ADVERTISEMENT

ഭരണാധികാരിയാകുക അത്ര എളുപ്പമല്ല. നല്ലൊരു രാജാവ് ധർമത്തിന്റെ കൊടിയടയാളമാണെന്നാണ് പ്രാചീന ഇന്ത്യ പഠിപ്പിക്കുന്നത്. ഒരേസമയം യോദ്ധാവും തത്വചിന്തകനും ന്യായാധിപനും ധാർശനികനും ദയാനിധിയുമായ രാജാക്കൻമാരുടെ ധാരാളം ചരിത്രം ഇന്ത്യൻ ഐതിഹ്യങ്ങളിലുണ്ട്. ഇതിൽ പ്രശസ്തനാണ് ശിബിയെന്ന ചക്രവർത്തി. ദയാപരതയുടെയും ദാനധർമത്തിന്റെയും മനുഷ്യരൂപമായിരുന്നു ശിബി. ഈ മഹാന്റെ കഥ നിങ്ങൾ ഇതിനു മുൻപ് തന്നെ കേട്ടുകാണാനിടയുണ്ട്. ഹിന്ദു, ബുദ്ധിസ്റ്റ്, ജൈന സാഹിത്യത്തിൽ വിവരിച്ചിട്ടുള്ള ചക്രവർത്തിയാണ് ശിബി. ഭാരതത്തിലെ പ്രമുഖ രാജവംശമായിരുന്ന ചന്ദ്രവംശത്തിലെ ചക്രവർത്തിയായിരുന്നു അദ്ദേഹം. ചന്ദ്രവംശത്തിലെ ഉശീനര മഹാരാജാവിന്റെ പുത്രൻ. ഇഷ്വാകുവിന്റെ കൂടപ്പിറപ്പായിരുന്ന ഇളയാണ് ചന്ദ്രവംശം സ്ഥാപിച്ചത്. 

ശിബിയുടെ ധർമചിന്തയെപ്പറ്റി വളരെ പ്രശസ്തമായ കഥ ഇങ്ങനെയാണ്. ശിബിയുടെ സത്യസന്ധതയും ദാനശീലവും ഭൂലോകത്തുമാത്രമല്ല, സ്വർഗലോകത്തും അദ്ദേഹത്തെ പ്രശസ്തനാക്കി. ശിബിയുടെ ഈ സവിശേഷത ഒന്നു പരീക്ഷിക്കണമെന്ന് ദേവാധിപനായ ഇന്ദ്രനും അഗ്നിദേവനും തീരുമാനിച്ചു. അഗ്നിദേവൻ ഒരു പ്രാവിന്റെയും ദേവേന്ദ്രൻ ഒരു കഴുകന്റെയും രൂപം പൂണ്ടു. ഒരിക്കൽ രാജസഭയിൽ ശിബി ചക്രവർത്തി ഇരിക്കുന്ന സമയത്ത് അഗ്നിദേവൻ പ്രാവായി പറന്നു ചെന്നു. തന്നെ രക്ഷിക്കണമെന്നും ഭീമാകാരനായ ഒരു കഴുകൻ തന്നെ ആക്രമിക്കാൻ വരുന്നെന്നും പറഞ്ഞായിരുന്നു ആ വരവ്.

തൊട്ടുപിന്നാലെ കഴുകനായി മാറിയ ദേവേന്ദ്രനുമെത്തി. പ്രാവ് ശിബിയിൽ അഭയം തേടി. എന്നാൽ പ്രാവ് തന്റെ ആഹാരമാണെന്നും തനിക്കതിനെ വിട്ടുതരണമെന്നും അതാണു ധർമമെന്നും കഴുകൻ വാദിച്ചു. ശിബി ധർമസങ്കടത്തിലായി. അഭയം പ്രാപിച്ച ഒരു ജീവിയെ രക്ഷിക്കാതിരിക്കുന്നത് രാജധർമത്തിനും മര്യാദയ്ക്കും എതിരാണ്. എന്നാൽ കഴുകൻ പറയുന്നതിലും കാര്യമുണ്ട്. ഇരയെ വേട്ടയാടാൻ കഴുകന് പ്രകൃതിപരമായ അവകാശമുണ്ട്. ഇപ്പോഴെന്ത് ചെയ്യും എന്ന ചിന്തയിലാഴ്ന്നുപോയി മഹാനായ ശിബി.പ്രാവിനെക്കാളും രുചികരവും മികവേറിയതുമായ ആഹാരം താൻ തരാമെന്ന് കഴുകനോട് ശിബി പറഞ്ഞു.

Art3a
Image Credit: This image was generated using Midjourney

എന്നാൽ തനിക്കു വേണ്ടത് താൻ ഇരപിടിക്കാനിറങ്ങിയ പ്രാവിനെയാണെന്നും മറ്റൊന്നും വേണ്ടെന്നും കഴുകൻ കട്ടായം പറഞ്ഞു. എന്നാൽ എന്തൊക്കെ സംഭവിച്ചാലും ശരണം തേടിയെത്തിയ പ്രാവിനെ വിട്ടുതരില്ലെന്നും പകരം മറ്റെന്തുവേണമെങ്കിലും ചോദിച്ചു കൊള്ളാനും ശിബി കഴുകനോട് പറഞ്ഞു. അങ്ങനെയെങ്കിൽ, അത്ര ദയാപരനെങ്കിൽ പ്രാവിന്റെ തൂക്കത്തിനു തുല്യമായ മാംസം ശിബി ചക്രവർത്തി തന്റെ വലതുതുടയിൽ നിന്നു മുറിച്ചുനൽകണമെന്ന് കഴുകൻ പറഞ്ഞു. ആ ഉടമ്പടിക്ക് ശിബി ചക്രവർത്തി ഉടനടി സമ്മതം മൂളി. തന്റെ ശരീരത്തിൽ നിന്നു മാംസം മുറിച്ചുമാറ്റണമെന്ന ബീഭത്സമായ കൃത്യം ചെയ്യണമെന്നത് ശിബിയെ ഭയപ്പെടുത്തിയിട്ടില്ല. ശരീരത്തിന്റെ വേദനയെ തൃണവൽഗണിച്ച ആ മഹാത്മാവ് തന്റെ ധർമത്തിനു മാത്രമാണ് പ്രാധാന്യം നൽകിയത്.

Art4
Image Credit: This image was generated using Midjourney

ശിബിയുടെ നിർദേശത്തിൽ രാജസഭയിൽ ഒരു തുലാസ്സ് ഒരുക്കപ്പെട്ടു. അതിന്റെ ഒരു തട്ടിൽ പ്രാവിനെ ഇരുത്തി. മറുതട്ടിലേക്ക് തന്റെ തുടയിൽ നിന്ന് ശിബി മാംസം അറുത്തുവച്ചു. എന്നാൽ എത്ര മാംസം വച്ചിട്ടും പ്രാവ് ഇരുന്ന തട്ട് താണുതന്നെയിരുന്നു. ഒടുവിൽ ശിബി സ്വയം തുലാസിലേക്കു കയറി ഇരുന്നശേഷം തന്നെ ഭക്ഷിച്ചുകൊള്ളാൻ കഴുകനോട് പറഞ്ഞു. എന്നാൽ ഇത്രയും ചെയ്തത് മതിയെന്നു പറഞ്ഞ് കഴുകൻ പറന്നുപോയി. നിങ്ങൾ ആരാണെന്നും എന്താണ് ഉദ്ദേശമെന്നും ശിബി പ്രാവിനോട് ചോദിച്ചു. താൻ അഗ്നിദേവനാണെന്നു വെളിപ്പെടുത്തിയ പ്രാവ് ശിബിയുടെ ത്യാഗം തന്നെ അദ്ഭുതപ്പെടുത്തിയെന്നു പറഞ്ഞു. ശരീരത്തിലെ മുറിവുകളെല്ലാം മാറ്റി പഴയതിലും സുന്ദരനും ഊർജസ്വലനുമായി ശിബി ഉടനെ മാറി.

താൻ സംപ്രീതനായിരിക്കുന്നെന്നും ശിബയുടെയും അദ്ദേഹത്തിന്റെ അനന്തര തലമുറയുടെയും നാമം യുഗയുഗാന്തരങ്ങളോളം നിലനിൽക്കുമെന്നും അനുഗ്രഹിച്ച് അഗ്നിദേവൻ മടങ്ങി. ശിബി ചക്രവർത്തി മഹത്തായ ഒരു സന്ദേശമാണ് ലോകത്തിന് നൽകിയത്. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളയാളുടെയും രക്ഷയവും സൽസ്ഥിതിയും ഉറപ്പുവരുത്തുന്നിടത്താണ് ഒരു രാജാവിന്റെ വിജയമെന്നതായിരുന്നു ആ സന്ദേശം.

English Summary:

A Tale of Kingship and Morality: The Enlightening Story of Emperor Shibi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com