ADVERTISEMENT

ന്യൂഡൽഹി ∙ ഖലിസ്ഥാൻ വിഷയത്തിൽ വീണ്ടും കാനഡയെ വിമർശിച്ച് ഇന്ത്യ. കനേഡിയൻ നഗരത്തിൽ ഇന്ത്യൻ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ച് ഖലിസ്ഥാൻകാർ ഭീഷണി ഉയർത്തിയതിനു പിന്നാലെയാണ് രൂക്ഷ വിമർശനം. നിയമ സംവിധാനങ്ങളെ ബഹുമാനിക്കുന്ന രാജ്യങ്ങൾ ഒരിക്കലും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഭീകര ഘടകങ്ങളുടെ ഇടപെടൽ അനുവദിക്കില്ലെന്ന് ഇന്ത്യ അറിയിച്ചു. 

ഒന്റാറിയോയിലെ ഗുരുദ്വാര കമ്മിറ്റി നടത്തിയ പരേഡിൽ വിഘടനവാദ മുദ്രാവാക്യങ്ങളും പ്ലോട്ടുകളും ഉയർത്തിയതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മുദ്രാവാക്യം മുഴക്കി. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത പരിപാടിയിൽ ഖലിസ്ഥാൻ മുദ്രാവാക്യം ഉയർത്തിയതിന് കാനഡയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ സംഭവം.

കാനഡയിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സുരക്ഷാ കാര്യത്തിൽ ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ‘‘അക്രമത്തെ ആഘോഷിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്നത് ഒരിക്കലും സാംസ്കാരിക സമൂഹത്തിന് ചേർന്നതല്ല. നിയമത്തെ അനുസരിക്കുന്ന ജനാധിപത്യ രാജ്യങ്ങൾ ഒരിക്കലും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഭീകര ഘടകങ്ങളുടെ ഇടപെടൽ അനുവദിക്കില്ല’’– കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 

ക്രിമിനലുകൾക്കും വിഘടനവാദികൾക്കും സുരക്ഷിത താവളവും രാഷ്ട്രീയ ഇടവും ഒരുക്കുന്നത് കാനഡ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ‘‘ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ വിഘടനവാദ ശക്തികൾ അക്രമസ്വഭാവമുള്ള കാര്യങ്ങൾ പടച്ചുവിടുന്നതിനെതിൽ ഞങ്ങൾ നേരത്തേതന്നെ ശക്തമായ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നിട്ടും കഴിഞ്ഞ വർഷം ഞങ്ങളുടെ മുൻ പ്രധാനമന്ത്രിയുടെ വധം സംബന്ധിച്ച ചിത്രം ഒരു ഘോഷയാത്രയിൽ പ്രദർശിപ്പിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പോസ്റ്ററുകളും മറ്റും കാനഡയിലെ പല ഭാഗങ്ങളിൽ പ്രദർശിപ്പിക്കുകയും അവർക്കെതിരെ ഭീഷണി ഉയർത്തുകയും ചെയ്യുന്നു’’– പ്രസ്താവനയിൽ ഇന്ത്യ ചൂണ്ടിക്കാട്ടി.

ഞായറാഴ്ച കാനഡയിലെ മാൾട്ടനിൽ നടന്ന റാലിയിൽ ഇന്ത്യൻ അധികൃതർക്കും പ്രധാനമന്ത്രിക്കും എതിരെ ഭീകര സ്വഭാവമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു. ദൽ ഖൽസയുടെ പരംജിത്ത് മന്ദ്, ഇന്ത്യ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയ  അവതാർ സിങ് പന്നു എന്നിവരാണ് വിദ്വേഷ പരാമർശങ്ങൾക്കു പിന്നിലെന്നാണ് റിപ്പോർട്ട്. ഇവർ റാലിയിൽ ഉയർത്തിയ പ്ലോട്ടുകളിൽ ഒന്നിൽ ഖലിസ്ഥാന്റെ ഭൂപടവും ഉണ്ടായിരുന്നു. 

English Summary:

"Glorification Of Violence...": India Slams Canada Over Khalistani Floats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com