ADVERTISEMENT

ഹൈദരാബാദ്∙ പൂ പറിക്കുന്ന ലാഘവത്തോടെ ലക്നൗവിനെ ഹൈദരാബാദ് ചുരുട്ടികെട്ടി. 166 റൺസെന്ന സാമാന്യം ഭേദപ്പെട്ട വിജയലക്ഷ്യം മുന്നിൽവച്ച് ബോളിങ്ങിനിറങ്ങിയ ലക്നൗ ബോളർമാർക്ക് നിന്ന് അടി കൊള്ളാനായിരുന്നു യോഗം. വെറും 9.4 ഓവറിൽ സൺറൈസേഴ്സ് ഹൈദരാബാദ് കളി ജയിച്ചു. ഓപ്പണർമാരായ ട്രാവിസ് ഹെഡ് (30 പന്തിൽ 89*), അഭിഷേക് ശർമ (28 പന്തിൽ 75*) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങിലാണ് ഹൈദരാബാദ് പത്തു വിക്കറ്റിന് ലക്നൗവിനെ തോൽപ്പിച്ചത്.

വെറും 58 പന്തുകളിൽ ഇരുവരും ചേർന്ന് 14 സിക്സും 16 ഫോറുമാണ് അടിച്ചുകൂട്ടിയത്. 62 പന്തുകൾ ബാക്കിയാക്കിയാണ് ഹൈദരാബാദിന്റെ ജയം. ഐപിഎലിൽ ഏറ്റവും കൂടുതൽ പന്തുകൾ ബാക്കിയാക്കിയുള്ള ജയങ്ങളിൽ ഒന്നാമതാണ് ഇത്. ഐപിഎലിൽ പത്ത് ഓവർ പൂർത്തിയാകുമ്പോഴേയ്ക്കുമുള്ള ഏറ്റവും ഉയർന്ന ടോട്ടലും ഹൈദരാബാദ് ഇന്നു കുറിച്ചു.

മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ ഹൈദരാബാദ് ആക്രമിച്ചു തുടങ്ങി. രണ്ടാം ഓവറിൽ 17 റൺസ് നേടിയ ഹൈദരാബാദിന്റെ സ്കോർ, പവർപ്ലേ പൂർത്തിയായപ്പോൾ 107ൽ എത്തി. അടുത്ത മൂന്ന് ഓവറിനുള്ള കളി ജയിക്കുകയും ചെയ്തു. 2.4 ഓവറിൽ 47 റൺസ് വഴങ്ങിയ യഷ് ഠാക്കൂറാണ് ലക്നൗ നിരയിൽ ഏറ്റവുമധികം തല്ലുവാങ്ങിയത്.

നേരത്തെ, ടോസ് കിട്ടിയ ലക്നൗ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അർധസെഞ്ചറി നേടിയ ആയുഷ് ബധോനി (30 പന്തിൽ‌ 55*), നിക്കോളാസ് പുരാൻ (26 പന്തിൽ 48*) എന്നിവരുടെ മികവിലാണ് ലക്നൗ സാമാന്യം ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. 11.2 ഓവറിൽ 66ന് 4 എന്ന നിലയിൽ പരുങ്ങിയ ലക്നൗവിനെ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച പുരാൻ–ബദോനി സഖ്യമാണ് രക്ഷപ്പെടുത്തിയത്.

English Summary:

IPL, Sunrisers Hyderabad vs Lucknow Super Giants Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com