ADVERTISEMENT

‘ബോഡി ഇൻ ദ് ലൈബ്രറി’ എന്ന പേരിൽ അഗതാ ക്രിസ്‌റ്റി ഒരു ഡിറ്റക്ടീവ് നോവൽ രചിച്ചിട്ടുണ്ട്. ഏതാണ്ട് നാലര നൂറ്റാണ്ട് മുൻപ് ഡൽഹിയിലെ ഒരു ഗ്രന്ഥപ്പുരയിലും ഒരു മൃതദേഹം കണ്ടെത്തി. സാധാരണക്കാരന്റെയൊന്നുമല്ല. മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂണിന്റേത്.ഹുമയൂണിന്റെ മരണത്തിന് സാക്ഷ്യം വഹിച്ച ഗ്രന്ഥപ്പുര കെട്ടിടം ഇന്നും ഡൽഹിയിലുണ്ട്.

പുരാണകിലയ്‌ക്കുള്ളിൽ മസ്‌ജിദിനു തെക്കായി അഷ്‌ടകോണാകൃതിയിലുള്ള രണ്ടുനില കെട്ടിടം. മുകളിൽ കുടയുടെ ആകൃതിയിലുള്ള ഒരു താഴികക്കുടവുമുണ്ട്. ഷേർ മണ്ഡൽ എന്നാണ് കെട്ടിടത്തിന്റെ പേര്. അതായിരുന്നു ഹുമയൂണിന്റെ ഗ്രന്ഥപ്പുര. ഇന്നു കാണുന്ന പുരാണകില ഷേർഷാ നിർമിച്ചതാണ്. അതിന് മുൻപ് അവിടെയുണ്ടായിരുന്ന കോട്ട ഹുമയൂൺ നിർമിച്ചതാണെന്ന് പറയപ്പെടുന്നു. ഷേർ മണ്ഡലും ഷേർഷായുടേത് തന്നെയാണ്.

ഹുമയൂണിനെ പരാജയപ്പെടുത്തിയാണല്ലോ ഷേർഷാ ഡൽഹി സുൽത്താനായത്. പേർഷ്യയിലേക്ക് രക്ഷപ്പെട്ട ഹുമയൂൺ, ഷേർഷാ അന്തരിച്ചതിനു ശേഷം തിരിച്ചെത്തി അദ്ദേഹത്തിന്റെ പിൻഗാമികളെ പരാജയപ്പെടുത്തി വീണ്ടും ഇന്ത്യയുടെ പാദ്‌ഷാ ആവുകയായിരുന്നു. (മുഗൾ ചക്രവർത്തിമാരെയെല്ലാം പാദ്‌ഷാ എന്നും അവർക്കു മുൻപുണ്ടായിരുന്ന മുസ്‌ലിം ഭരണാധികാരികളെ സുൽത്താനെന്നുമാണ് പൊതുവേ പറയുക.)

പോരാട്ടത്തിലൊന്നും വലിയ താൽപര്യമില്ലാതിരുന്ന ഹുമയൂൺ പുസ്‌തക പ്രിയനായിരുന്നു. ഷേർഷാ നിർമിച്ച ഷേർ മണ്ഡൽ ഗ്രന്ഥപ്പുരയായി ഉപയോഗിക്കാൻ പറ്റിയതാണെന്ന് ഹുമയൂൺ കണ്ടെത്തി. വാനനിരീക്ഷണത്തിൽ താൽപര്യമുണ്ടായിരുന്ന ഹുമയൂണിന് ഇതൊരു വാനനിരീക്ഷണ കേന്ദ്രമാക്കാനും താൽപര്യമുണ്ടായിരുന്നതായി പറയപ്പെടുന്നു.

1556ലെ ഒരു ശീതകാല സായാഹ്നത്തിൽ കെട്ടിടത്തിന്റെ മുകളിലുള്ള ഛത്രിയ്‌ക്ക് കീഴിൽ പുസ്തകം വായിച്ചിരിക്കുയായിരുന്നു ഹുമയൂൺ. നിസ്‌കാര വിളി കേട്ട അദ്ദേഹം പെട്ടെന്ന് ചാടിയെഴുന്നേറ്റ് ചുറ്റുഗോവണിയിലൂടെ ഓടിയിറങ്ങവെ വസ്ത്രം ഒരു ആണിയിൽ കുടുങ്ങി മറിഞ്ഞുവീഴുകയായിരുന്നു. തലയിടിച്ച് വീണ ചക്രവർത്തി ഏതാനും ദിവസത്തിനുള്ളിൽ അന്തരിച്ചു.

അന്ന് 12 വയസ്സായിരുന്ന മകൻ അക്ബർ അപ്പോൾ പഞ്ചാബിലെ ഗുരുദാസ്‌പൂരിലായിരുന്നു. അവിടെവച്ച് മാതുലൻ ബൈറാം ഖാൻ അദ്ദേഹത്തെ ചക്രവർത്തിയായി വാഴിക്കുകയും ചെയ്‌തു.ഏതാനും കൊല്ലം മുൻപ് വരെ ഈ കെട്ടിടം സന്ദർശകർക്ക് തുറന്നുകൊടുത്തിരുന്നു. ഹുമയൂണിനെ വീഴ്‌ത്തിയ ചുറ്റുഗോവണി വഴി ഛത്രി വരെ കയറി കാണാനുമാകുമായിരുന്നു. എന്നാൽ, കുത്തബ് മിനാറിന്റെ കാര്യത്തിലെന്നപോലെ ഇപ്പോൾ ഇതിനകത്തേക്ക് പ്രവേശിക്കാനാവില്ല.

എളുപ്പത്തിൽ എത്താം
∙ അടുത്ത മെട്രോ: ഇന്ദ്രപ്രസ്ഥ മെട്രോ സ്റ്റേഷൻ
∙ സന്ദർശന സമയം: രാവിലെ 7 മുതൽ വൈകിട്ട് 7 വരെ
∙ പ്രവേശന ഫീസ് (പുരാണകിലയിലേക്ക്): 5 രൂപ.വിദേശികൾക്ക് 100 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com