ADVERTISEMENT

ന്യൂഡൽഹി ∙ ‘അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണ്. അടുത്ത ദിവസം വരുമെന്നു പറഞ്ഞാണു വീട്ടിൽനിന്നു പോയത്. പക്ഷേ...’ അന്ത്യയാത്രയിൽ പ്രിയതമൻ പുതച്ച ദേശീയപതാക നെഞ്ചോടു ചേർത്തുപിടിച്ച ഗീതികയുടെ വാക്കുകൾ മുറിഞ്ഞു. ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡറുടെ മൃതശരീരം ബ്രാർ സ്ക്വയർ ശ്മശാനം ഏറ്റുവാങ്ങുമ്പോൾ, തലയെടുപ്പോടെ ഗീതിക നിന്നു; ഒപ്പം മകൾ ആഷ്നയും. ജീവനുതുല്യം സ്നേഹിച്ചയാൾ വിടചൊല്ലുമ്പോൾ, ഗീതിക കണ്ണീർവാർത്തില്ല. എല്ലാം ഉള്ളിലൊതുക്കി അവർ ചങ്കുറപ്പോടെ നിന്നു. 

‘അദ്ദേഹം കരുത്തനായിരുന്നു. സംസ്കാരചടങ്ങിന് ഇത്രയുമധികം ആളുകൾ എത്തിയതു കണ്ടില്ലേ? സ്നേഹസമ്പന്നനായിരുന്നു. അതുകൊണ്ടാണ് ആളുകൾ അദ്ദേഹത്തെ അത്രയുമേറെ ഇഷ്ടപ്പെട്ടത്. അദ്ദേഹം നല്ലൊരു യാത്രയയപ്പ് അർഹിക്കുന്നു. ഇവിടെ ഞാൻ കരയില്ല. ഞാനൊരു സൈനികന്റെ ഭാര്യയാണ്. അതിൽക്കൂടുതൽ എനിക്കൊന്നും പറയാനില്ല.

ദേശീയപതാക നെഞ്ചോടണയ്ക്കുമ്പോൾ അഭിമാനത്തേക്കാളേറെ വേദനയാണ്. ഇനിയുള്ള ജീവിതത്തിൽ ഞാനും മകളും ഒറ്റയ്ക്കു മുന്നോട്ടു പോകണമല്ലോ? ദൈവത്തിന്റെ തീരുമാനം അതാണെങ്കിൽ അങ്ങനെയാവട്ടെ. അദ്ദേഹത്തെ ഇങ്ങനെ തിരിച്ചുകിട്ടാനല്ല ഞങ്ങൾ ആഗ്രഹിച്ചത്. ആ ആഗ്രഹം സാധിച്ചില്ല. എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. അദ്ദേഹം സ്നേഹനിധിയായ അച്ഛനായിരുന്നു. എന്റെ മകൾ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യും’ – ഗീതിക പറഞ്ഞു.

ലിഡ്ഡറുടെ മൃതദേഹം വഹിച്ച പേടകത്തിന്റെ തലയ്ക്കൽ അവർ ചുംബിച്ചു. കയ്യിൽ കരുതിയ റോസാദലങ്ങൾ ആഷ്ന അച്ഛനു മേൽ വിതറി. ധീരസൈനികനു സേന അവസാന സല്യൂട്ട് നൽകി. ഹരിയാന പഞ്ച്കുവ സ്വദേശിയായ ലിഡ്ഡർ 1990ലാണു സേനയിൽ ചേർന്നത്. അച്ഛൻ മേഘ്ന കരസേനയിൽ കേണലായിരുന്നു. ഗീതിക അധ്യാപികയാണ്. 

English Summary: "Must Give Him A Smiling Send-Off": Brigadier LS Lidder's Wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com