ADVERTISEMENT

ഹരിപ്പാട് ∙ 12 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ നിയമക്കുരുക്കൾ മറികടന്ന് സൗദി അറേബ്യയിൽനിന്ന് നാട്ടിലേക്ക് വരാനിരിക്കെ മരിച്ച ഹരിപ്പാട് സ്വദേശി ഷിജുവിന്റെ (49) മൃതദേഹം സംസ്കരിച്ചു. സൗദിയിൽ അന്തരിച്ച പള്ളിപ്പാട് പുല്ലമ്പട തയ്യിൽ വീട്ടിൽ പരേതനായ കൊച്ചു കുഞ്ഞിന്റെ മകൻ ഷിജുവിന്റെ (49) സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് നടന്നത്. 12 വർഷമായി നിയമക്കുരുക്കിൽപ്പെട്ട് സൗദിയിൽ കുടുങ്ങിയ ഷിജുവിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിയപ്പോൾ ബന്ധുക്കളുടെ സങ്കടം ഹൃദയഭേദകമായിരുന്നു. 

ഷിജുവിന്റെ വേർപാട് പള്ളിപ്പാട് ഗ്രാമത്തെയും കണ്ണീരിലാഴ്ത്തി. സൗദിയിലെ ജുബൈലിൽ കഴിഞ്ഞ അഞ്ചിനാണു ഷിജു മരിച്ചത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ജുബൈലിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മുതദേഹം വെള്ളിയാഴ്ചയാണു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. പള്ളിപ്പാട് സെന്റ് തോമസ് ഓർത്തഡോക്സ് കാതലിക്കേറ്റ് സിംഹാസന പള്ളിയിലായിരുന്നു സംസ്കാരം. 

മകൾ ഹെലന് രണ്ടര വയസ്സുള്ളപ്പോഴാണു ജോലി തേടി ഷിജു സൗദിയിലേക്കു പോയത്. സൗജന്യ വീസയിലായിരുന്നു യാത്ര. വിവിധ കമ്പനികളിൽ ജോലി ചെയ്തെങ്കിലും വർക്ക് പെർമിറ്റ് (ഇക്കാമ) ലഭിക്കാത്തതിനാൽ നാട്ടിലേക്കു വരാൻ കഴിഞ്ഞില്ല. നീണ്ട 12 വർഷമായി നാടണയാനുള്ള പരിശ്രമം ഫലം കണ്ടു തുടങ്ങിയ ഘട്ടത്തിലാണ് മരണം. ഷിജുവിന്റെ വരവു പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ഭാര്യ ബിൻസിക്കും മകൾ ഹെലനും താങ്ങാനാവാത്ത സങ്കടമാണ് ഈ വേർപാട് നൽകിയത്. പിതാവിനെ ജീവനോടെ ഒരു നോക്കുകാണാൻ കഴിയാതെ പോയതിന്റെ സങ്കടക്കടലിലായിരുന്നു ഹെലൻ.

സൗദി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ ശ്രമഫലമായാണു മൃതദേഹം വേഗം നാട്ടിലെത്തിക്കാനായത്. മൃതദേഹം വിട്ടുകിട്ടുന്നതിനു നാട്ടിൽ നിന്നുള്ള രേഖകൾ ജമാഅത്തെ ഇസ്‌ലാമി ഹരിപ്പാട് ഏരിയ പ്രസിഡന്റ് അബ്ദുൽ റസാഖ് വഴിയാണ് സലിമിനു കൈമാറിയത്.

English Summary:

Shiju from Haripad Finally Cremated After 12-Year Long Repatriation Ordeal from Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com