ADVERTISEMENT

മുംബൈ ∙ ഘാട്കോപ്പറിലെ പെട്രോൾ പമ്പിനു മുകളിൽ കൂറ്റൻ പരസ്യബോർഡ് വീണ് തകർന്ന വാഹനങ്ങൾക്കിടയിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ പതിനാറായി ഉയർന്നു. ഇന്നലെ രാവിലെ ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് ഇരുമ്പ് പില്ലറുകൾ നീക്കം ചെയ്യുന്നതിനിടയിലാണ് എൻഡിആർഎഫ് സംഘം മൃതദേഹങ്ങൾ കണ്ടെടുത്തത്. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന 44 പേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.പെട്രോൾ പമ്പിലാണ് അപകടം നടന്നതെന്നതിനാൽ അഗ്നിരക്ഷാ സേനയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി ഗ്യാസ് കട്ടറുകൾ കൂടി ഉപയോഗിച്ചാണ് പരസ്യബോർഡിന്റെ അവശിഷ്ടങ്ങൾ മുറിച്ചുനീക്കിത്തുടങ്ങിയത്. എന്നാൽ, അതിനിടെ പുക ഉയർന്നത് ഭീതി പരത്തി. ആ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കുകയും ചെയ്തു. തകർന്നുവീണ ഇരുമ്പ് തൂണുകളടക്കമുള്ളവ ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് ഉയർത്തിമാറ്റാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് തൂണുകൾ ഓരോന്നായി മുറിച്ചുമാറ്റാൻ തീരുമാനിച്ചത്.

അലംഭാവം തുടർന്ന് അധികൃതർ
മുംബൈ കോർപറേഷന്റെ ഗുരുതരമായ അലംഭാവമാണ് അപകടത്തിനു പിന്നിൽ. 120 അടി വലുപ്പമുള്ള പരസ്യബോർഡ് അനുമതിയില്ലാതെ സ്ഥാപിച്ച ഇഗോ മീഡിയ കമ്പനിയുടെ ഉടമ ഭാവേഷ് ഭിൻഡെ മുൻപും ഒട്ടേറെ ചട്ടലംഘനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിനെതിരെ ഒരു നടപടിയുമെടുത്തിട്ടില്ല. ചട്ടം ലംഘിച്ച് പരസ്യബോർഡുകൾ സ്ഥാപിച്ചതിന് 21 തവണ പിഴ ഇൗടാക്കിയിട്ടുണ്ടെന്നു പറഞ്ഞ് അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ബിഎംസി ശ്രമിക്കുന്നുണ്ട്. റെയിൽവേ പൊലീസ് സഹകരണസംഘമാണ് അപകടമുണ്ടായ ബിപിസിഎൽ പമ്പിന്റെ നടത്തിപ്പുകാർ. പമ്പിന്റെ സ്ഥലത്ത് ഭീമൻ പരസ്യബോർഡ് സ്ഥാപിക്കുന്നതിനെതിരെ സഹകരണസംഘം വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന ആരോപണം ഉയരുന്നുണ്ട്.

ഭാവേഷ് ഭിൻഡെ കാണാമറയത്ത്
ഭാവേഷ് ഭിൻഡെയെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പുണെയ്ക്കടുത്ത് ലോണാവാലയിലുണ്ടെന്നു സൂചന ലഭിച്ചെങ്കിലും പരിശോധനയിൽ ആളെ കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.അതേസമയം, മുൻപ് സ്വതന്ത്രനായി തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള ഭാവേഷ്, ഉദ്ധവ് താക്കറെയുമായി ബന്ധം പുലർത്തുന്ന ആളാണെന്ന ആരോപണം ബിജെപി പ്രചാരണായുധമാക്കിയിട്ടുണ്ട്. ഭാവേഷിന്റെ കമ്പനി സ്ഥാപിച്ചിട്ടുള്ള 8 അനധികൃത പരസ്യബോർഡുകൾ നീക്കാൻ നിർദേശിച്ച് ബിഎംസി നോട്ടിസ് നൽകിയിട്ടുണ്ട്. തകർന്നു വീണ പരസ്യബോർഡിന് സമീപമാണ് ഇവയിൽ രണ്ടെണ്ണമുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com