ADVERTISEMENT

കൊച്ചി ∙ എന്തായിരുന്നു തൃക്കാക്കരപ്പോരിൽ യുഡിഎഫിന്റെ വജ്രായുധം ? സ്ഥാനാർഥി ഉമ തോമസിന്റെ ജനകീയ ശൈലി തന്നെ ! സൗമ്യവും സ്വാഭാവികവും ഊഷ്മളവുമായാണ് ഉമ വോട്ടർമാരോട് ഇടപെട്ടത്. ബോൺ ജെനുവിൻ- പ്രചാരണത്തിന്റെ ആദ്യ നാളുകളിലൊന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉമ തോമസിനെപ്പറ്റി പറഞ്ഞതിങ്ങനെ.

വിദ്യാർഥി കാലഘട്ടം മുതൽ ഉമയെ അടുത്തറിയാവുന്ന സതീശൻ പറഞ്ഞതു വെറുതെയല്ലെന്നു തൃക്കാക്കരയിലെ വോട്ടർമാരും തിരിച്ചറിഞ്ഞു എന്നതിനു തെളിവാണ് ഉമ നേടിയ റെക്കോർഡ് ഭൂരിപക്ഷം. സ്ഥാനാർഥിക്കു ലഭിച്ച വൻ സ്വീകാര്യത യുഡിഎഫിന് ആദ്യദിനം മുതൽ നൽകിയതു തികഞ്ഞ ആത്മവിശ്വാസം. മൂർച്ചയേറിയ രാഷ്ട്രീയ ആയുധങ്ങൾ കൂടി ചേർത്തതോടെ അവരുടെ പ്രചാരണപ്പുര സമ്പന്നമായി.

ഉമയുടെ പ്രചാരണശൈലി എല്ലാ വിഭാഗം വോട്ടർമാരെയും സ്വാധീനിച്ചു. തൃക്കാക്കരയുടെ നഗരവഴികളിൽ ഉമ തോമസ് നിറഞ്ഞതു രാഷ്ട്രീയം പറഞ്ഞായിരുന്നില്ല. മറിച്ച്, സൗഹൃദവും സൗമ്യതയും പങ്കിട്ടാണ്. അനായാസമാണ് അവർ ഓരോ വോട്ടറെയും ചേർത്തു നിർത്തിയത്. പല തലമുറകളിലെ വോട്ടർമാരെ അവർ നിറചിരിയോടെ അഭിമുഖീകരിച്ചു. ആരോടും സങ്കീർണമായ ഒന്നും പറഞ്ഞില്ല. ഒരു കുടുംബാംഗത്തെപ്പോലെയാണ് ഉമ വോട്ടർമാർക്കു മുന്നിലെത്തിയത്. വിശേഷങ്ങൾ തിരക്കി, പിന്തുണ തേടി വീടുവീടാന്തരം കയറിയിറങ്ങിയ അവർ‍ എതിരാളികളെപ്പോലും വിമർശിച്ചില്ല. 

സൗമ്യത വിട്ട് ഒരു വാക്കു പോലും പറഞ്ഞില്ല, പലപ്പോഴും വോട്ടു ചെയ്യണമെന്നു പോലും പറഞ്ഞില്ല ! എന്നെ ഓർക്കണേ, മറക്കല്ലേ, കൂടെ നിൽക്കണേ.... എന്നൊക്കെയായിരുന്നു ഉമയുടെ അഭ്യർഥന. സഭയുടെ സ്ഥാനാർഥിയാണ് ഡോ.ജോ എന്ന് പ്രചാരണമുണ്ടായപ്പോഴും ഉമ പ്രതികരിച്ചില്ല. ഇടതു സ്ഥാനാർഥിയാരെന്നു തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ടെന്ന നിലപാടായിരുന്നു ഉമയ്ക്ക്. ഇടതു സ്ഥാനാർഥിയുടേതെന്നു പറഞ്ഞ് ഒരു വിഡിയോ പ്രചരിച്ചപ്പോൾ അതു ശരിയല്ലെന്നും സ്ഥാനാർഥിക്കും കുടുംബമുണ്ടെന്നും യുഡിഎഫ് നിരയിൽ ആദ്യം പ്രതികരിച്ചതും ഉമ തന്നെ. പി.ടി.തോമസിനെക്കുറിച്ചു പറയുമ്പോൾ മാത്രം ഉമയുടെ ചിരിയിൽ വിഷാദം പടരും. ഓർമകൾ മുന്നിലേക്കു കയറുമ്പോൾ ഉമ സ്വയം ഒതുങ്ങി നിൽക്കും.

ആസ്റ്റർ മെഡ്സിറ്റി ഫിനാൻസ് വിഭാഗത്തിൽ അസി.മാനേജരായിരിക്കെയാണ് ഉമ (56) സ്ഥാനാർഥിയായത്. 1984ൽ ഉമ മഹാരാജാസ് കോളജ് യൂണിയൻ വൈസ് ചെയർപഴ്സനായി. 1987 ജൂലൈ 9ന് ആയിരുന്നു വിവാഹം. 2 മക്കളാണു പി.ടി – ഉമ ദമ്പതികൾക്ക്. ഡോ.വിഷ്ണു (അസി.പ്രഫസർ, അൽ അസ്ഹർ ഡന്റൽ കോളജ്, തൊടുപുഴ), വിവേക് (നിയമ വിദ്യാർ‍ഥി, ഗവ.ലോ കോളജ്, തൃശൂർ). മരുമകൾ: ഡോ.ബിന്ദു തമ്പാൻ (മഴുവഞ്ചേരി സ്പെഷൽറ്റി ഡന്റൽ ക്ലിനിക്, ആലുവ). 

Content Highlight: Thrikkakara by-election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com