ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കളത്തിലേക്കുള്ള സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവിന്റെ വരവു യുപിയിൽ പ്രതിപക്ഷ നിരയ്ക്കു കരുത്തേകുമെന്ന് ഇന്ത്യാസഖ്യം പ്രതീക്ഷിക്കുന്നു. അധികാരം നിലനിർത്താൻ ബിജെപി ഏറ്റവുമധികം പ്രതീക്ഷയർപ്പിക്കുന്ന സംസ്ഥാനത്ത് അവരുടെ സീറ്റ് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കനൗജിൽ സ്ഥാനാർഥിയാകാൻ അവസാനനിമിഷം അഖിലേഷ് തീരുമാനിച്ചത്. 

യാദവ് വോട്ട് ബാങ്ക് ഉന്നമിട്ടുള്ള പതിവു രാഷ്ട്രീയതന്ത്രമല്ല ഇക്കുറി എസ്പി പയറ്റുന്നത്. ആകെ മത്സരിക്കുന്ന 62 സീറ്റിൽ മറ്റു പിന്നാക്ക വിഭാഗങ്ങളിൽ (ഒബിസി) നിന്ന് 30 പേരെയാണ് എസ്പി നിർത്തിയിരിക്കുന്നത്. ഇതിൽ യാദവ് വിഭാഗത്തിൽ നിന്നുള്ളത് 5 പേർ മാത്രം. തങ്ങൾ യാദവ വോട്ടുകൾക്കു പിന്നാലെ പോകുമ്പോൾ, യുപിയിലുടനീളമുള്ള യാദവ ഇതര ഒബിസികളെ ഒപ്പംനിർത്തി നേട്ടംകൊയ്യുന്ന ബിജെപിയുടെ വിജയഫോർമുല പൊളിക്കുകയാണ് ലക്ഷ്യമെന്ന് എസ്പി വൃത്തങ്ങൾ പറഞ്ഞു. സ്ഥാനാർഥികളുടെ എണ്ണം കുറച്ചതുവഴി യാദവ വിഭാഗത്തിനുണ്ടായേക്കാവുന്ന പരിഭവം ഒഴിവാക്കാനാണ് അഖിലേഷ് തന്നെ മത്സരത്തിനിറങ്ങിയത്. 

യുപിയിൽ ബിജെപിയെ വീഴ്ത്താനുള്ള ഏക വഴി ഒബിസികളിലൂടെയാണെന്ന തിരിച്ചറിവിലാണ് ആ വിഭാഗത്തെ മുഴുവനായി ഒപ്പംനിർത്താനുള്ള നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു ലഭിച്ച ഒബിസി വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ സാധിച്ചാൽ പല സീറ്റുകളിലും മത്സരം കടുക്കുമെന്നാണു കണക്കുകൂട്ടൽ. 

14 ഉം സംവരണ മണ്ഡലങ്ങളിലാണു മത്സരിക്കുന്നതെങ്കിലും 16 ദലിത് സ്ഥാനാർഥികളെയാണ് എസ്പി കളത്തിലിറക്കിയിരിക്കുന്നത്. മായാവതിയുടെ ബിഎസ്പി ദുർബലമായതോടെ, ദലിത് വോട്ടുകൾ പിടിക്കുകയാണു ലക്ഷ്യം. 

ഒബിസിക്കു പുറമേ ദലിത് – മുസ്‌ലിം വോട്ടുകൾ ലക്ഷ്യമിട്ടാണ് എസ്പി രംഗത്തുള്ളതെങ്കിലും മുസ്‌ലിം വിഭാഗത്തിൽ നിന്ന് 4 പേരെ മാത്രമാണ് അവർ സ്ഥാനാർഥിയാക്കിയത്. യുപിയിലൂടെ ഭാരത് ജോഡോ യാത്ര നടത്തിയ രാഹുൽ ഗാന്ധിക്കു മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ വൻ സ്വീകരണം ലഭിച്ചതിനു പിന്നാലെയാണ് കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ എസ്പി തീരുമാനിച്ചത്. ആ സഖ്യത്തിനുള്ളിൽ മുസ്‌ലിം വോട്ടുകൾ ഭദ്രമാണെന്ന് അഖിലേഷ് കണക്കുകൂട്ടുന്നു. 

English Summary:

Akhilesh Yadav also contesting loksabha elections 2024; Attempt to break into BJP vote bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com