ADVERTISEMENT

ബെംഗളൂരു ∙ കർണാടകയിലെ ജനതാദൾ (എസ്) എംപിയും ലോക്സഭാ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടെ പീഡനത്തിനിരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. രേവണ്ണയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ ബെംഗളൂരു പത്മനാഭനഗറിലെ വീട്ടിൽനിന്നായിരുന്നു അറസ്റ്റ്. സ്ത്രീയെ രേവണ്ണയുടെ അനുയായി രാജശേഖറിന്റെ ഹുൻസൂരിലെ ഫാംഹൗസിൽനിന്നു മോചിപ്പിച്ചു. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ രേവണ്ണ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. 

പ്രജ്വൽ ഉൾപ്പെട്ട അശ്ലീല വിഡിയോകളിലുള്ള സ്ത്രീയെ രേവണ്ണയുടെ നിർദേശപ്രകാരം സഹായി സതീഷ് ബാബണ്ണ ഏപ്രിൽ 29നു വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയെന്ന് അവരുടെ മകൻ പരാതി നൽകിയിരുന്നു. രേവണ്ണയുടെ ഹാസൻ‌ ഹൊളെനരസിപുരയിലെ ഫാംഹൗസിൽ 6 വർഷത്തോളം ഇവർ ജോലി ചെയ്തിരുന്നു. അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ വീട്ടിലെത്തിയ സതീഷ്, രേവണ്ണയുടെ ഭാര്യ ഭവാനി അന്വേഷിക്കുന്നുവെന്നു പറഞ്ഞാണ് ഇവരെ കൂട്ടിക്കൊണ്ടുപോയത്. സതീഷിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 

ഭാര്യയുടെ ബന്ധു കൂടിയായ മറ്റൊരു വീട്ടുജോലിക്കാരി നൽകിയ പീഡനപരാതിയിലും രേവണ്ണയ്ക്കെതിരെ കേസുണ്ട്. രേവണ്ണ ഇവരെ പീഡിപ്പിച്ചതായും പ്രജ്വൽ ഇവരുടെ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നുമാണ് കേസ്. അനിയൻ എച്ച്.ഡി.കുമാരസ്വാമിയുടെ മന്ത്രിസഭയിൽ രണ്ടുതവണ മന്ത്രിയായിരുന്ന രേവണ്ണ 66) നിലവിൽ ഹോളെനരസിപുര എംഎൽഎയാണ്. മുൻപ് ജനതാദൾ (എസ്) നിയമസഭാകക്ഷി നേതാവുമായിരുന്നു. കേസിൽ മൊഴി നൽകാൻ ഭാര്യ ഭവാനിക്കും നോട്ടിസ് നൽകിയിട്ടുണ്ട്. 

പ്രജ്വലിനായി ഇന്റർപോളിന്റെ സഹായം തേടും

ജർമനിയിലേക്കു കടന്ന പ്രജ്വലിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടാൻ കർണാടക സർക്കാർ സിബിഐയോട് അഭ്യർഥിച്ചു. പരാതിക്കാരിക്കൊപ്പം പ്രജ്വലിന്റെ ഹൊളെനരസിപുരയിലെ വീട്ടിലെത്തി ഉദ്യോഗസ്ഥർ തെളിവെടുത്തു. ഹാസൻ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായ പ്രജ്വൽ വോട്ടെടുപ്പ് നടന്ന 26നു വൈകിട്ട് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് രാജ്യം വിടുകയായിരുന്നു.

English Summary:

HD Revanna arrested in survivor kidnap case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com