ADVERTISEMENT

കുട്ടനാട്∙ സിപിഎം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിൽ പ്രസിഡന്റ് ആർ.രാജേന്ദ്രകുമാറിനെ പുറത്താക്കാൻ 3 സിപിഎം അംഗങ്ങളുടെ പിന്തുണയോടെയാണു യുഡിഎഫ് അവിശ്വാസത്തിനു നോട്ടിസ് നൽകിയത്. വോട്ടെടുപ്പായപ്പോൾ മറുപക്ഷത്തു നിന്ന് ഒരു സിപിഎം അംഗം കൂടി ഇവരോടൊപ്പം ചേർന്നു. എൽഡിഎഫ്– 9, യുഡിഎഫ്– 4 എന്നിങ്ങനെയായിരുന്നു ഇവിടത്തെ കക്ഷിനില.

യുഡിഎഫ് അംഗങ്ങളായ ആർ.രാജുമോൻ, ഡെന്നി സേവ്യർ, സോളി ആന്റണി, ഷീന റെജപ്പൻ എന്നിവർക്കൊപ്പം സിപിഎം അംഗങ്ങളായ കെ.പി.അജയഘോഷ്, സൂര്യ ജിജിമോൻ, ബിൻസ് ജോസഫ് എന്നിവരും ഒപ്പിട്ടാണ് അവിശ്വാസത്തിനു നോട്ടിസ് നൽകിയത്. ഇന്നലെ സിപിഎം അംഗം മോൾജി രാജേഷും ഇവർക്കൊപ്പം ചേർന്നു.

സിപിഎം ലോക്കൽ കമ്മിറ്റിയോ ഏരിയ കമ്മിറ്റിയോ അറിഞ്ഞല്ല അംഗങ്ങൾ അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടതെന്നാണു പ്രാദേശിക നേതൃത്വത്തിന്റെ വാദം. ഒപ്പിട്ട അംഗങ്ങൾക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയെന്നും അറിയിച്ചു. എന്നാൽ സ്വന്തം പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പുറത്താക്കാൻ സിപിഎം തീരുമാനിച്ചെന്ന ചീത്തപ്പേര് ഒഴിവാക്കാനുള്ള തന്ത്രമാണിതെന്നു മറുപക്ഷവും ആരോപിച്ചു.

അതേസമയം, ഒരു പഞ്ചായത്തിൽ കൂടി ഭരണം ലഭിക്കുന്ന സാഹചര്യം വന്നതിനാലാണു രാമങ്കരിയിൽ യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നതെന്നു ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് പറഞ്ഞു. 13 അംഗ ഭരണസമിതിയിൽ 4 അംഗങ്ങൾ മാത്രമുള്ള യുഡിഎഫിനു പ്രസിഡന്റ് സ്ഥാനം ലഭിക്കണമെങ്കിൽ സിപിഎം പിന്തുണ വേണമെന്നതാണു സാഹചര്യം. സിപിഎമ്മുമായി ധാരണയുണ്ടാക്കിയാണു യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നതെന്നാണു ഡിസിസി പ്രസിഡന്റിന്റെ വാക്കുകളിലെ സൂചന.

സിപിഎം ആർക്കൊപ്പം നിൽക്കും?
ആലപ്പുഴ ∙ പാർട്ടിയുടെ അറിവോടെയല്ല അംഗങ്ങൾ അവിശ്വാസത്തെ അനുകൂലിച്ചതെന്ന സിപിഎം നേതൃത്വത്തിന്റെ വിശദീകരണം ശരിയാണെങ്കിൽ പാർട്ടി ഇനി ആർക്കൊപ്പം നിൽക്കുമെന്ന് ചോദ്യം ഉയരുന്നു.  അവിശ്വാസ നോട്ടിസിൽ ഒപ്പിട്ടവർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയെന്നതു ശരിയാണെങ്കിൽ അംഗങ്ങൾ ചെയ്തതു പാർട്ടി വിരുദ്ധമാണ്. അവർക്കെതിരെ നടപടി ഉണ്ടാകേണ്ടതാണ്.

മറ്റൊരു പ്രശ്നം കൂടി ഉയർന്നു വരും; അവിശ്വാസത്തെ അനുകൂലിച്ചതു പാർട്ടിവിരുദ്ധമാണെങ്കിൽ പ്രസിഡന്റിനൊപ്പം നിന്നവരുടേതു പാർട്ടി നിലപാടാകും. അവർക്കെതിരെ നടപടിയെടുക്കാനും പറ്റില്ല. അപ്പോൾ പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്നവർ യഥാർഥ പാർട്ടി നിലപാടുകാരാകും.

അതേസമയം, ഭരണസമിതിയോടു ജനങ്ങൾക്ക് എതിർപ്പായിരുന്നെന്നും ആ വികാരം മാനിച്ചു പഞ്ചായത്തംഗങ്ങൾ ഭാരവാഹികളെ താഴെയിറക്കിയതാണെന്നുമാണു സിപിഎം ജില്ലാ സെക്രട്ടറി പറയുന്നത്. പാർട്ടിയെ ധിക്കരിക്കാത്തവരെയാണു ജില്ലാ സെക്രട്ടറി വിമർശിക്കുന്നതെന്ന് അതിന് അർഥം വരും. വിചിത്രമായ വിഷയമാണ് പാർട്ടി കൈകാര്യം ചെയ്യേണ്ടതെന്നു ചുരുക്കം.

മറനീക്കി സിപിഎം– സിപിഐ പോര്; ആരോപണങ്ങളുമായി നേതൃത്വങ്ങൾ
ആലപ്പുഴ∙ രാമങ്കരി പഞ്ചായത്തിലെ അവിശ്വാസ വിഷയത്തിൽ സിപിഎം–സിപിഐ ജില്ലാ നേതൃത്വങ്ങൾ ആരോപണങ്ങളുമായി നേർക്കുനേർ. അവിശ്വാസം പാസായത് സിപിഎം, കോൺഗ്രസ് ജില്ലാ നേതൃത്വങ്ങളുടെ കാർമികത്വത്തിലാണെന്നു സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആരോപിച്ചു. 

പഞ്ചായത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പിനു പോലും അംഗങ്ങൾക്കു വിപ്പ് നൽകുന്ന സിപിഎം ജില്ലാ നേതൃത്വം രാമങ്കരിയിൽ വിപ്പ് നൽകാതിരുന്നത് ഈ ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഐക്ക് ഈ വിഷയത്തിൽ എന്തു കാര്യമെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറിന്റെ പ്രതികരണം.

 ‘‘പുറത്താക്കിയതു സിപിഎമ്മിന്റെ പ്രസിഡന്റിനെയാണ്. സിപിഐക്കു രാമങ്കരിയിൽ പ‍ഞ്ചായത്തംഗങ്ങളില്ല. പിന്നെ എന്താണു പ്രശ്നം. രാജേന്ദ്രകുമാർ സിപിഐക്കാരനാണോ? എങ്കിൽ അതു വ്യക്തമാക്കട്ടെ’’–നാസർ പറഞ്ഞു.

അവിശ്വാസം പാസായതോടെ കുട്ടനാട്ടിലെ സിപിഎമ്മിനുള്ളിലെ വിഭാഗീയതയും സിപിഐയുമായുള്ള പോരും വീണ്ടും ശക്തമാകുകയാണ്.  സിപിഐ മത്സരിച്ച മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ‍ ഉൾപ്പെട്ട കുട്ടനാട്ടിൽ സിപിഎമ്മിനെ പിണക്കിയാൽ തിരഞ്ഞെടുപ്പിൽ ദോഷമുണ്ടാകുമെന്നതിനാൽ തൽക്കാലം കൊമ്പു കോർക്കാതെയായിരുന്നു സിപിഐ നിലപാട്.

തിരഞ്ഞെടുപ്പിനു പിന്നാലെ സിപിഎം തന്നെ സ്വന്തം പ്രസിഡന്റിനെ പുറത്താക്കിയതോടെ ഇനിയും സംയമനം പാലിക്കേണ്ടതില്ലെന്നാണു പ്രാദേശിക സിപിഐ നേതാക്കളുടെ അഭിപ്രായം. ജില്ലാ സെക്രട്ടറി തന്നെ രൂക്ഷവിമർശനം നടത്തിയത്, ഇരുപാർട്ടികളും തമ്മിലും സിപിഎമ്മിനുള്ളിലും പോരു ശക്തമാകും എന്നതിന്റെ സൂചനയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com