ADVERTISEMENT

തിരുവല്ല ∙ ചിരിയുടെ വസന്തകാലം സമ്മാനിച്ച വലിയ ഇടയനു കണ്ണീർപൂക്കളാൽ അന്ത്യാഞ്ജലിയർപ്പിച്ച് മലയാളക്കര. മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്ത, കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് ആയിരങ്ങളുടെ യാത്രാമൊഴി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അണമുറിയാതെ ഒഴുകിയെത്തിയവരും തത്സമയ സംപ്രേഷണം വീക്ഷിച്ച പതിനായിരങ്ങളും വലിയ മെത്രാപ്പൊലീത്തയ്ക്ക് വേദനയോടെ അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ പുലർച്ചെ 1.15ന് ആയിരുന്നു 103–ാം വയസ്സിൽ മെത്രാപ്പൊലീത്ത കാലം ചെയ്തത്.

മാർത്തോമ്മാ സഭയുടെ ആസ്ഥാനമായ തിരുവല്ല എസ്‌സിഎസ് കുന്നിൽ ബിഷപ്പുമാരെ കബറടക്കുന്ന പ്രത്യേക സ്ഥലത്ത് ഇന്ന് വൈകുന്നേരം മാർ ക്രിസോസ്റ്റത്തെ സംസ്കരിക്കും. കബറടക്ക ശുശ്രൂഷകൾ ഉച്ച കഴിഞ്ഞ് മൂന്നിന് അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിൽ ആരംഭിക്കും. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ്‍ മാർത്തോമ്മാ മെത്രാപ്പൊലീത്ത നേതൃത്വം നൽകും. സംസ്കാരവുമായി ബന്ധപ്പെട്ട 2 ശുശ്രൂഷകൾ പൂർത്തിയായി. മൂന്നാംഭാഗ ശുശ്രൂഷ ഇന്ന് രാവിലെ 8ന് തുടങ്ങും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ശുശ്രൂഷകൾ. കബറടക്കത്തിന്റെ ഭാഗമായുള്ള നഗരി കാണിക്കൽ ആളുകളെ കുറച്ച് ചടങ്ങു മാത്രമായി നടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർമാരായ ആരിഫ് മുഹമ്മദ് ഖാൻ, പി.എസ്.ശ്രീധരൻ പിള്ള, രാഹുൽ ഗാന്ധി എംപി എന്നിവർ ഉൾപ്പടെ രാജ്യത്തിന്റെ വിവിധ തുറകളിൽനിന്ന് മാർത്തോമ്മാ സഭാ ആസ്ഥാനത്തേക്ക് അനുശോചന പ്രവാഹമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് തിരുവല്ലയിലെത്തി മാർ ക്രിസോസ്റ്റത്തിന് അന്തിമോപചാരം അർപ്പിക്കും.

കല്ലൂപ്പാറ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ.ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും രണ്ടാമത്തെ മകനായി 1918 ഏപ്രിൽ 27ന് ആയിരുന്നു മാർ ക്രിസോസ്റ്റത്തിന്റെ ജനനം. 1940ൽ കർണാടകയിൽ മിഷനറി പ്രവർത്തനം തുടങ്ങി. ആലുവ യുസിയിൽ നിന്നു ബിരുദം നേടിയ ശേഷം ബെംഗളൂരു യുടി സെമിനാരിയിൽ പരിശീലനത്തിനു ശേഷം 1944ൽ വൈദികനായി. ആദ്യ പ്രവർത്തനം ബെംഗളൂരു ഇടവകയിൽ. 1953 മേയ് 20ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന പേരിൽ എപ്പിസ്കോപ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 1999 ഒക്ടോബർ 23ന് മാർത്തോമ്മാ സഭയുടെ അധ്യക്ഷനായി. 2007ൽ സ്ഥാനം ഒഴിഞ്ഞു.തുടർന്ന് വിശ്രമജീവതത്തിലായിരുന്നു.

സഹോദരങ്ങൾ: മേരി (സൂസി), പരേതരായ ഈപ്പൻ സാമുവൽ ഉമ്മൻ (ജോണി), ഡോ. ജേക്കബ് ഉമ്മൻ (തമ്പി), തങ്കമ്മ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com