ADVERTISEMENT

കൂടുതല്‍ ആളുകള്‍ക്കും ഇഷ്ടപ്പെടാത്ത പച്ചക്കറിയാണ് കയ്പ്പക്ക അഥവാ പാവയ്ക്ക. കാണാനൊക്കെ രസമുണ്ടെങ്കിലും ഇതിന്‍റെ കയ്പ്പുരുചി ആര്‍ക്കുമത്ര പിടിക്കില്ല. എന്നാല്‍ പ്രമേഹ ചികിത്സയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനുമെല്ലാം നല്ലതാണ് പാവയ്ക്ക.  ഇതിന്‍റെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. 

ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ, ഏത്തപ്പഴത്തിൽ ഉള്ളതിന്‍റെ ഇരട്ടി പൊട്ടാസ്യം ഉണ്ട്. ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, ബീറ്റാ കരോട്ടിൻ, കാൽസ്യം ഇവയും പാവയ്ക്കയിൽ ഉണ്ട്. 

പാവയ്ക്ക കൊണ്ട് തീയലും തോരനും പുളിങ്കറിയും കൊണ്ടാട്ടവുമെല്ലാം ഉണ്ടാക്കാറുണ്ട്. എന്നാല്‍ ചായക്കൊപ്പം കഴിക്കാന്‍ പറ്റുന്ന ഒരു അടിപൊളി പാവയ്ക്കാ വിഭവം പരിചയപ്പെടുത്തുകയാണ് ഷെഫ് കുനാല്‍ കപൂര്‍. കണ്ടാല്‍ തന്നെ കൊതിയൂറുന്ന ഈ വിഭവം ഉണ്ടാക്കിയെടുക്കാനും എളുപ്പമാണ്.

ഇതിനായി ആദ്യം രണ്ടു പാവയ്ക്ക കുരു കളഞ്ഞ് ചെറുതായി വട്ടത്തില്‍ അരിയുക. 

ഇതിലേക്ക് 1 ടീസ്പൂണ്‍ ഉപ്പ്, ഒരു നാരങ്ങയുടെ നീര് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്ത് അര മണിക്കൂര്‍ വയ്ക്കുക.

അര മണിക്കൂറിനു ശേഷം, പാവയ്ക്ക വെള്ളത്തില്‍ ഇട്ടു കഴുകി എടുക്കുക. ഒരു കോട്ടണ്‍ തുണിക്ക് മേല്‍ ഇത് വിതറിയ ശേഷം നന്നായി വെള്ളം കളഞ്ഞ് തുടച്ചെടുക്കുക.

ഇതൊരു പാത്രത്തിലേക്ക് ഇട്ട്, ഉപ്പ്, ഇന്തുപ്പ് എന്നിവ ആവശ്യത്തിന് ചേര്‍ക്കുക. കൂടാതെ അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, 1 ടീസ്പൂണ്‍ മുളക്പൊടി, 2 ടീസ്പൂണ്‍ ആംചൂര്‍ പൊടി, 1 ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച്, 1 ടീസ്പൂണ്‍ കടലപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക.

അടുപ്പത്ത് ഒരു പാന്‍ വച്ച് എണ്ണ ഒഴിക്കുക. ഇതിലേക്ക് പാവയ്ക്കാ കഷ്ണങ്ങള്‍ ഓരോന്നായി വയ്ക്കുക. മുകളില്‍ വീണ്ടും എണ്ണ ഒഴിക്കുക.

ഓരോ ഭാഗം വെന്തുവരുമ്പോള്‍ ഒരു ഫോര്‍ക്ക് ഉപയോഗിച്ച് മറിച്ചിട്ട്‌ കൊടുക്കുക. വെന്തുകഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും മാറ്റി ഒരു പാത്രത്തിലേക്ക് ഇടുക.  ഇത് സോസ്, മയനൈസ് എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്. 

English Summary:

Bitter Gourd Snack Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com