ADVERTISEMENT

ഹൈദരാബാദ്∙ അവസാനപന്തു വരെ ആവേശം നീണ്ടുനിന്ന ത്രില്ലർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് കിടിലൻ ജയം. 202 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്റെ പോരാട്ടം രണ്ടു റൺസകലെ 200 റൺസിൽ അവസാനിച്ചു. ഹൈദരാബാദിന് ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയം. ആദ്യ ഓവറിലും അവസാന ഓവറിലും നിർണായക വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് രാജസ്ഥാനിൽനിന്നും വിജയം തട്ടിയെടുത്തത്.

അവസാന ഓവറിൽ, 13 റൺസായിരുന്നു രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. റോവ്‌മൻ പവൽ (15 പന്തിൽ 27), ആർ.അശ്വിൻ (2 പന്തിൽ 2*) എന്നിവർ ക്രീസിൽ. ആദ്യ പന്തിൽ സിംഗിളെടുത്ത അശ്വിൻ, സ്ട്രൈക്ക് പവലിനു കൈമാറി. രണ്ടാം പന്തിൽ ഡബിളെടുത്ത പവൽ, മൂന്നാം പന്ത് ബൗണ്ടറി കടത്തി. അടുത്ത രണ്ടു പന്തിൽ വീണ്ടും ഡബിൾ വീതം. അവസാന ഓവറിൽ വേണ്ടത് രണ്ടു റൺസ്. എന്നാൽ ഭുവനേശ്വർ എറിഞ്ഞ ഫുൾ ടോസ് പന്ത് പവലിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. എൽബിഡബ്യുയായി പവൽ പുറത്തായതോടെ ഹൈദരാബാദിന് ഒരു റൺസിന്റെ ജയം. ഇതോടെ നാല് മത്സരങ്ങൾ തുടർച്ചയായി ജയിച്ച രാജസ്ഥാന്റെ വിജയക്കുതിപ്പിനും അന്ത്യമായി.

ചേസിനിറങ്ങിയ രാജസ്ഥാനെ ഇന്നിങ്സിന്റെ ആദ്യ ഓവറിൽ തന്നെ ഹൈദരാബാദ് ഞെട്ടിച്ചിരുന്നു. രണ്ടാം പന്തിൽ ജോസ് ബട്‌ലറിനെ (പൂജ്യം) ഭുവനേശ്വർ കുമാർ മാർക്കോ ജാൻസന്റെ കൈകളിൽ എത്തിച്ചു. പിന്നാലെയെത്തിയത് ക്യാപ്റ്റൻ സഞ്ജു സാംസൺ. പക്ഷേ നേരിട്ട മൂന്നാം പന്തിൽ തന്നെ സഞ്ജുവിനെ (പൂജ്യം) ക്ലീൻ ബോൾഡാക്കി ഭുവനേശ്വർ രാജസ്ഥാന് ഇരട്ടപ്രഹരം നൽകി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച യശ്വസി ജയ്‌സ്വാൾ– റിയാൻ പരാഗ് സഖ്യം പതറാതെ രാജസ്ഥാനെ മുന്നോട്ടു നയിച്ചു.

സമ്മർദമില്ലാതെ ഇരുവരും ബാറ്റു വീശിയപ്പോൾ രാജസ്ഥാൻ സ്കോർബോർഡ് പ്രതീക്ഷിച്ചതിലും വേഗം ചലിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 134 റൺസാണ് കൂട്ടിച്ചേർത്തത്. 14–ാം ഓവറിൽ ജയ്സ്വാളിനെ പുറത്താക്കി നടരാജനാണ് ഹൈദരാബാദിനെ വീണ്ടും മത്സരത്തിലേക്കു തിരികെകൊണ്ടുവന്നത്. അധികം വൈകാതെ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മയർ (9 പന്തിൽ 13), ധ്രുവ് ജുറെൽ (3 പന്തിൽ 1) എന്നിവരുടെ വിക്കറ്റ് കൂടി നഷ്ട്ടപ്പെട്ടതോടെ രാജസ്ഥാൻ പതറി. പിന്നീടെത്തിയ റോവ്‍മൻ പവൽ അവസാന പന്തു വരെ പ്രതീക്ഷ നൽകിയെങ്കിലും ഒടുവിൽ തോൽവി വഴങ്ങി.

∙ ‘ഉദിച്ചുയർന്ന്’ നിതീഷ്

അവസരത്തിനൊത്ത് ‘ഉദിച്ചുയർന്ന’ നിതീഷ് റെഡ്ഡി (42 പന്തിൽ 76*), ഓപ്പണർ ട്രാവിസ് ഹെഡ് (44 പന്തിൽ 58) എന്നിവരുടെ അർധസെഞ്ചറിയുടെയും കാമിയോ പെർഫോമൻസുമായി കളംനിറഞ്ഞ ഹെൻറിച്ച് ക്ലാസന്റെയും (19 പന്തിൽ 42*) ബാറ്റിങ് കരുത്തിലാണ് രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് മികച്ച സ്കോർ കണ്ടെത്തിയത്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസെടുത്തത്.

ടോസ് കിട്ടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. പതിഞ്ഞ താളത്തിൽ ചലിച്ച സ്കോർബോർഡിൽ 25 റൺസ് മാത്രമുള്ളപ്പോൾ, അഞ്ചാം ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (10 പന്തിൽ‌ 12) ഹൈദരാബാദിന് നഷ്ടമായി. തൊടുടത്ത ഓവറിൽ പിന്നാലെയെത്തിയ അൻമോൽപ്രീത് സിങ്ങും (5 പന്തിൽ 5) മടങ്ങിയതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി. പവർപ്ലേ അവസാനിക്കുമ്പോൾ 37/2 എന്ന നിലായിരുന്നു അവർ. ഈ സീസണിൽ ഹൈദരാബാദിന്റെ ഏറ്റവും കുറഞ്ഞ പവർപ്ലേ സ്കോറാണിത്.

രാജസ്ഥാൻ റോയൽസിനെതിരെ അർധസെഞ്ചറി തികച്ച സൺറൈസേഴ്‌സ് ഹൈദരാബാദാ താരം ട്രാവിസ് ഹെഡ്. ചിത്രം: X/ IPL
രാജസ്ഥാൻ റോയൽസിനെതിരെ അർധസെഞ്ചറി തികച്ച സൺറൈസേഴ്‌സ് ഹൈദരാബാദാ താരം ട്രാവിസ് ഹെഡ്. ചിത്രം: X/ IPL

മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഹെഡ്– നിതീഷ് സഖ്യമാണ് ഹൈദരാബാദിനെ കരകയറ്റിയത്. വിക്കറ്റ് കളയാതിരിക്കാൻ ഇരുവരും കരുതി കളിച്ചപ്പോൾ പത്ത് ഓവർ പിന്നിട്ടപ്പോൾ 75 റൺസ് മാത്രമായിരുന്നു ഹൈദരാബാദ് സ്കോർബോർഡിലുണ്ടായിരുന്നത്. എന്നാൽ നിലയുറപ്പിച്ചതോടെ ഇരുവരും കളംപിടിച്ചു. മൂന്നു സിക്സും ആറും ഫോറും അടങ്ങുതായിരുന്നു ഹെഡിന്റെ ഇന്നിങ്സ്. സീസണിൽ തന്റെ നാലാമത്തെ അർധസെഞ്ചറിയാണ് ഹെഡ് കുറിച്ചത്.

15–ാം ഓവറിൽ ഹെഡിനെ പുറത്താക്കി ആവേശ് ഖാനാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഹെൻറിച്ച ക്ലാസൻ ക്രീസിലെത്തിയതോടെയാണ് ഹൈദരാബാദ് ഇന്നിങ്സിന്റെ മട്ടുമാറിയത്. ആദ്യ പത്ത് ഓവറിൽ 75 റൺസ് മാത്രം നേടിയ ഹൈദരാബാദ്, അവസാന അഞ്ച് ഓവറിൽ 70 റൺസാണ് അടിച്ചുകൂട്ടിയത്. എട്ടു സിക്സും മൂന്നു ഫോറും നിതീഷ് റെഡ്ഡിയുടെ ബാറ്റിൽനിന്നു പിറന്നപ്പോൾ മൂന്നു സിക്സും മൂന്നു ഫോറുമാണ് ക്ലാസൻ നേടിയത്. രാജസ്ഥാനായി ആവേശ് ഖാൻ രണ്ടു വിക്കറ്റും സന്ദീപ് ശർമ ഒരു വിക്കറ്റും നേടി.

English Summary:

Rajasthan Royals vs Sunrisers Hyderabad Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com