ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിനു തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാവും ഉണ്ടാവുകയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിനു ജനങ്ങൾ വോട്ട് ചെയ്തുവെന്നു സംസ്ഥാന നേതൃയോഗം വിലയിരുത്തി. ഇരു മുന്നണികളെയും തള്ളി മോദിയുടെ ഗ്യാരന്റി ജനം ഏറ്റെടുത്തെന്നു സുരേന്ദ്രൻ പറഞ്ഞു. 

കേന്ദ്ര സർക്കാരിനും മോദിക്കുമെതിരായ കുപ്രചാരണം ജനം തള്ളി. ജയസാധ്യതയുള്ള ബിജെപി സ്ഥാനാർഥികൾക്കെതിരായ വ്യക്തിഹത്യയ്ക്കു പിന്നിൽ കോൺഗ്രസ് നേതാക്കളാണ്. ബിജെപിക്കു മേൽക്കൈയുള്ള രാഷ്ട്രീയം സംസ്ഥാനത്തു രൂപപ്പെട്ടു. ഫലം വരുന്നതോടെ കോൺഗ്രസിന് അടിതെറ്റുമെന്നും സുരേന്ദ്രൻ പറഞ്ഞു. 

സിപിഎം സർക്കാരിനെതിരായ ജനവികാരം ശക്തമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങോട്ടാണ് പോയതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കോ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോ അറിയുമോ? ആരാണു മുഖ്യമന്ത്രിയെ സ്പോൺസർ ചെയ്യുന്നതെന്നു ജനങ്ങൾക്ക് അറിയണം. വടകര ഉൾപ്പെടെയുള്ള പല മണ്ഡലങ്ങളിലും കോൺഗ്രസും സിപിഎമ്മും വർഗീയ പ്രചാരണമാണ‌ു നടത്തിയതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ദക്ഷിണേന്ത്യയിൽ ബിജെപി ഏറ്റവും വലുതും എല്ലാ സ്ഥലത്തും പ്രാതിനിധ്യവുമുള്ള രാഷ്ട്രീയ പാർട്ടിയാകുമെന്നു സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ പറഞ്ഞു. 400 സീറ്റ് നേടി മൂന്നാം തവണയും മോദി രാജ്യം ഭരിക്കും. കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണു നടന്നത്. മൂന്നാമത്തെ ശക്തിയായി എൻഡിഎ കേരളത്തിൽ മാറിയെന്നും അദ്ദേഹം പറഞ്ഞു. എ.പി.അബ്ദുല്ലക്കുട്ടി, കുമ്മനം രാജശേഖരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

English Summary:

K Surendran against LDF and UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com