ADVERTISEMENT

പതിവിന് വിപരീതമായി ഇന്ന് തകർച്ചയോടെ തുടങ്ങിയ ഇന്ത്യൻ വിപണി കുറഞ്ഞ വിലകളിലെ വാങ്ങലിന്റെ പിൻബലത്തിൽ തിരിച്ചുകയറി ചാഞ്ചാട്ടത്തിനൊടുവിൽ ഫ്ലാറ്റ് ക്ലോസിങ് നടത്തി. ഇന്ന് 22180 പോയിന്റിൽ പിന്തുണ നേടിയെങ്കിലും 22380 പോയിന്റിലെ റെസിസ്റ്റൻസ് മറികടക്കാനാകാതെ പോയ നിഫ്റ്റി കൃത്യം ഇന്നലത്തെ ക്ലോസിങ്ങായ 22302 പോയിന്റിൽ തന്നെ ഇന്നും ക്ളോസ് ചെയ്തു. 

ഇന്നും ബാങ്കിങ്, ഫിനാൻഷ്യൽ, ഐടി സെക്ടറുകൾ നഷ്ടത്തിൽ ക്ളോസ് ചെയ്തപ്പോൾ ഓട്ടോ, എനർജി, മെറ്റൽ, ഇൻഫ്രാ, റിയൽറ്റി, എഫ്എംസിജി സെക്ടറുകൾ ഇന്ന് നേട്ടത്തിലേക്ക് തിരിച്ചു കയറി. നാളെ റിസൾട്ട് പ്രഖ്യാപിക്കാനിരുന്ന എസ്ബിഐയും ,പിഎൻബിയും, ഐഒബിയും മുന്നേറിയതോടെ പൊതുമേഖലാ ബാങ്കിങ് സൂചികയും ഇന്ന് നേട്ടമുണ്ടാക്കി. വിപണിയിലെ ഭീമന്മാരായ എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഇൻഫോസിസ് എന്നിവയ്ക്കൊപ്പം ബജാജ് ഇരട്ടകളും വീണതാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചത്.    

ഫെഡ് നിരക്ക് കുറയ്ക്കില്ല 
ഫെഡ് നിരക്ക് കുറയ്ക്കുന്നതിനെതിരെ ഫെഡ് അംഗങ്ങൾ നടത്തിയ പ്രസ്താവനകൾ അമേരിക്കൻ വിപണിയുടെ ആവേശം കെടുത്തി. ഇന്നലെ അമേരിക്കൻ സൂചികൾ  മിക്സഡ് ക്ളോസിങ് നടത്തിയ ശേഷം ഇന്നും അമേരിക്കൻ ഫ്യൂച്ചറുകൾ നേരിയ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. മിനിപോളിസ് ഫെഡറൽ റിസർവ് ബാങ്ക് പ്രസിഡന്‍റ്  നീൽ കഷ്‌കരി, പണപ്പെരുപ്പം പിടിതരാതെ നിൽക്കുന്ന സാഹചര്യത്തിൽ ഈ വർഷം ഇനി ഫെഡ് റിസേർവ് നിരക്ക് കുറക്കേണ്ട ആവശ്യമില്ലെന്ന നിലപാടെടുത്തത് വിപണിക്ക് ക്ഷീണമായി. 

ഫെഡ് ’’ഫിയറിൽ’’ ഏഷ്യൻ വിപണികൾ ലാഭമെടുക്കലിൽ മിക്സഡ് ക്ലോസിങ് നടത്തിയെങ്കിലും യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് ഇന്ന് വ്യാപാരം തുടരുന്നത്. ഇന്നും ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കുന്നതും, അടുത്ത ബുധനാഴ്ച അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കുന്നതും വിപണിക്ക് നിർണായകമാണ്. നാളെ വരാനിരിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പുതിയ പലിശ നിരക്കുകളും അമേരിക്കൻ ജോബ് ഡേറ്റയും വിപണിക്ക് പ്രധാനമാണ്. 

നാളത്തെ പ്രധാന റിസൾട്ടുകൾ
എസ്ബിഐ, പിഎൻബി, ഐഒബി, ബിപിസിഎൽ, ഹിന്ദ് പെട്രോ, എംജിഎൽ, ഏഷ്യൻ പെയിന്‍റ്സ്, എംജിഎൽ, എസ്കോർട്സ്‌, വിഎസ്ടി ടില്ലേഴ്സ്, റാണെ മദ്രാസ്, ശാന്തി ഗിയർ, അജ്‌മേര, അബ്ബോട്ട്, അലമ്പിക് ഫാർമ, ക്യാമ്സ്, ഇന്‍റലെക്ട്, റെയിൻ, ടിവിഎസ് ഹോൾഡിങ്‌സ്, ടിവിഎസ് ഇലക്ട്രിക്, റിലാക്‌സോ, ഗോപാൽ സ്നാക്സ്, എഡിഎഫ് ഫുഡ്സ്, ക്വസ് കോർപ്പ്, സൂര്യോദയ്, ഓറിയന്റ് ഇലക്ട്രിക് മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കും.

ക്രൂഡ് ഓയിൽ 
അമേരിക്കയുടെ ക്രൂഡ് ഓയിൽ ശേഖരത്തിൽ കഴിഞ്ഞ ആഴ്ചയും വളർച്ചയുണ്ടായി എന്ന അമേരിക്കവൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സൂചന ഇന്ന് ഏഷ്യൻ വിപണി സമയത്തും ക്രൂഡ് ഓയിലിന് തിരുത്തൽ നൽകി. ഡോളർ ശക്തമാകുന്നതും ഗാസയിലെ വെടിനിർത്തൽ ചർച്ചകളും  അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരകണക്കുകളും 82 ഡോളറിൽ വ്യാപാരം തുടരുന്ന ബ്രെന്‍റ് ക്രൂഡ് ഓയിലിന് പ്രധാനമാണ്. അടുത്ത ആഴ്ചയിലെ ഒപെക് യോഗതീരുമാനങ്ങൾ ക്രൂഡ് ഓയിൽ വിലയുടെ ഗതി നിർണയിക്കും. 

സ്വർണം 
ഫെഡ് അംഗങ്ങളുടെ ‘’ഹോകിഷ്’’ പ്രസ്താവനകളിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറിയിയല്ലെങ്കിലും വീഴാതെ ക്രമപ്പെട്ടത് സ്വർണത്തിനും ഇന്ന് മുന്നേറ്റം നിഷേധിച്ചു. രാജ്യാന്തര സ്വർണവില നേരിയനഷ്ടത്തിൽ 2320 ഡോളറിലാണ് വ്യാപാരം തുടരുന്നത്. 

ഐപിഒ 
ചെറുകിട ഭാവന വായ്പകൾ നൽകുന്ന ആധാർ ഹൗസിങ് ഫിനാൻസിന്റെ ഐപിഓ തുടങ്ങി. വെള്ളിയാഴ്ചയാണ് ഐപിഒ അവസാനിക്കുന്നത്. 300-315 രൂപ നിരക്കിൽ 3000 കോടി രൂപയാണ് കമ്പനി വിപണിയിൽ നിന്നും സമാഹരിക്കുന്നത്.  

മുൻപ് ടെക് ട്രാവൽസ് എന്നറിയപ്പെട്ടിരുന്ന ബി2ബി പ്ലാറ്റ്ഫോമായ ടിബിഒ ടെകിന്‍റെ ഇന്നാരംഭിച്ച ഐപിഒ മെയ് 10ന്  അവസാനിക്കം.  675-920 രൂപ നിരക്കിൽ 1550 കോടി രൂപയാണ് കമ്പനി വിപണിയിൽ നിന്നും സമാഹരിക്കുന്നത്.

English Summary:

Stock Market Closing Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com