ADVERTISEMENT

കൊല്ലം ∙ സാങ്കേതിക പ്രശ്നങ്ങളും ഉദ്യോഗസ്ഥരുടെ അജ്ഞതയും മൂലം അപേക്ഷകരെ വലച്ച് സംസ്ഥാന സർക്കാരിന്റെ വിവരാവകാശ പോർട്ടൽ. ഓൺലൈൻ മുഖാന്തരം നൽകുന്ന വിവരാവകാശ അപേക്ഷകൾ വകുപ്പുകളിൽ കൃത്യമായി എത്തുകയോ പരാതികൾ ഒട്ടേറെ ഉണ്ടായിട്ടും ശരിയായി പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക്  സാധിക്കുകയോ ചെയ്യുന്നില്ല എന്നാണ് പരാതി.

സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് സുതാര്യമായും വേഗത്തിലും വിവരാവകാശം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ എൻഐസിയുടെ സഹകരണത്തോടെ കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ കൊണ്ടു വന്നതാണ് ആർടിഐ പോർട്ടൽ. 

അപേക്ഷകർ മറുപടി ലഭിക്കാത്തത് അന്വേഷിക്കുമ്പോൾ അപേക്ഷകൾ ലഭിച്ചിട്ടില്ലെന്നും പോർട്ടൽ വഴി അപേക്ഷിച്ച രേഖകൾ സഹിതം വീണ്ടും അപേക്ഷ സമർപ്പിക്കാനുമാണ്  ആവശ്യപ്പെടുന്നത്. കൊല്ലം സ്വദേശിയായ യുവാവ് കഴിഞ്ഞ 9 മാസത്തിനിടെ അയച്ച 6 അപേക്ഷകളിൽ 3 അപേക്ഷകൾക്ക് മാത്രമാണ് ഇതുവരെ മറുപടി ലഭിച്ചത്.

ഒരു അപേക്ഷയ്ക്ക് മറുപടി ലഭിച്ചത് സംസ്ഥാന വിവരാവകാശ കമ്മിഷന് ഉൾപ്പെടെ പരാതികൾ നൽകി 208 ദിവസങ്ങൾക്ക് ശേഷം മാത്രമാണ്. മറ്റു 3 അപേക്ഷകൾ അപ്രത്യക്ഷമാവുകയും ചെയ്തു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 നും ഈ വർഷം ഫെബ്രുവരി 14 നും ടൂറിസം വകുപ്പിലേക്കും ഏപ്രിൽ 4ന് ധനകാര്യ വകുപ്പിലേക്കും നൽകിയ വിവരാവകാശ അപേക്ഷകളാണ് കാണാതായത്.

പോർട്ടൽ തുടങ്ങിയ സമയത്ത് ഉദ്യോഗസ്ഥരുടെ അജ്ഞത മൂലവും സാങ്കേതിക പ്രശ്നങ്ങൾ മൂലവും നിരവധി പരാതികൾ ഉയർന്നിരുന്നു, തുടർന്ന് ഉദ്യോഗസ്ഥർക്ക് പോർട്ടലിന്റെ കാര്യങ്ങൾ ഏകോപിപ്പിക്കുന്ന പൊതുഭരണ വകുപ്പ് കൃത്യമായ മാർഗനിർദേശം നൽകുകയും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും പോർട്ടൽ മുഖാന്തരം അപേക്ഷ സമർപ്പിച്ചാൽ വകുപ്പിൽ എത്തിയോ എന്നു വിളിച്ചു തിരക്കേണ്ട അവസ്ഥയിലാണ് അപേക്ഷകർ. 

ഓൺലൈൻ പോർട്ടൽ വഴി നൽകുന്ന അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പിന്റെ നോഡൽ ഓഫിസർക്ക് ലഭിക്കുകയും ആ അപേക്ഷ നോഡൽ ഓഫിസർ ബന്ധപ്പെട്ട വകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് കൈമാറുകയും തുടർന്ന് അപേക്ഷകന് വിവരം ലഭ്യമാക്കുകയാണ് ചെയ്യുന്നത്.  30 ദിവസം എന്ന സമയപരിധി ഉൾപ്പെടെയുള്ള ചട്ടങ്ങൾ ഇതിലും ബാധകമാണ്. 

അപേക്ഷ ഓൺലൈനിൽ, മറുപടി ഓഫ്‌ലൈൻ
കൊല്ലം ∙ വിവരാവകാശ പോർട്ടൽ വഴി ഓൺലൈൻ വഴി അപേക്ഷിക്കാനും ഉത്തരങ്ങൾ ലഭ്യമാക്കാനും കൂടി ഉള്ളതാണെങ്കിലും സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ അപേക്ഷ സമർപ്പിക്കാൻ മാത്രമേ സാധിക്കൂ. അപേക്ഷയ്ക്കുള്ള മറുപടി സാധാരണ രീതിയായ തന്നെ തപാൽ മുഖാന്തരം മാത്രമാണ് ലഭിക്കുന്നത്.

ഓൺലൈൻ പോർട്ടലിലെ ഡാഷ്ബോർഡിൽ വിശദാംശങ്ങൾ പരിശോധിച്ചാൽ അപേക്ഷയുടെ സകല വിവരങ്ങളും ലഭ്യമാകുമെങ്കിലും മറുപടിയുടെ വിശദാംശങ്ങൾ ലഭിക്കില്ല. അപേക്ഷകർക്ക് അപ്പീൽ നൽകാനുള്ള സംവിധാനവും പോർട്ടലിൽ ഒരുക്കിയിട്ടില്ല.

പോർട്ടലിൽ സംശയനിവാരണത്തിനായി ഇമെയിൽ വിലാസത്തിന് ഒപ്പം ഫോൺ നമ്പർ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ പോർട്ടലിൽ അപേക്ഷകൾക്കുള്ള മറുപടി ഓൺലൈനായി ലഭ്യമാക്കുന്നതിനോടൊപ്പം അപ്പീൽ നൽകാനുള്ള സംവിധാനങ്ങളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com