ADVERTISEMENT

റെയില്‍വേ സ്റ്റേഷനുകളിലെ റസ്‌റ്ററന്റുകളില്‍ കയറി ഭക്ഷണം കഴിക്കാന്‍ പലര്‍ക്കും മടിയാണ്. ഒന്നാമത്തെ കാര്യം കത്തി വിലയാണ് എന്നതു തന്നെ, പിന്നെ ഇവയ്ക്ക് കാര്യമായ രുചി ഉണ്ടാവണമെന്നുമില്ല. മാത്രമല്ല, ഇറങ്ങേണ്ട ആവശ്യം ഇല്ലെങ്കില്‍, റസ്‌റ്ററന്‍റ് വരെ നടന്നു ചെന്ന് ഭക്ഷണം കഴിച്ചു വരുമ്പോഴേക്കും ട്രെയിന്‍ അതിന്‍റെ പാട്ടിനു പോയിട്ടുണ്ടാകും! 

യാത്രക്കാരുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവുമായി വന്നിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ. യാത്രകള്‍ കൂടുന്ന വേനലവധിക്കാലത്ത്, ജനറൽ സെക്കൻഡ് ക്ലാസ് (ജിഎസ്) കോച്ചുകൾക്ക് സമീപം, മിതമായ നിരക്കിൽ ഭക്ഷണവും ലഘുഭക്ഷണ കൗണ്ടറുകളും റെയില്‍വേ സ്ഥാപിച്ചു.

ഈ സംരംഭത്തിന് കീഴിൽ, ഇന്ത്യയിലുടനീളമുള്ള 100 സ്റ്റേഷനുകളിലായി 150 ഭക്ഷണ കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉടന്‍ തന്നെ കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. ഏപ്രിൽ 17 ന് ആരംഭിച്ച പദ്ധതി പ്രകാരം, പ്ലാറ്റ്‌ഫോമുകളിലെ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾക്ക് സമീപം പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ഈ കൗണ്ടറുകളിൽ ട്രെയിനിലെ യാത്രക്കാർക്ക് ഭക്ഷണം ലഭ്യമാകും.

സതേൺ റെയിൽവേ സോണിലുടനീളം 34 സ്റ്റേഷനുകളിൽ ഇത്തരം പ്രത്യേക ഭക്ഷണ കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈ ഡിവിഷനിൽ 5 സ്റ്റേഷനുകളിലും തിരുച്ചിറപ്പള്ളി ഡിവിഷനിൽ 3 സ്റ്റേഷനുകളിലും സേലം ഡിവിഷനിൽ 4 സ്റ്റേഷനുകളിലും മധുര ഡിവിഷനിൽ 2 സ്റ്റേഷനുകളിലും പാലക്കാട് ഡിവിഷനിൽ 9 സ്റ്റേഷനുകളിലും തിരുവനന്തപുരം ഡിവിഷനിൽ 11 സ്റ്റേഷനുകളിലും കൗണ്ടറുകളുണ്ട്. ഇവയുടെ ഗുണനിലവാരവും ശുചിത്വ നിലവാരവും നിലനിർത്തുന്നത് ഉറപ്പാക്കാൻ നിരീക്ഷണ നടപടികളും നിലവിലുണ്ട്.

ദക്ഷിണ റെയിൽവേയുടെ ജിഎസ് കോച്ചുകൾക്ക് സമീപമുള്ള പ്ലാറ്റ്‌ഫോമുകളിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകൾ സബ്‌സിഡി നിരക്കിൽ  നല്‍കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.

ജനതാഖാന: പൂരി (7 പൂരി, 175 ഗ്രാം), ഭജി (150 ഗ്രാം) - ₹20

അരി ഭക്ഷണം: തൈര്/നാരങ്ങ/ പുളി രുചികളില്‍ ഉള്ള ചോറ് (200 ഗ്രാം) - ₹20

ലഘുഭക്ഷണം: ദക്ഷിണേന്ത്യൻ അരി വിഭവങ്ങള്‍ (350 ഗ്രാം) - ₹50

നോർത്തേൺ റെയിൽവേ നൽകുന്ന സബ്‌സിഡിയുള്ള ഭക്ഷണത്തിന്റെ വിലകൾ:

ഇക്കോണമി മീൽ: 7 പൂരി (175 ഗ്രാം), ഡ്രൈ ആലു വെജ് (150 ഗ്രാം), അച്ചാര്‍(12 ഗ്രാം) - ₹20

ലഘുഭക്ഷണം: ദക്ഷിണേന്ത്യൻ അരി വിഭവങ്ങള്‍ (350 ഗ്രാം) അല്ലെങ്കിൽ രാജ്മ/ കടല കറിക്കൊപ്പം ചോറ്/കിച്ഡി, കുൽച്ചെ/ബട്ടൂരെ എന്നിവയ്‌ക്കൊപ്പം കടലക്കറി/പാവ്-ഭാജി അല്ലെങ്കിൽ മസാല ദോശ -  ₹50 ഇതു കൂടാതെ സീൽ ചെയ്ത 200 മില്ലി വെള്ളം 3 രൂപ നിരക്കിലും ലഭ്യമാക്കിയിട്ടുണ്ട്.

English Summary:

Railway meal for just Rs 20! IRCTC woos passengers with budget-friendly menu option

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com