ADVERTISEMENT

ഉത്തരാഖണ്ഡിലെ സിൽക്യാര–ദന്തൽഗാവ് തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാൻ തീവ്രശ്രമം തുടരുന്നു. പ്രവർത്തനം നാൾക്കുനാൾ ദുഷ്കരമാവുകയാണെങ്കിലും ദൗത്യസംഘം മുന്നോട്ടുതന്നെയാണ്. മലമുകളിൽ നിന്നു തുരന്നു താഴേക്കിറങ്ങി ഉള്ളിൽ കടക്കാനുള്ള നീക്കത്തിനു പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുമെന്ന ആശങ്കയുമുണ്ട്. ഈ പ്രവർത്തനം ഇന്നലെ രാത്രി വരെ തുടങ്ങിയിട്ടില്ല.

മുകളിൽ നിന്നു 120 മീറ്ററോളം തുരന്നിറങ്ങുമ്പോൾ താഴെ തുരങ്കം ഇടിയാൻ സാധ്യതയുണ്ടെന്നതാണ് അലട്ടുന്ന കാര്യം. എങ്കിലും ഈ പദ്ധതി പൂർണമായി ഉപേക്ഷിച്ചിട്ടില്ല. അത്യാധുനിക ഉപകരണങ്ങളുപയോഗിച്ച് ഇന്ന് ഏതാനും മീറ്ററുകൾ തുരന്ന ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസം വരെ പരീക്ഷിച്ച കുഴൽവഴിയുള്ള രക്ഷാമാർഗം വീണ്ടും സജീവമാക്കാൻ ദൗത്യസംഘം നീക്കം തുടങ്ങി. 

90 സെന്റിമീറ്റർ വ്യാസമുള്ള 10 കുഴലുകൾ ഒന്നിനു പിറകെ ഒന്നായി തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ കയറ്റി തൊഴിലാളികളിലേക്കെത്തിച്ച് അതുവഴി അവരെ പുറത്തെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ അവശിഷ്ടങ്ങൾക്കിടയിലൂടെ കടത്തിവിട്ട കുഴലുകൾ 30 മീറ്റർ സഞ്ചരിച്ചപ്പോൾ വലിയ പാറകളിൽ തട്ടി നിന്നു. യന്ത്രസഹായത്തി‍ൽ പാറപൊട്ടിച്ച് പൈപ്പുകളെ മുന്നോട്ടുനീക്കാനാണ് ഇപ്പോഴത്തെ ശ്രമം. നിലവിൽ അവശിഷ്ടങ്ങൾക്കിടയിലുള്ള കുഴലുകൾക്കു കേടുപറ്റിയതിനാൽ 80 സെന്റിമീറ്റർ വ്യാസമുള്ള പുതിയ കുഴലുകൾ അവയ്ക്കുള്ളിലൂടെ കടത്തിവിടും. 

പാറകൾ പൊട്ടിക്കുന്ന മുറയ്ക്ക് അവ തൊഴിലാളികൾക്കരികിലേക്കു നീക്കും. അവശിഷ്ടങ്ങൾ നീക്കുന്നതിനുള്ള ഡ്രില്ലിങ് ആരംഭിച്ചെന്നും അതിനൊപ്പം കുഴലുകളും സുഗമമായി മുന്നോട്ടു നീങ്ങിയാൽ രണ്ടര ദിവസത്തിനകം തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നു സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

റോബട്ടിന്റെ സഹായവും തേടിയിട്ടുണ്ട്. തുരങ്കത്തിന്റെ മേൽക്കൂരയ്ക്കും അവശിഷ്ടങ്ങൾക്കും ഇടയിലുള്ള നേർത്ത വിടവിലൂടെ ക്യാമറ ഘടിപ്പിച്ച ചെറു റോബട്ടിനെ കടത്തിവിട്ട് അപ്പുറമുള്ള സാഹചര്യങ്ങളും തൊഴിലാളികളുടെ തൽസമയ ദൃശ്യങ്ങളും പരിശോധിക്കാനാണു നീക്കം.

റൊട്ടിയും പരിപ്പ് കറിയും

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് കൂടുതൽ ഭക്ഷണമെത്തിക്കാൻ  6 ഇഞ്ച് വ്യാസമുള്ള ചെറു പൈപ്പ് ഇന്നലെ സജ്ജമാക്കി. ഇതിലൂടെ റൊട്ടി, പരിപ്പ് കറി എന്നിവ പായ്ക്കറ്റിലാക്കി, കുഴലിൽ ശക്തമായി കാറ്റടിപ്പിച്ച് തൊഴിലാളികളിലേക്ക് എത്തിച്ചു. ഇതുവരെ കശുവണ്ടി, ബദാം, ഡ്രൈ ഫ്രൂട്ട്്സ് എന്നിവയാണു നൽകിയത്.

രക്ഷാദൗത്യം 9 ദിവസം പിന്നിട്ടിരിക്കുന്നതിനാൽ തൊഴിലാളികളുടെ ആരോഗ്യനില മോശമായേക്കുമെന്ന ആശങ്കയുണ്ട്. മെഡിക്കൽസംഘം പൈപ്പ് വഴി അവരോടു സംസാരിച്ചു. മരുന്നുകളും വൈറ്റമിൻ ഗുളികകളും എത്തിച്ചു. തൊഴിലാളികളിൽ ആത്മവിശ്വാസം നിലനിർത്താൻ കൗൺസിലർമാർ ഇടയ്ക്കിടെ അവരുമായി സംസാരിക്കുന്നുണ്ട്. 

∙ ‘യുദ്ധകാലാടിസ്ഥാനത്തിലാണു രക്ഷാപ്രവർത്തനം. എന്തുവിലകൊടുത്തും തൊഴിലാളികളെ രക്ഷിക്കും.’ – കേന്ദ്രമന്ത്രി നിതിൻ ഗഡ്കര

English Summary:

Silkyara-Dantalgaon tunnel crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com