ADVERTISEMENT

ഗാസ ∙ ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലായ തെക്കൻ ഗാസയിലെ റഫയിൽനിന്ന് പലസ്തീൻകാർ കൂട്ടപ്പലായനം തുടങ്ങി. റഫയിലെ അതിർത്തി കവാടം ഇസ്രയേൽ അടച്ചതോടെ എല്ലാ പ്രതീക്ഷയും മങ്ങി, അഭയം എവിടെയെന്നറിയാതെയാണ് ജനം വീണ്ടും അലച്ചിൽ തുടങ്ങിയത്. തെക്കുനിന്ന് മധ്യഗാസയിലേക്കാണ് ഇപ്പോൾ കൂട്ടപ്പലായനം.

നേരത്തേ, ഗാസയുടെ വടക്കൻ, മധ്യ മേഖലകളിൽ യുദ്ധം രൂക്ഷമായപ്പോൾ ജനം ജീവനുംകൊണ്ടോടിയത് തെക്കൻ പട്ടണമായ റഫയിലേക്കായിരുന്നു. അവസാന ആശ്രയമായിരുന്ന റഫയിൽനിന്നും തുരത്തപ്പെട്ട് ആയിരക്കണക്കിനു പലസ്തീൻകാർ മധ്യഗാസയിലെ ദെയ്ർ അൽബലയിലെത്തി താൽക്കാലിക കൂടാരങ്ങൾ കെട്ടിത്തുടങ്ങി. 

കിഴക്കൻ റഫയിൽ ഇസ്രയേൽ സേനയുമായി കനത്ത പോരാട്ടം നടക്കുകയാണെന്ന് ഹമാസ് അറിയിച്ചു. ഹമാസിന്റെ റോക്കറ്റാക്രമണം ഉണ്ടായ കെരെം ശലോം അതിർത്തി കവാടം തുറന്നതായി ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും അതുവഴി ഗാസയിലേക്കുള്ള സഹായവിതരണം അനുവദിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു. 

ഇതിനിടെ, ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയിൽ വീണ്ടുമൊരു കൂട്ടക്കുഴിമാടം കൂടി കണ്ടെത്തി. 49 മൃതദേഹങ്ങളാണ് ഇവിടെനിന്നു കിട്ടിയത്. കയ്റോയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലെങ്കിലും ഇസ്രയേൽ സംഘം സഹകരിക്കുന്നുണ്ട്. ഈജിപ്തും ഖത്തറും മുന്നോട്ടുവച്ച നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രയേൽ വഴങ്ങിയിട്ടില്ല.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്താൻ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ മേധാവി വില്യം ബേൺസ് എത്തി. ഇതേസമയം, ഗാസയിലേക്ക് സഹായമെത്തിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന യുഎന്നിന്റെ റിലീഫ് ആൻഡ് വർക്സ് ഏജൻസിക്കുള്ള ഫണ്ടിങ് തുടരാൻ സ്വിറ്റ്സർലൻഡ് തീരുമാനിച്ചു.

നേരത്തേ തീരുമാനിച്ചിരുന്ന തുകയിൽ പകുതി വെട്ടിക്കുറച്ച്, അടിയന്തര ആവശ്യങ്ങൾക്കായി ഒരുകോടി ഡോളർ നൽകും. കഴിഞ്ഞ വർഷം ഒക്ടോബർ 7ന്, ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണങ്ങൾക്ക് യുഎൻ ഏജൻസി ജീവനക്കാർ ഒത്താശ ചെയ്തുവെന്ന ആരോപണത്തെ തുടർന്നാണ് ലോകരാജ്യങ്ങൾ കൂട്ടത്തോടെ ധനസഹായം നി‍ർത്തിയത്. 

ഗാസയിൽ ആകെ മരണം 34,844 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 

പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളുമായി യുദ്ധവിരുദ്ധ വിദ്യാർഥി പ്രക്ഷോഭം യുഎസിലും യൂറോപ്പിലും കൂടുതൽ ക്യാംപസുകളിലേക്കു വ്യാപിച്ചു. യൂണിവേഴ്സിറ്റി ഓഫ് ആംസ്റ്റർഡാമിൽ വിദ്യാർഥികൾ രാപകൽ സമരം തുടരുന്നു. യുഎസിലെ ജോർജ് വാഷിങ്ടൻ യൂണിവേഴ്സിറ്റിയിൽ സമരക്കാരെ നീക്കാൻ പൊലീസെത്തി. 

മാരക ബോംബുകൾ കൈമാറില്ല: യുഎസ്

റഫയിലെ ഇസ്രയേൽ സൈനിക നടപടിയിൽ ആശങ്ക അറിയിച്ച്, അത്യുഗ്രശേഷിയുള്ള ബോംബുകളുടെ കൈമാറ്റം നിർത്തിവച്ചതായി യുഎസ് അറിയിച്ചു. ഇസ്രയേൽ ആക്രമണം റഫ മുഴുവൻ വ്യാപിക്കുന്നതോടെയാണ് ആയുധം നൽകേണ്ടെന്നു തീരുമാനിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. സഖ്യരാഷ്ട്രമായ ഇസ്രയേലിനെ എക്കാലവും പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ബൈഡൻ ഭരണകൂടം ഇതാദ്യമാണ് പ്രതിഷേധം ഇത്തരത്തിൽ വ്യക്തമാക്കുന്നത്. 

English Summary:

Palestinians began to exodus from Rafah in southern Gaza under the control of Israeli army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com