ADVERTISEMENT

ഏലൂർ ∙ സൗഹൃദങ്ങൾ പൂത്തുലഞ്ഞ കാലം, ചെറിയ പിണക്കങ്ങളും കനവുകളും കദനങ്ങളും പങ്കുവച്ചതിന്റെ ഓർമകൾ. ഓർമപ്പുസ്തകം തുറന്നപ്പോൾ പ്രായമേശാത്ത ഓർമകൾ ഓരോന്നായി പുറത്തുചാടി. കലാകായിക മേഖലയിലും പഠനത്തിലും അറിവിന്റെ നഭസ്സിൽ പ്രകാശം പരത്തിയ പഴയ പ്രതാപകാലത്തിന്റെ സ്മരണകൾ ഇന്നലെ ഫാക്ട് ടൗൺഷിപ് ഹൈസ്കൂൾ മൈതാനത്തു നിറഞ്ഞു. ഫാക്ട് ടൗൺഷിപ് സ്കൂളിലെ പൂർവ വിദ്യാർഥി സംഗമമായ ‘സ്മൃതിപർവം’ വേദിയിലാണ് ഓർമത്തിരകൾ അലയടിച്ചത്.പൂർവ വിദ്യാർഥികളെക്കൂടാതെ പ്രായം മറന്ന് അധ്യാപകരും സംഗമത്തിനെത്തിയിരുന്നു. ഫാക്ടിന്റെയും കേരളത്തിന്റെയും രാജ്യത്തിന്റെയും യശസ്സുയർത്തിയ പ്രതിഭകളെ വാർത്തെടുത്ത പ്രതാപകാലത്തെ അഭിമാനത്തോടെ സ്മരിച്ചു. ഒപ്പം സന്താപവും അവർ പങ്കിട്ടു. 

തങ്ങളുടെ വിദ്യാലയം പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നു പതനത്തിന്റെ ആഴക്കടലിൽ പതിച്ച ദുഃഖമായിരുന്നു അവരുടെ മനസ്സിൽ. 1963 മുതൽ 2004 വരെ ഫാക്ട് ‌സ്കൂളുകളുടെ സുവർണ കാലമായിരുന്നു. കേന്ദ്ര സർക്കാരിന്റെ നയപരമായ മാറ്റങ്ങൾ ഫാക്ട് സ്കൂളുകളെ കൈവിട്ടു. പിന്നീടുള്ള 20 വർഷം അപചയത്തിന്റെ കാലമായിരുന്നു. സ്കൂൾ നിലനിർത്താൻ അധ്യാപകരും പൂർവവിദ്യാർഥികളും നടത്തിയ ശ്രമങ്ങളാണ് കഴിഞ്ഞ 3 വർഷം മുന്നോട്ടുകൊണ്ടുപോയതെങ്കിലും ഈ വർഷം മുതൽ ഫാക്ട് മാനേജ്മെന്റ് പ്രവേശനം വിലക്കിയതോടെ സ്കൂൾ പൂട്ടി. എം.കെ.കെ.നായരെപ്പോലെ ഒരു മഹാൻ വീണ്ടും വരുന്ന കാലത്തു ഫാക്ട് സ്കൂളിനെ പുനരുജ്ജീവിപ്പിക്കുമെന്നുമുള്ള പ്രത്യാശയാണ് തനിക്കുള്ളതെന്നു പ്രധാനാധ്യാപകനായിരുന്ന ഡി.ഗോപിനാഥൻ നായർ പറഞ്ഞു.

 ഫാക്ട് ടൗൺഷിപ് ഹൈസ്കൂളിൽ പൂർവ വിദ്യാർഥി സംഗമമായ സ്മൃതിപർവത്തിൽ  പങ്കെടുക്കാനെത്തിയ പൂർവ വിദ്യാർഥികളും അധ്യാപകരും സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുന്നു.
ഫാക്ട് ടൗൺഷിപ് ഹൈസ്കൂളിൽ പൂർവ വിദ്യാർഥി സംഗമമായ സ്മൃതിപർവത്തിൽ പങ്കെടുക്കാനെത്തിയ പൂർവ വിദ്യാർഥികളും അധ്യാപകരും സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുന്നു.

രണ്ടുദിവസമായി നടക്കുന്ന പൂർവ വിദ്യാർഥി സംഗമത്തിന്റെ ആദ്യദിനമായ ഇന്നലെ സ്കൂൾ പ്രവൃത്തിദിവസത്തേപ്പോലെ തന്നെ രാവിലെ 8 മണിയോടെ വിദ്യാർഥികളെപ്പോലെ അവരെത്തി. ഫാക്ടിന്റെ സ്ഥാപകൻ എം.കെ.െക.നായരുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. പങ്കെടുത്തവരിൽ ഭൂരിപക്ഷം പേരും സ്കൂൾ കാലത്തെ ഓർമപ്പെടുത്തുന്ന നീലയും വെള്ളയും യൂണിഫോം ധരിച്ചാണ് എത്തിയത്. 9 മണിക്ക് സ്കൂൾ അസംബ്ലി. പൂർവ വിദ്യാർഥികൾ രചിച്ചു സംഗീതം നൽകിയ സ്മൃതിഗീതത്തോടെ തുടങ്ങി. 

സ്കൂൾ ഗീതം, വാർത്താവായന എന്നിവ നടന്നു. പൂർവ വിദ്യാർഥിയും ഐപിഎസുകാരനുമായ വിനോദ് തോമസ് പ്രതിജ്ഞ ചൊല്ലി. പൂർവ വിദ്യാർഥി സംഗമം സീനിയർ അധ്യാപകനായ വിദ്യാസാഗർ (92) ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥികളായ ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ള, സംവിധായകൻ െമക്കാർട്ടിൻ, ടിസിസി എംഡി ആർ.രാജീവ്, വിനോദ് തോമസ്, കെ.എൻ.ഗോപിനാഥ്, ഇ.കെ.സേതു തുടങ്ങിയവർ പ്രസംഗിച്ചു. പലരും പൂർവ അധ്യാപകരുടെ അനുഗ്രഹം തേടി.പൂർവ വിദ്യാർഥിയായ മോഹൻ ഏലൂർ പകർത്തിയ ഫാക്ട് പ്രതിഭകളുടെ കഥകളി വേഷങ്ങളു‌ടെ പ്രദർശനവും ഉണ്ടായിരുന്നു. പൂർവ വിദ്യാർഥികൾ കലാപരിപാടികൾ നടത്തി.

പഴയ വിദ്യാലയത്തെ തിരികെക്കൊണ്ടുവരുന്നതിനായി ഒന്നായി ഒരുമിച്ചു തുഴയാമെന്നു ദൃഢനിശ്ചയം ചെയ്തു. സ്കൂൾ നിലനിർത്താൻ ഫാക്ട് മാനേജ്മെന്റ് തയാറാവണമെന്നും അവർ ആവശ്യപ്പെട്ടു.വൈകിട്ട് നടന്ന കലാസന്ധ്യ സംവിധായകൻ എം.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ഗായിക മഞ്ജരി, പട്ടണം റഷീദ്, ഡോ.മോഹൻദാസ്, എൻ.പി.ശങ്കരൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. സ്മൃതി പർവത്തിന്റെ ആദ്യ ദിവസം ആയിരത്തോളം പേർ പങ്കെടുത്തു. സ്മൃതിപർവം ഇന്നും തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com