ADVERTISEMENT

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനെതിരെ നൽകുന്ന കേസിനായി ഏതറ്റംവരെയും നിയമപോരാട്ടം നടത്തുമെന്ന് ഡ്രൈവർ എൽ.എച്ച്.യദു. മേയറാണെന്നുള്ള ഇഗോയാണ് ആര്യ രാജേന്ദ്രൻ കാണിച്ചത്. മേയർ പറഞ്ഞതെല്ലാം തെറ്റാണെന്നും തെളിഞ്ഞു കഴിഞ്ഞതായും യദു മാധ്യമങ്ങളോട് പറഞ്ഞു. 

തനിക്കെതിരെ 2017ൽ കേസുണ്ടെങ്കിൽ കോടതി രേഖകൾ നോക്കി അക്കാര്യം മനസിലാക്കാമെന്ന് യദു പറഞ്ഞു. കേസ് ഉണ്ടെങ്കിൽ സർക്കാർ സ്ഥാപനത്തിൽ ജോലിക്ക് എടുക്കില്ല. അന്നത്തെ കേസിൽ കോടതി വെറുതേ വിട്ടിരുന്നു. ഒരു വനിതയുടെ പരാതിയിലാണ് കേസെടുത്തത്. അവരുടെ ഭാഗത്തുണ്ടായ തെറ്റിദ്ധാരണയാണെന്ന് വിചാരണഘട്ടത്തിൽ കോടതിയിൽ പരാതിക്കാരി സമ്മതിച്ചിരുന്നു. ആ കേസാണ് ഇപ്പോള്‍ പാർട്ടിക്കാർ കുത്തിപൊക്കുന്നത്. ആ കേസും രാഷ്ട്രീയപരമായ കേസാണ്. തനിക്ക് പാർട്ടി ഉണ്ടായിരുന്നെങ്കിൽ ഇടപെടുമായിരുന്നു. പാർട്ടി ഇല്ലാത്തതിനാൽ തന്റെ ഭാഗം സംസാരിക്കാൻ അന്നും ആളില്ലായിരുന്നു. നിയമ മാർഗത്തിലൂടെയാണ് അന്നും രക്ഷപ്പെട്ടതെന്നും യദു പറഞ്ഞു. 

ഗതാഗതവകുപ്പിൽനിന്ന് നിർദേശങ്ങൾ ലഭിച്ചിട്ടില്ല. അന്വേഷണം നടക്കുന്നതിനാൽ അതു കഴിഞ്ഞിട്ട് ഡ്യൂട്ടിക്ക് കയറിയാൽ മതിയെന്നു ഡിപ്പോയിൽനിന്ന് പറഞ്ഞു. മേയർക്കെതിരെ ഗതാഗത മന്ത്രിക്കും സിഎംഡിക്കും ഇന്ന് പരാതി നൽകും. മേയർക്കെതിരെ പരാതി കൊടുത്തെങ്കിലും കണ്ടാൽ അറിയാവുന്ന രണ്ടുപേർക്കെതിരെ കേസെടുത്തു എന്നാണ് പൊലീസ് തന്ന റസീപ്റ്റിൽ പറയുന്നത്. മേയർ പരാതി കൊടുക്കുന്നതിനു മുൻപാണ് താൻ പരാതി കൊടുത്തത്. അത് പൂഴ്ത്തി വച്ചു. പരാതിയിൽ മേയറുടെ പേര് പറഞ്ഞിട്ടില്ല. 5 പേരുണ്ടെന്നാണ് പരാതിയിൽ പറഞ്ഞത്. പരാതി നൽകിയെങ്കിലും പൊലീസ് റസീപ്റ്റ് തന്നില്ല. പിറ്റേദിവസം രാവിലെ പത്തരവരെ സ്റ്റേഷനിൽ പിടിച്ചിരുത്തി. അതിനുശേഷം പിന്നെയും വൈകിയാണ് റസീപ്റ്റ് ലഭിച്ചത്. ഡ്രൈവർമാരെ ബുദ്ധിമുട്ടിക്കുമ്പോൾ ഡ്രൈവറായ താൻ പ്രതികരിക്കണം. പാർട്ടിയെന്ന നിലയിലല്ല, ഡ്രൈവറെന്ന നിലയിൽ എല്ലാവരും പിന്തുണയ്ക്കുന്നുണ്ട്. കോഴിക്കോടുനിന്നുപോലും ആളുകൾ വിളിക്കുന്നുണ്ടെന്നും യദു പറഞ്ഞു. 

English Summary:

KSRTC driver Yadhu against Mayor Arya Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com