ലോകകപ്പ് യോഗ്യത: ഇന്ത്യൻ ക്യാംപിൽ 4 മലയാളികൾ
Mail This Article
ന്യൂഡൽഹി ∙ കുവൈത്ത്, ഖത്തർ എന്നിവയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള പരിശീലന ക്യാംപിൽ 4 മലയാളി താരങ്ങൾ. ശനിയാഴ്ച പ്രഖ്യാപിച്ച 26 കളിക്കാരുടെ പേരുകൾക്കു പുറമേ ഇന്നലെ 15 പേരെക്കൂടി ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. 10 മുതൽ ഭുവനേശ്വറിലാണ് ക്യാംപ്. 26 കളിക്കാരുടെ ആദ്യ പട്ടികയിൽ കെ.പി.രാഹുൽ, വിബിൻ മോഹനൻ, എം.എസ്. ജിതിൻ എന്നീ മലയാളികളുണ്ട്.
ഐഎസ്എൽ ഫൈനലിൽ മത്സരിച്ച മുംബൈ സിറ്റി എഫ്സി, കൊൽക്കത്ത മോഹൻ ബഗാൻ ടീമുകളിലെ കളിക്കാരെ ഉൾപ്പെടുത്തിയാണ് 15 താരങ്ങളുടെ രണ്ടാമത്തെ പട്ടിക സ്റ്റിമാച്ച് ഇന്നലെ പ്രഖ്യാപിച്ചത്. ഇവർ 15നു ക്യാംപിൽ ചേരണം. മോഹൻ ബഗാന്റെ മലയാളി താരം സഹൽ അബ്ദുൽ സമദ് ഈ പട്ടികയിലുണ്ട്.
കൊൽക്കത്തയിൽ ജൂൺ ആറിനു കുവൈത്തിനെ നേരിടുന്ന ഇന്ത്യൻ ടീം 11നു ദോഹയിൽ ഖത്തറിനെയും നേരിടും. 4 കളിയിൽ 4 പോയിന്റുമായി രണ്ടാമതാണ് ഇന്ത്യ. ഗ്രൂപ്പിലെ ആദ്യ 2 സ്ഥാനക്കാരാണ് അടുത്ത റൗണ്ടിലേക്കു മുന്നേറുക.