ADVERTISEMENT

ധരംശാല∙ ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ 28 റൺസ് വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. ചെന്നൈ ഉയർത്തിയ 168 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ സാധിച്ചുള്ളൂ. സീസണിലെ ആറാം ജയത്തോടെ ചെന്നൈ സൂപ്പർ കിങ്സിന് 12 പോയിന്റായി. പട്ടികയിൽ രാജസ്ഥാനും കൊൽക്കത്തയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് ചെന്നൈ ഉള്ളത്. 

c-pb-1
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് താരം തുഷാർ ദേശ്പാണ്ഡെ. Photo: FB@IPL

ഏഴാം തോൽവി വഴങ്ങിയ പഞ്ചാബ് എട്ടാമതാണ്. 23 പന്തിൽ 30 റൺസെടുത്ത പ്രബ്സിമ്രൻ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 20 പന്തുകൾ നേരിട്ട ശശാങ്ക് സിങ് 27 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ മധ്യനിര ബാറ്റർമാർ കാര്യമായ പോരാട്ടമില്ലാതെ കീഴടങ്ങിയതാണ് പഞ്ചാബിന് തിരിച്ചടിയായത്. തുടക്കത്തില്‍ ജോണി ബെയർസ്റ്റോ (ഏഴ് റൺസ്), റിലീ റൂസോ (പൂജ്യം) എന്നിവരെ ബോൾഡാക്കി ഇന്ത്യൻ പേസർ തുഷാർ ദേശ്പാണ്ഡെ ചെന്നൈയ്ക്ക് മത്സരത്തിൽ മേൽക്കൈ നൽകി. പിന്നാലെ ഇറങ്ങിയ ശശാങ്ക് സിങ് നിലയുറപ്പിച്ചതോടെ പവർപ്ലേയിൽ പഞ്ചാബ് 47 റണ്‍സെടുത്തു. എട്ടാം ഓവറിൽ ശശാങ്ക് സിങ്ങിനെ മിച്ചൽ സാന്റ്നർ മടക്കി. രവീന്ദ്ര ജഡേജ എറിഞ്ഞ അടുത്ത ഓവറിൽ സമീർ റിസ്‌‍വി ക്യാച്ചെടുത്ത് പ്രബ്സിമ്രൻ സിങ്ങിനെയും പുറത്താക്കിയതോടെ പഞ്ചാബ് പ്രതിരോധത്തിലായി.

സാം കറൻ (ഏഴ്), ജിതേഷ് ശർമ (പൂജ്യം), അശുതോഷ് ശർമ (മൂന്ന്) എന്നിവർകൂടി പെട്ടെന്ന് മടങ്ങിയപ്പോൾ പഞ്ചാബ് പ്രതീക്ഷകൾ ഏറക്കുറെ അവസാനിച്ച മട്ടായി. വാലറ്റക്കാർ പൊരുതി നോക്കിയെങ്കിലും പഞ്ചാബിന്റെ പോരാട്ടം 139 ല്‍ അവസാനിച്ചു. വാലറ്റത്ത് ഹർപ്രീത് ബ്രാർ (17), ഹർഷല്‍ പട്ടേൽ (12), രാഹുൽ ചാഹർ (16), കഗിസോ റബാദ (11) എന്നിവർ പൊരുതിനിന്നു. ചെന്നൈ സൂപ്പർ കിങ്സിനായി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. സിമർജീത് സിങ്ങും തുഷാർ ദേശ്പാണ്ഡെയും രണ്ടു വിക്കറ്റുകൾ വീതം നേടി.

രക്ഷകരായി ജഡേജ, ഗെയ്ക്‌വാദ്, മിച്ചല്‍

ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 167 റൺസ്. 23 പന്തുകൾ നേരിട്ട്് 45 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഋതുരാജ് ഗെയ്ക്‌വാദ് (21 പന്തിൽ 32), ഡാരിൽ മിച്ചൽ (19 പന്തിൽ 30) എന്നിവരും തിളങ്ങി. സ്കോർ 12ൽ നില്‍ക്കെ ഓപ്പണർ അജിൻക്യ രഹാനെയെ നഷ്ടമായ ചെന്നൈയ്ക്ക് രണ്ടാം വിക്കറ്റിൽ ഡാരിൽ മിച്ചൽ– ഋതുരാജ് ഗെയ്ക്‌വാദ് സഖ്യമാണു തുണയായത്. ഇരുവരും ചേർന്ന് ചെന്നൈ സ്കോർ 60 കടത്തി. 69ൽ നിൽക്കെ ചെന്നൈ ക്യാപ്റ്റനെ രാഹുൽ ചാഹർ പുറത്താക്കി. വിക്കറ്റ് കീപ്പർ ജിതേഷ് ശര്‍മ ക്യാച്ചെടുത്താണ് ഗെയ്ക്‌വാദിന്റെ മടക്കം. തൊട്ടടുത്ത പന്തിൽ ശിവം ദുബെയും സമാന രീതിയിൽ പുറത്തായതോടെ ചെന്നൈ പ്രതിരോധത്തിലായി. ഡാരിൽ മിച്ചലിനെ ഹർഷൽ പട്ടേൽ വിക്കറ്റിനു മുന്നിൽ കുടുക്കി.

c-pb-3
ഡാരിൽ മിച്ചലും ഋതുരാജ് ഗെയ്ൿവാദും ബാറ്റിങ്ങിനിടെ. Photo: FB@IPL

രവീന്ദ്ര ജഡേജ ഒരു ഭാഗത്തു നിലയുറപ്പിച്ചപ്പോൾ മൊയീൻ അലി (20 പന്തിൽ 17), മിച്ചൽ സാന്റ്നർ (11 പന്തിൽ 11) എന്നിവരും പെട്ടെന്നു മടങ്ങി. 11 പന്തുകൾ നേരിട്ട ഷാർദൂൽ ഠാക്കൂർ 17 റൺസെടുത്തു പുറത്തായി. ഹർഷൽ പട്ടേലിന്റെ പന്തിൽ താരം ബോൾഡായി. അടുത്ത പന്തിൽ എം.എസ്. ധോണിയും ബോൾഡായി മടങ്ങി. അർഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ സാം കറൻ ക്യാച്ചെടുത്ത് രവീന്ദ്ര ജഡേജയെ പുറത്താക്കി. പഞ്ചാബിനായി രാഹുൽ ചാഹർ, ഹർഷൽ പട്ടേൽ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ടോസ് വിജയിച്ച പഞ്ചാബ് കിങ്സ് ചെന്നൈയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 11 മത്സരങ്ങളിൽ ഇതു പത്താം തവണയാണ് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന് ടോസ് ലഭിക്കാതെ പോകുന്നത്.

c-pb-4
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പഞ്ചാബ് താരങ്ങൾ. Photo: FB@IPL
c-pb-2
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പഞ്ചാബ് താരങ്ങൾ. Photo: FB@IPL
English Summary:

IPL, Punjab Kings vs Chennai Super Kings Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com