ADVERTISEMENT

രാജ്യതലസ്ഥാനത്തെ മുൾമുനയിലാക്കി ഡൽഹിയിലും നോയിഡയിലും നൂറോളം സ്കൂളുകളിൽ ബോംബ് ഭീഷണി ഉയർന്നിരുന്നു. സ്കൂളുകളിൽനിന്നും വിദ്യാർഥികളെ ഒഴിപ്പിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ഇപ്പോഴിതാ അഹമ്മദാബാദിലെ നിരവധി സ്കൂളുകളിലും ബോംബ് ഭീഷണി സന്ദേശങ്ങളെത്തിയിരിക്കുന്നു. പൊലീസും ബോംബ് ഡിറ്റക്ഷൻ ടീമുകളും ഉൾപ്പെടെയുള്ള അധികാരികൾ ഉടനടി പ്രതികരിക്കുകയും വിപുലമായ തിരച്ചിൽ നടത്തുകയും ചെയ്തു.

സുരക്ഷാ മുൻകരുതലെടുക്കുന്നതിനൊപ്പം രാജ്യത്തെ ഭീതിയിലാഴ്ത്തുന്ന ഇത്തരം സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനും വ്യാജ ഐപി ഡീകോഡ് ചെയ്യുന്നതിനുമുള്ള ശ്രമങ്ങൾ നടക്കുന്നു. sawariim@mail. ru എന്ന  ഐഡിയിൽ നിന്നാണ് ഇമെയിലുകൾ അയച്ചിരുന്നത് (ഐഎസ് പോലുള്ള സംഘടനകൾ സമാന നാമമുള്ള മെയിൽ ഐഡികളാണ് ഉപയോഗിക്കുന്നത്. കൂടാതെ ഐഡന്റിന്റി മറയ്ക്കാൻ ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ഉപയോഗിച്ചു. അതേസമയം താൽക്കാലിക മെയിൽ ഐഡികൾ നിർമിക്കുന്ന ടെംപ് മെയിൽ എന്ന സേവനം ഉപയോഗിച്ചു നിർമിച്ച മെയിൽ ഐഡിയും ആയിരിക്കാമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

പ്രതീകാത്മക ചിത്രം  Image Credit: Михаил Руденко/istockphoto.com
പ്രതീകാത്മക ചിത്രം Image Credit: Михаил Руденко/istockphoto.com

മോസ്കോയിലെ നാഷണൽ സെന്‍ട്രൽ ബ്യൂറോയുമായി ഡൊമെയ്ൻ സൃഷ്ടിച്ച വ്യക്തിയുടെ വിശദാംശങ്ങൾതേടി ‍ഡൽഹി പൊലീസ് ബന്ധപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒപ്പം റഷ്യൻ മെയിൽ സേവനദാതാക്കളെയും ഇന്റർപോള്‍ ചാനലുകളിലൂടെ സമീപിക്കുന്നുണ്ടത്രെ. അധികം വൈകാതെ ഭീഷണി മുഴക്കിയവരിലേക്കു അധികൃതർ എത്തിച്ചേർന്നേക്കാം. 

ടെംപ് സംവിധാനം എങ്ങനെ ഭീഷണിയാകുന്നുവെന്നതു പരിശോധിക്കാം

താൽക്കാലിക ഇമെയിൽ അഥവാ ഡിസ്പോസിബിൾ ഇമെയിൽ വിലാസങ്ങൾ നൽകുന്ന ഒരു സേവനമാണ് ടെംപ് ഇമെയിൽ. സോഷ്യൽ മീഡിയകളിലും മറ്റും ലോഗിൻ ചെയ്യാൻ മാത്രം ഉപയോഗിക്കുന്ന ഇത്തരം ഇമെയിലുകൾ കുറച്ച് സമയത്തേക്ക് (മിനിറ്റുകൾ മുതൽ ദിവസങ്ങൾ വരെ) നിലനിൽക്കുകയും പിന്നീട് സ്വയം നശിപ്പിക്കുകയും ചെയ്യുന്നു.

ടെംപ് മെയിൽ ഉപയോഗിക്കുന്നതിന്റെ പിന്നിൽ

∙ Gmail, Yahoo പോലുള്ള മുഖ്യധാരാ ഇമെയിൽ ദാതാക്കൾക്ക് പുതിയ റജിസ്ട്രേഷനുകൾക്കായി ഒരു ഫോൺ നമ്പറോ നിലവിലുള്ള ഒരു ഇമെയിൽ വിലാസമോ പോലുള്ള ഉപയോക്തൃ ഡാറ്റ ആവശ്യമാണ്, ഇത് അധികാരികൾക്ക് അവരുടെ ഉടമകളെ ട്രാക്ക് ചെയ്യുന്നത് എളുപ്പമാക്കുന്നു.

∙ പ്രധാന ഇമെയിൽ നൽകാതെ അപരിചിതമായ സൈറ്റുകൾക്കായി സൈൻ അപ്പ് ചെയ്യുകയും, സ്പാം, പരസ്യ മെയിലിംഗുകൾ, മാൽവെയറുകൾ എന്നിവയിൽ നിന്ന് ഇമെയിൽ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ഡിസ്പോസിബിൾ താൽക്കാലിക ഇമെയിലുകൾ വികസിപ്പിച്ചിരിക്കുന്നത്.

∙ആർക്കും ഒരു താൽക്കാലിക മെയിൽ വിലാസം സൃഷ്ടിക്കാൻ കഴിയുമെന്നതിനാൽ, അവ തെറ്റായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന് നിങ്ങൾക്കു സ്ഥിരം എത്തുന്ന ഒരു മെയിൽ ഐഡിയായി തട്ടിപ്പ് നടത്താൻ ഈ സംവിധാനം ഉപയോഗിക്കാം.

∙മെയിൽബോക്‌സ് ഉപയോഗ കാലയളവ് അവസാനിച്ചതിന് ശേഷം ഉപയോക്താവിന്റെ എല്ലാ വ്യക്തിഗത വിശദാംശങ്ങളും വിലാസവും ഐപി വിലാസവും ഇല്ലാതാകും. പക്ഷേ  അന്വേഷണ ഏജൻസികൾ അൽപ്പം പരിശ്രമിച്ചാൽ ഇത്തരം ആളുകളിലേക്കെത്താനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com