ADVERTISEMENT

ബെംഗളൂരു∙ ചെന്നൈ സൂപ്പർ കിങ്സിനെ 27 റണ്‍സിനു തോൽപിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ പ്ലേ ഓഫിൽ കടന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയൽസ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കു പിന്നാലെ നാലാമതായാണ് ആർസിബി യോഗ്യത ഉറപ്പിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബെംഗളൂരു ഉയർത്തി 219 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ചെന്നൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് നേടിയത്.

ആധികാരിക വിജയത്തോടെ പോയിന്റ് ടേബിളിൽ ആർസിബി നാലാം സ്ഥാനത്തേക്ക് ഉയർന്നു. 14 മത്സരങ്ങളിൽ‍നിന്ന് 14 പോയിന്റുമായാണ് ബെംഗളൂരു പ്ലേ ഓഫിലേക്ക് കുതിച്ചത്. ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, ലക്നൗ സൂപ്പർ ജയന്റ്സ് ടീമുകൾക്കും 14 പോയിന്റു വീതം ഉണ്ടെങ്കിലും നെറ്റ് റൺറേറ്റിലെ കരുത്താണ് ബെംഗളൂരുവിനെ മുന്നിലെത്തിച്ചത്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്ന ആർസിബി ഏപ്രിൽ 25 ന് സൺ‍റൈസേഴ്സ് ഹൈദരാബാദിനെ തോൽപിച്ചാണ് അവിശ്വസനീയ കുതിപ്പിനു തുടക്കമിട്ടത്. 

പിന്നീട് ഗുജറാത്ത്, പഞ്ചാബ്, ഡൽഹി ടീമുകളെ വൻ മാർജിനിൽ തോൽപിച്ചു. ഒടുവിൽ ചെന്നൈയെ സ്വന്തം ആരാധകരുടെ മുന്നിൽ കീഴടക്കിയാണ് ആർസിബി പ്ലേഓഫ് ഉറപ്പിച്ചത്. അവിശ്വസനീയമായ കുതിപ്പിൽ നേടിയ പ്ലേഓഫ് യോഗ്യത ആർസിബി താരങ്ങളും ആരാധകരും മതിവരുവോളം ആഘോഷിച്ചു. ശനിയാഴ്ച രാത്രിയേറെ വൈകിയും ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും ആഘോഷം നീണ്ടു.

വിജയത്തിന്റെ സന്തോഷത്തിൽ ആർസിബിയുടെ സൂപ്പര്‍ താരം വിരാട് കോലിക്ക് ആനന്ദക്കണ്ണീർ അടക്കിവയ്ക്കാൻ സാധിച്ചില്ല. ഗ്രൗണ്ടിൽവച്ച് കോലി കരയുമ്പോൾ ഗാലറിയിൽ ഇതേ അവസ്ഥയിലായിരുന്നു കോലിയുടെ ഭാര്യ അനുഷ്ക ശർമയും. ഇരുവരുടേയും വൈകാരികമായ മുഹൂർത്തങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആർസിബിയുടെ വിജയത്തിനു പിന്നാലെ ബെംഗളൂരുവിലെ പ്രധാന റോഡുകളെല്ലാം ശനിയാഴ്ച രാത്രി ആരാധകരെക്കൊണ്ടു നിറഞ്ഞു.

നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ആർസിബി താരങ്ങളുമായി ടീം ബസ് പുറത്തിറങ്ങിയപ്പോൾ ആരാധകർ ബസ് വളഞ്ഞു. രാത്രി ഏറെ വൈകിയും ആരാധകരെ നിയന്ത്രിക്കാൻ പൊലീസ് പാടുപെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ബൈക്ക് റാലി നടത്തിയും കാറിന്റെ മുകളിൽ കയറിയിരുന്നുമൊക്കെയാണ് ആരാധകർ ബെംഗളൂരുവിന്റെ വിജയം ആഘോഷിച്ചത്.

English Summary:

RCB fans celebrate play off entry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com