ADVERTISEMENT

കോഴിക്കോട്∙ വേങ്ങേരി ജംക്‌ഷനിൽ കോഴിക്കോട്–ബാലുശ്ശേരി റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടു പണിയുന്ന 2 വരി പാലം സ്കൂൾ തുറക്കും മുൻപേ പൂർത്തിയാകില്ലെന്നു വ്യക്തമായി. സ്കൂൾ തുറന്നാൽ നഗരത്തിൽനിന്നു ബാലുശ്ശേരി ഭാഗത്തേക്കുള്ള ഗതാഗതം താളം തെറ്റും. ഈ പാലത്തിനു (വെഹിക്കിൾ ഓവർ പാസ്–വിഒപി) കരാറുകാർ തയാറാക്കിയ പുതിയ രൂപരേഖയ്ക്ക് ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ലഭിച്ചത് രണ്ടാഴ്ച മുൻപാണ്.വോട്ട് ചെയ്യാൻ നാട്ടിൽ പോയ അതിഥിത്തൊഴിലാളികൾ മടങ്ങിയെത്താൻ വൈകിയതിനാൽ പ്രവൃത്തി ആരംഭിക്കാനായില്ല.

ഈയാഴ്ച തിരിച്ചെത്തുന്നതോടെ പ്രവൃത്തി ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കരാറുകാർ. എന്നാൽ ഒന്നര മാസമെങ്കിലും കഴിയാതെ പാലം നിർമാണം പൂർത്തിയാകില്ല. വേങ്ങേരി ജംക്‌ഷനിൽ 45 മീറ്റർ വീതിയിൽ 27 മീറ്റർ നീളത്തിലാണ് ഓവർ പാസ് നിർമിക്കാനിരുന്നത്. എന്നാൽ ജപ്പാൻ പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടി വന്നതോടെ പാലം പണി തടസ്സപ്പെട്ടു. തുടർന്നാണ് 14 മീറ്റർ വീതിയിൽ ആദ്യഘട്ടം നിർമിക്കാൻ തീരുമാനിച്ചത്. അതനുസരിച്ച് 11 പില്ലറുകളിൽ നാലെണ്ണത്തിലേക്ക് മാത്രമായിരിക്കും പാലം നിർമിക്കുക. അതുവഴി  2 വരി പാലം തുറക്കാനാകുമെന്നായിരുന്നു കണക്കുകൂട്ടൽ.

വ്യാപാരികളുടെ  ഉപരോധ സമരം 18ന് 
കോഴിക്കോട്∙ വേങ്ങേരി ഓവർപാസ് നിർമാണം വൈകുന്നതും പ്രതിദിനം ഗതാഗത തടസ്സം ഉണ്ടാകുന്നതും പ്രദേശത്തെ വ്യാപാര മേഖലയെ തകർത്ത സാഹചര്യത്തിൽ വ്യാപാരികളുടെ നേതൃത്വത്തിൽ 18ന് ദേശീയപാത അതോറിറ്റി ഓഫിസ് ഉപരോധിക്കും. 3 മാസം കൊണ്ടു ഓവർപാസ് നിർമാണം പൂർത്തിയാകുമെന്നു പ്രഖ്യാപിച്ച് റോഡ് അടച്ചു. എന്നാൽ 16 മാസം പിന്നിട്ടിട്ടും ഓവർപാസ് 40% മാത്രമാണ് പൂർത്തിയായത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തടമ്പാട്ടുതാഴം, വേങ്ങേരി, കണ്ണാടിക്കൽ, തണ്ണീർപന്തൽ മേഖലയിലെ വ്യാപാരികൾ, പ്രദേശത്തെ ഓട്ടോ തൊഴിലാളികൾ, നാട്ടുകാർ എന്നിവർ 18 ന് തടമ്പാട്ടുതാഴത്തു നിന്നു മലാപ്പറമ്പ് ദേശീയപാത അതോറിറ്റി ഓഫിസിലേക്കു മാർച്ച് നടത്തും. തുടർന്ന് ഉപരോധം നടത്തുമെന്നു നേതാക്കൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com