ADVERTISEMENT

ബെംഗളൂരു/ന്യൂഡൽഹി ∙ കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ഡി.കെ.ശിവകുമാർ ആഭ്യന്തരം, ജലസേചനം, ഊർജം ഉൾപ്പെടെയുള്ള വകുപ്പുകൾക്കായി ശ്രമിക്കുന്നുണ്ട്. മുൻപ് കൈകാര്യം ചെയ്ത ധനകാര്യം സിദ്ധരാമയ്യ കൈവശം വച്ചേക്കും. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രി പദം ലഭിക്കാത്തതിൽ നിരാശ വേണ്ടെന്നും കർണാടകയിൽ ഭാവിയിലേക്കുള്ള കോൺഗ്രസിന്റെ മുഖം ശിവകുമാർ ആയിരിക്കുമെന്നുമുള്ള ഉറപ്പ് അദ്ദേഹത്തിനു സോണിയ ഗാന്ധി നൽകിയിട്ടുണ്ടെന്നു പാർട്ടി കേന്ദ്രങ്ങൾ പറഞ്ഞു. പരസ്പരം താഴ്ത്തിക്കെട്ടുന്ന പരാമർശങ്ങൾ പാടില്ലെന്നും ഒറ്റക്കെട്ടായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നുമാണ് ഇരുവരോടും ഖർഗെ നിർദേശിച്ചത്. പദവികൾക്കായി അവകാശവാദങ്ങളോ അനുയായികളുടെ ശക്തി പ്രകടനങ്ങളോ ഇന്നലെ ബെംഗളൂരുവിൽ കാര്യമായി ഉണ്ടായിരുന്നില്ല. മന്ത്രിസ്ഥാനം ആഗ്രഹിക്കുന്ന 22 നേതാക്കളെങ്കിലും ഡൽഹിയിലെത്തിയിട്ടുണ്ട്. 

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിശാല പ്രതിപക്ഷ ഐക്യത്തിനു കൂടിയാകും ബെംഗളൂരുവിലെ സത്യപ്രതിജ്ഞാ വേദി സാക്ഷ്യം വഹിക്കുക. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംസ്ഥാന മുഖ്യമന്ത്രിമാരായ എം.കെ.സ്റ്റാലിൻ (തമിഴ്നാട്), നിതീഷ് കുമാർ (ബിഹാർ), ഉപമുഖ്യമന്ത്രി തേജസ്വി യാദവ് (ബിഹാർ), എൻസിപി അധ്യക്ഷൻ ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങിയവർ പങ്കെടുത്തേക്കും. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതിനിധിയെ അയയ്ക്കും. 

English Summary: National opposition leaders to attend Siddaramaiah swearing in as Karnataka chief minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com