ADVERTISEMENT

തിരക്കുകൾക്ക് പിന്നാലെ ഓടി ആഹാരത്തിനും വിശ്രമത്തിനും വേണ്ടി പോലും നീക്കിവെക്കാൻ സമയമില്ലാതായവരുടെ ലോകമാണിത്. അതുകൊണ്ട് തന്നെ ഒറ്റ ക്ലിക്കിൽ വീട്ടുമുറ്റത്തെത്തുന്ന ഫുഡ് ഡെലിവറി ശൃംഖലകൾ നാൾക്കുനാൾ വർദ്ധിക്കുകയും ചെയ്യുന്നു. ഇതുമൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ ഭീഷണിയെക്കുറിച്ച് അറിയാമെങ്കിലും മറ്റു മാർഗങ്ങളില്ലാതെ ഭക്ഷണം ഓർഡർ ചെയ്തു വരുത്താൻ ആളുകൾ നിർബന്ധിതരാകുകയാണ്. ഈ സാഹചര്യത്തിൽ ആരോഗ്യത്തിന് ഗുണകരമായ ഹോം മെയ്ഡ് ഭക്ഷണം ജനങ്ങളിലേയ്ക്ക് എത്തിക്കാനായാലോ? ആ ചിന്തയിൽ നിന്നും ഒരമ്മ വളർത്തിയെടുത്ത സ്വപ്നം ഇന്ന് കോടികളുടെ വാർഷിക വരുമാനവുമായി കയ്യടി നേടുകയാണ്. അമ്മമ്മാസ് പ്രോഡക്ട്സ് എന്ന സംരംഭത്തിന്റെ വിജയകഥ ഇങ്ങനെ.

ഹൈദരാബാദ് സ്വദേശിയായ പ്രതിമ വിശ്വനാഥ് എന്ന വീട്ടമ്മ ടെന്നിസ് പ്ലെയറായ മൂത്ത മകൾക്കായി പോഷക സമൃദ്ധമായ  ഭക്ഷണം ഒരുക്കാൻ കണ്ടെത്തിയ വഴികളാണ് എല്ലാത്തിന്റെയും തുടക്കം. മകൾക്കൊപ്പം പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യേണ്ടി വന്നിരുന്നു. കായികരംഗത്തായതിനാൽ എല്ലാത്തരം ഭക്ഷണവും മകൾക്ക് കഴിക്കാനാവാത്ത അവസ്ഥ. ഏറെനേരം സൂക്ഷിക്കാവുന്ന തരത്തിൽ, എന്നാൽ എണ്ണമയമില്ലാത്ത, ആവശ്യത്തിന് കലോറികൾ അടങ്ങിയ പോഷക സമ്പുഷ്ടമായ ആഹാരം മകൾക്കായി കരുതേണ്ടിവന്നു. അങ്ങനെ മകൾക്കുവേണ്ടി ഒരു പ്രത്യേക മെനു തന്നെ പ്രതിമ തയാറാക്കി. 

ammammas-chappathy
പ്രതിമ വിശ്വനാഥ്, Image Credits: Instagram/ prathima.v

മുരിങ്ങയും റാഗിയും കലർത്തിയ ചപ്പാത്തിയും പ്രത്യേകമായി തയാറാക്കിയ ചട്നിയും എല്ലാം യാത്രകളിലും അവർക്കൊപ്പം കൂടി. എന്നാൽ ബിരുദ കോഴ്സിനായി മകൾ അമേരിക്കയിലേക്ക് പറന്നതോടെയാണ് പ്രതിമയ്ക്ക് ഒരു ശൂന്യത അനുഭവപ്പെട്ടു തുടങ്ങി. തനിക്ക് ഇനി എന്ത് ചെയ്യാനാവുമെന്ന ചിന്ത അവിടെ ആരംഭിച്ചു. ഹോം മെയ്ഡായി ലഭിക്കുന്ന റെഡി ടു കുക്ക് ഭക്ഷണപദാർഥങ്ങൾ വിപണിയിൽ അധികമില്ല എന്ന് തിരിച്ചറിവിലേക്കാണ് അത് എത്തിച്ചത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ആളുകൾക്ക് ഏറെ താല്പര്യമുണ്ടെന്നും എന്നാൽ അതിനായി ചിലവിടാൻ സമയം മാത്രമാണ് ഇല്ലാത്തതെന്നും അവർ തിരിച്ചറിഞ്ഞു. ഏറെ ആലോചനകൾക്ക് ശേഷം മകൾക്കായി തയാറാക്കിയ റെസിപ്പികൾ പാക്കേജ്ഡ് ഭക്ഷണമായി വിപണിയിലെത്തിക്കാം എന്ന തീരുമാനത്തിൽ എത്തുകയും ചെയ്തു.

കൺസ്യൂമർ ഗുഡ്സ് മേഖലയിൽ കാൽ നൂറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള ഭർത്താവ് വിശ്വനാഥും പ്രതിമയുടെ ആഗ്രഹങ്ങൾക്കൊപ്പം നിന്നു. അങ്ങനെ 2019 ൽ വെറും 500 ചതുരശ്ര അടി ഇടമുള്ള ഒരു സ്ഥലം കണ്ടെത്തി ‘അമ്മമ്മാസ്’ എന്ന ബ്രാൻഡിന് രൂപം നൽകി.  റെഡി ടു കുക്ക് ചപ്പാത്തികൾക്കാണ് വിപണിയിൽ ഏറ്റവും അധികം ഡിമാൻഡുള്ളത്. ഹൈദരാബാദിലെ ഗേറ്റഡ് കമ്മ്യൂണിറ്റികളിലും ഹോട്ടലുകളിലും ഗോതമ്പിൽ നിർമിച്ച ചപ്പാത്തികൾ വിതരണം ചെയ്തായിരുന്നു തുടക്കം. ഉപഭോക്താക്കൾ സംതൃപ്തി അറിയിച്ചതോടെ കടകളിലേക്കും വിൽപന വ്യാപിപ്പിച്ചു. ഇന്ന് തെലങ്കാന, ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിലെ മുൻനിര റീടെയ്ൽ ശൃംഖലകളിലും അമ്മമാസിന്റെ സ്വന്തം വെബ്സൈറ്റിലും ഉത്പന്നങ്ങൾ ലഭ്യമാണ്. മേത്തി ചപ്പാത്തി, റാഗി ചപ്പാത്തി, മുരിങ്ങ ചപ്പാത്തി, ഇഡ്ഢലി -ദോശമാവ്, മുറുക്ക്, ചക്കോഡി, നെയ്യ് തുടങ്ങി വ്യത്യസ്തതരം ഉൽപന്നങ്ങൾ അമ്മമ്മാസ് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം നാലു വ്യത്യസ്തതരം ചട്നികളും വിപണിയിൽ എത്തിച്ചു. 

10 ലക്ഷം രൂപ മുതൽമുടക്കിയാണ് പ്രതിമ ബിസിനസ് ആരംഭിച്ചത്. പിന്നീടും ബിസിനസ് കൃത്യമായി നടത്തുന്നതിന് പണം ഒഴുക്കേണ്ടിവന്നു. വിതരണക്കാരെ കണ്ടെത്തുന്നതിനും കടകളിൽ ഇടം നേടുന്നതിനും ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടു. വിജയത്തിലേക്ക് എത്തുന്നതുവരെ അന്നോളം ഉണ്ടായിരുന്ന സമ്പാദ്യം മുഴുവൻ ബിസിനസിനായി മാത്രം നീക്കിവച്ചു എന്നു പറയാം. എന്നാൽ ഈ പരിശ്രമങ്ങൾ ഒന്നും പാഴായില്ല. ദിവസം 50 ചപ്പാത്തികൾ നിർമിച്ചു തുടങ്ങിയ സംരംഭം ഇന്ന് പ്രതിദിനം അൻപതിനായിരം ചപ്പാത്തികൾ വിൽപ്പന ചെയ്യുന്നതിലേക്ക് വളർന്നിട്ടുണ്ട്. കഴിഞ്ഞവർഷം ആറുകോടി രൂപയായിരുന്നു വിറ്റുവരവ്.

വർഷം തോറും 40 ശതമാനം വളർച്ച ബിസിനസിൽ ഉണ്ടാകുന്നുണ്ടെന്നാണ് പ്രതിമയുടെ കണക്ക്. ഇന്ന് 6000 ചതുരശ്ര അടി വിസ്തീർണമുള്ള ഫാക്ടറിയിലാണ് അമ്മമ്മാസ് പ്രവർത്തിക്കുന്നത്. 130 പേർക്ക് ഇതിലൂടെ ജോലിയും നൽകി. മക്കൾക്ക് രുചികരമായി വീട്ടിൽ തയാറാക്കിയ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ പെടാപ്പാടുപെട്ടിരുന്ന അമ്മമാരിൽ നിന്നും ലഭിക്കുന്ന മനസ്സുനിറഞ്ഞ പ്രതികരണമാണ് മുന്നോട്ടുപോകാനുള്ള പ്രതിമയുടെ ഊർജ്ജം.

English Summary:

How Ammammas is Winning Hearts and Markets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com