ADVERTISEMENT

തിരുവനന്തപുരം∙ 19 ദിവസത്തെ വിദേശയാത്രയ്ക്ക് തിരിക്കും മുൻപ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തീരുമാനമെടുത്തത് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചു പ്രചാരണം നടത്താനുള്ള 8 ഫയലുകളിൽ. 17 കോടി രൂപ ഇതിനായി ചെലവിടും.

ടൂറിസം ഡയറക്ടറുടെ ശുപാർശ കണക്കിലെടുത്താണ് ‘സമ്മർ ഹോളിഡേ ക്യാംപെയ്ൻ’ എന്ന പേരിൽ വിവിധ പ്രചാരണ പരിപാടികൾ‌ക്ക് ടൂറിസം വകുപ്പ് തുടക്കമിടുന്നത്.

വേനൽക്കാല വിനോദയാത്ര ക്യാംപെയ്നിന്റെ ഭാഗമായി ഇംഗ്ലിഷ്, ഹിന്ദി, മറാഠി, ബംഗ്ല, ഗുജറാത്തി ടിവി ചാനലുകളിൽ 5.11 കോടി രൂപ മുടക്കി 3 മാസത്തേക്കാണു കേരള ടൂറിസത്തെക്കുറിച്ചു പരസ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഔട്ട് ഓഫ് ഹോം എന്ന പേരിൽ 2.35 കോടി രൂപ മുടക്കിയാണു പ്രചാരണം. 

ദുബായ്, റിയാദ് കിങ് ഖാലിദ്, മസ്കത്ത് രാജ്യാന്തര വിമാനത്താവളങ്ങളിലെ ഡിപ്പാർച്ചർ, ബോർഡിങ് ലൗഞ്ചുകളിൽ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ പരസ്യം സ്ഥാപിക്കും. ഇതിനു പുറമേ മിഡിൽ ഈസ്റ്റിൽ 2.36 കോടി ചെലവിട്ട് സമൂഹമാധ്യമ പ്രചാരണവും നടത്തും. 

പ്രചാരണ വിഡിയോകളിൽ മന്ത്രിയുടെ മുഖവുമുണ്ട്. ഡൽഹി, ബെംഗളൂരു, തെലങ്കാന, ഗുജറാത്ത്, ആന്ധ്ര, ബംഗാൾ സംസ്ഥാനങ്ങളിലെ അച്ചടി മാധ്യമങ്ങളിൽ 1.54 കോടി മുടക്കിയാണു പരസ്യം ചെയ്യുന്നത്. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, എക്സ്, യുട്യൂബ്, ഗൂഗിൾ ആഡ്സ് തുടങ്ങിയവയിലൂടെയുള്ള പ്രചാരണങ്ങൾക്കായി 2.06 കോടിയും തിയറ്റർ, ഒടിടി പരസ്യങ്ങൾക്കായി 1.69 കോടിയും അനുവദിച്ചു. കേരളത്തിൽ സമൂഹമാധ്യമ പ്രചാരണത്തിന് 76 ലക്ഷം രൂപയും ഹെലി ടൂറിസം ക്യാംപെയ്നിന് 17 ലക്ഷം രൂപയും പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾക്ക് 51 ലക്ഷം രൂപയും ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ട്.

English Summary:

summer holiday campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com