ADVERTISEMENT

വൈക്കം ∙ വിനോദയാത്രയ്ക്കു വീട്ടിൽ നിന്ന് ഇറങ്ങിയ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കുളത്തിലേക്കു തലകീഴായി മറിഞ്ഞു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 4ന് ആയിരുന്നു അപകടം.

വൈക്കം മറവൻതുരുത്ത് ഗുരുകൃപ റോഡിൽ പാറപ്പുറം നൗബിൻ (30), ഭാര്യ ഷഹനാസ് (26), മക്കൾ നൂഹമറിയം (4), നിഹമറിയം (2) എന്നിവർ സഞ്ചരിച്ച കാർ മണിയശേരി ക്ഷേത്രത്തിനു സമീപം മുട്ടത്തു കുളത്തിലേക്കാണു മറിഞ്ഞത്.

നൗബിൻ ആണ് കാർ ഓടിച്ചിരുന്നത്. വീട്ടിൽ നിന്ന് ഏകദേശം 150 മീറ്റർ അകലെയാണ് അപകടം നടന്നത്. ഇവിടെ ഇതിനു മുൻപ് 2 കാർ, ഒരു ടിപ്പർ ലോറി, ഒരു ബൈക്ക് എന്നിവ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു. കുളത്തിനു സംരക്ഷണ ഭിത്തി നിർമിച്ച് അപകടം ഒഴിവാക്കാൻ നടപടി ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം. 8 മണിയോടെ ക്രെയിൻ എത്തിച്ചാണ് കുളത്തിൽ നിന്നു കാർ കയറ്റിയത്.

ആദ്യം ഒന്നു പകച്ചു, പിന്നെ രക്ഷകനായി നൗബിൻ
നൗബിന്റെ അവസരോചിതമായ ഇടപെടലിലാണ് ഭാര്യയുടെയും 2 കുട്ടികളുടെയും ജീവൻ രക്ഷിക്കാനായത്. ആലപ്പുഴയിലുള്ള വീട്ടുകാരുമായി മൂന്നാറിലേക്ക് വിനോദയാത്ര പോകാനായി പുലർച്ചെ മറവൻതുരുത്തിലുള്ള ഭാര്യയുടെ വീട്ടിൽ നിന്നാണ് കാറിൽ പുറപ്പെട്ടു. വീതി കുറഞ്ഞ റോഡിൽ വളവ് തിരിക്കുന്നതിനിടെ റോഡിന്റെ തിട്ട ഇടിഞ്ഞ് കുളത്തിലേക്കു തലകീഴായി മറിയുകയായിരുന്നു. 

കുളത്തിലേക്കു മറിഞ്ഞ കാറിനുള്ളിൽ കുടുങ്ങിയ ഭാര്യയുടെയും രണ്ട് കുട്ടികളുടെയും ജീവൻ രക്ഷിച്ച നൗബിൻ.
കുളത്തിലേക്കു മറിഞ്ഞ കാറിനുള്ളിൽ കുടുങ്ങിയ ഭാര്യയുടെയും രണ്ട് കുട്ടികളുടെയും ജീവൻ രക്ഷിച്ച നൗബിൻ.

പെട്ടെന്നു ഡോർ തുറക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ആദ്യം എന്തുചെയ്യണം എന്നറിയാതെ പകച്ചുപോയി. ഇതിനിടെ കാറിന്റെ ഉള്ളിലേക്കു വെള്ളം ഇരച്ചുകയറി. നിമിഷങ്ങൾക്കുള്ളിൽ ഡോറിന്റെ ഗ്ലാസ് താഴ്ത്തിയിരുന്ന വിടവിലൂടെ പുറത്തിറങ്ങി ഭാര്യയെയും രണ്ട് കുട്ടികളെയും സുരക്ഷിതമായി കരയിൽ എത്തിക്കുകയായിരുന്നു.

സമീപത്ത് വീടുകൾ ഉണ്ടായിരുന്നെങ്കിലും അപകടം സംഭവിച്ചത് ആരും അറിഞ്ഞിരുന്നില്ല. നൗബിൻ പറയുമ്പോഴാണ് വീട്ടുകാർ അപകടം അറിഞ്ഞത്. കുളത്തിൽ വെള്ളം കുറവായതും കാറിന്റെ ഗ്ലാസ് താഴ്ത്തി ഇട്ടിരുന്നതുമാണ് രക്ഷയായതെന്ന് നൗബിൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ കൈക്കു പരുക്കേറ്റ നൗബിൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

റവന്യു, പഞ്ചായത്ത് എന്നിവരുടെ ഉടമസ്ഥതയിലാണ് 22 സെന്റോളം വിസ്തൃതിയുള്ള മുട്ടത്തു കുളം. ഭിത്തി കെട്ടി സംരക്ഷിക്കാൻ 25 ലക്ഷം അനുവദിച്ചിട്ട് ഒരു വർഷത്തിനു മുകളിലായി. പഞ്ചായത്തിന് ഉടമസ്ഥാവകാശം 

കിട്ടിയാലേ ഫണ്ട് വിനിയോഗിക്കാൻ സാധിക്കൂ. ഇതിനായി വിവിധ ഓഫിസുകൾ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങൾ ഏറെയായി. ഉടമസ്ഥാവകാശം പഞ്ചായത്തിനു ലഭിച്ചാൽ അടിയന്തരമായി സംരക്ഷണ ഭിത്തി നിർമിച്ച് സമീപത്തായി ഒരു വിശ്രമ കേന്ദ്രവും ഒരുക്കും. ഇതോടെ റോഡിന് നിലവിൽ ഉള്ളതിനെക്കാൾ  വീതിയും ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com