ADVERTISEMENT

റാഞ്ചി ∙ ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രി ആലംഗീർ ആലമിന്റെ പഴ്സനൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ ഫ്ലാറ്റിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെടുത്തത് 32 കോടി രൂപ. 2 ദിവസമെടുത്ത് നോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം സഞ്ജീവ് ലാലിനെയും (52) സഹായി ജഹാംഗീർ ആലമിനെയും (42) അറസ്റ്റ് ചെയ്തു.

ഗ്രാമവികസനവകുപ്പിലെ കരാർ അഴിമതികളുമായി ബന്ധപ്പെട്ട അന്വേഷണമാണു മന്ത്രിയുടെ സെക്രട്ടറിയിലേക്ക് എത്തിയത്. ഫ്ലാറ്റിലെ 2 മുറികളിലായി ഒളിപ്പിച്ചു വച്ചിരുന്ന 500 രൂപ നോട്ടുകെട്ടുകളാണ് എണ്ണിത്തിട്ടപ്പെടുത്തിയത്. ഗാഡിഖാന ചൗക്കിലെ മറ്റൊരു ഫ്ലാറ്റിൽ നിന്നു 3 കോടി രൂപയും കണ്ടെടുത്തു. 

നോട്ടുമല... ജാർഖണ്ഡിലെ കോൺഗ്രസ് മന്ത്രിസഭാംഗം ആലംഗീർ ആലത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടിൽ നിന്ന് ഇ.ഡി റെയ്ഡിൽ പിടികൂടിയ നോട്ടുകെട്ടുകൾ.
നോട്ടുമല... ജാർഖണ്ഡിലെ കോൺഗ്രസ് മന്ത്രിസഭാംഗം ആലംഗീർ ആലത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടിൽ നിന്ന് ഇ.ഡി റെയ്ഡിൽ പിടികൂടിയ നോട്ടുകെട്ടുകൾ.

കോൺഗ്രസ് മന്ത്രിസഭാംഗത്തിന്റെ സെക്രട്ടറിയുടെ വീട്ടിൽ നിന്നു കുന്നോളം പണം പിടിച്ചെടുത്തെന്നും മന്ത്രിക്ക് കോൺഗ്രസിനെ നയിക്കുന്ന കുടുംബവുമായി അടുത്തബന്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രയിലെയും ഒഡീഷയിലെയും പ്രചാരണറാലികളിൽ ആരോപിച്ചു. ബിജെപി ഇതര പാർട്ടികളുടെ നേതാക്കളെ വേട്ടയാടാൻ മാത്രമാണ് ഇ.ഡിയെ കേന്ദ്രം ഉപയോഗിക്കുന്നതെന്നു പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു. 

ഗ്രാമവികസന വകുപ്പിലെ കരാറുകാരിൽ നിന്ന് വൻതോതിൽ കൈക്കൂലി വാങ്ങുന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു 2023 മേയിൽ റാഞ്ചി യൂണിറ്റ് ഇ.ഡി ജാർഖണ്ഡ് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തും ഫ്ലാറ്റിൽ നിന്നു ലഭിച്ചു. അനധികൃത ഇടപാടുകൾക്കായി എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും മന്ത്രി ആലത്തിന് അയച്ച കത്തുകളും പിടിച്ചെടുത്തു. ഇവരിലേക്കും അന്വേഷണം നീളുമെന്ന് ഇ.ഡി സൂചിപ്പിച്ചു. 

കൈക്കൂലിക്കേസിൽ കഴിഞ്ഞവർഷം അറസ്റ്റിലായ മുൻ ചീഫ് എൻജിനീയർ വീരേന്ദ്രകുമാർ റാമിന്റെ ഇടപാടുകൾ സംബന്ധിച്ച അന്വേഷണമാണ് മന്ത്രിയിലേക്ക് എത്തിയത്. റാമിന്റെ 39 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. 

English Summary:

32 crore of black money seized in Jharkhand; Minister Alamgir Alam's secretary and assistant arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com