കോളജ് പ്രണയം കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റിലും വർണ്ണഭംഗിയുള്ള നിറഭേദങ്ങളിലുമാണ്. ഓരോ കാലഘട്ടത്തിലും കമിതാക്കൾ അനുഭവിക്കുന്ന വെല്ലുവിളികൾ വ്യത്യസ്തമാണ്. നാടകത്തിന്റെ ബാക്ഗ്രൗണ്ടിൽ ആണ് ചിത്രം സഞ്ചരിക്കുന്നത്. ഗൃഹാതുരതയുണർത്തുന്ന കാലഘട്ട ചിത്രീകരണം ഏറെ മനോഹരമാണ്.  കാസർഗോഡ് ഭാഷയും ഹിന്ദിയും ഇംഗ്ലിഷും ഇടകലർന്ന ഡയലോഗുകൾ ചിരിപടർത്തുന്നുണ്ട്. 

hrudayahariyaya-pranayakadha

കോമഡിയെക്കാളുപരി ചിന്തയിൽ തീപിടിപ്പിക്കുന്ന നിരവധി സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങൾ കഥാപാത്രങ്ങളിലൂടെ രതീഷ് ബാലകൃഷ്ണ പൊതുവാൾ പ്രേക്ഷകർക്ക് മുന്നിലേക്ക്എത്തിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സബിന്‍ ഉരാളുകണ്ടിയാണ്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രേക്ഷകരിലേവരിലും കൗതുകം ജനിപ്പിക്കുന്നതായിരുന്നു ഗാനങ്ങള്‍. ദേവീ, ആയിരം കണ്ണുമായ് തുടങ്ങി പഴയ ചില ഹിറ്റ് സിനിമകളിലെ ഗാനങ്ങൾ ചിത്രത്തിൽ ഉപയോഗിച്ചത് ഗൃഹാതുരതയുണർത്തി. വൈശാഖ് സുഗുണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഡോണ്‍ വിന്‍സന്റ് ആണ്.

മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിൽ സെറ്റ് ചെയ്‌ത ഒരു റോം-കോം ആണ് ചിത്രമെങ്കിലും ജാതി, രാഷ്ട്രീയം, ഭാഷ, സംസ്കാരം തുടങ്ങി സമൂഹത്തിൽ അന്തർലീനമായ നിരവധി അന്ധവിശ്വാസങ്ങൾ ഈ ആക്ഷേപഹാസ്യ ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്. കാലികപ്രാധാന്യമുള്ള വലിയൊരു വിഷയം ചർച്ചചെയ്തെത്തിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ ചുവടുപിടിച്ചെത്തിയ സുരേശന്റെയും സുമലതയുടെയും ഈ പ്രണയകഥ ആദ്യസിനിമയിൽ നിന്ന് ഏറെ വ്യത്യസ്തമായൊരു വിഷയമാണ് നർമത്തിൽ ചാലിച്ച് പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്.

English Summary:

'Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha' Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com