ADVERTISEMENT

ഏനാത്ത് ∙ ഗതാഗത സുരക്ഷയ്ക്കായി പഠനങ്ങളും പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കുമ്പോഴും എംസി റോഡിൽ അപകടങ്ങൾ കുറയുന്നില്ല. അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങും അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു. പുലർകാല അപകടങ്ങളും വർധിക്കുന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം പുലർച്ചെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരു മരണം. ഏനാത്തിനും കിളിവയലിനും ഇടയിൽ കഴിഞ്ഞ 4 വർഷത്തിനിടയിൽ വാഹനാപകടങ്ങളിൽ 6 പേർ മരിച്ചു.

എംസി റോഡ് സുരക്ഷാ ഇടനാഴിയാക്കി നവീകരിച്ച ശേഷം അതീവ അപകട മേഖലയായ കുളക്കട ആലപ്പാട്ട് കവലയ്ക്കും അടൂർ നെല്ലിമൂട്ടിൽ പടിക്കും ഇടയിലായി 300 ൽ അധികം അപകടങ്ങൾ നടന്നു. നിലവിൽ 14 മണിക്കൂറിനുള്ളിൽ 12000 മുതൽ 16000 വരെ വാഹനങ്ങൾ കടന്നു പോകുന്നു. വളവുകളിൽ റോഡിന്റെ രൂപകൽപന 50 കിലോമീറ്റർ വേഗപരിധിയിൽ പോകുന്നതിനാണ്. എന്നാൽ 80 കിലോമീറ്ററിലധികം വേഗം കൈവരിച്ചാണ് അപകട മേഖലകളായ വളവുകളിലടക്കം വാഹനങ്ങൾ പാഞ്ഞു പോകുന്നത്.

∙എംജി കവല അപകടരഹിതമാകണം
ഏനാത്ത് പെട്രോൾ പമ്പിന് ഏതാനും മീറ്റർ വടക്കുമാറിയാണ് എംജി ജംക്‌ഷൻ. റോഡിൽ ചെറിയ വളവുണ്ടെങ്കിലും അപകട സാധ്യത കുറവാണ്. എന്നാൽ അനവസരത്തിൽ വാഹനങ്ങൾ മറികടക്കുന്നതും അമിതവേഗവും വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽപെടാൻ കാരണമാകുന്നതായാണ് സമീപവാസികൾ പറയുന്നത്. ഈ വർഷം 5 അപകടങ്ങൾ നടന്നു. കഴിഞ്ഞ ദിവസം രണ്ടു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവതി മരിച്ചതും പിഞ്ചുകുഞ്ഞുമുൾപ്പെടെ 3പേർക്ക് പരുക്കേറ്റത്.

കഴിഞ്ഞ വർഷം ഇവിടെ കാൽനട യാത്രക്കാരൻ വാഹനമിടിച്ചു മരിച്ചു. രണ്ടു വർഷത്തിനിടയിൽ മൂന്ന് അപകട മരണങ്ങൾ നടന്നു. റോഡിൽ  സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൂചകവും വേഗ നിയന്ത്രണ ഉപാധികളും അവഗണിച്ചുള്ള യാത്രയും അപകടത്തിനു കാരണമാകുന്നു. അപകടരഹിത കവലയ്ക്കായി കാത്തിരിക്കുകയാണ് നാട്ടുകാർ.

∙കെണിയായി ഉപറോഡുകൾ
എംസി റോഡിൽ ചേരുന്ന ഉപറോഡുകൾ അപകടക്കെണിയാണ്. പ്രധാന റോഡു മുറിച്ചു കടക്കുമ്പോഴാണ് വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടം. എംസി റോഡിലൂടെ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾക്ക് ഉപറോഡുള്ളത് കണ്ണിൽപെടുകയില്ല. 

മിക്ക ഭാഗങ്ങളിലും മതിയായ അപകട മുന്നറിയിപ്പ് സൂചകങ്ങളില്ല. ഉപറോഡുകൾ ചേരുന്ന നെല്ലിമൂട്ടിൽ പടി, വടക്കടത്തുകാവ് കവല, ഏനാത്ത് സൊസൈറ്റിപ്പടി, മിസ്പ പടി   എന്നിവിടങ്ങളിൽ അപകടം പതിവാണ്. ഏനാത്ത് പാലം മുതൽ പെട്രോൾ പമ്പ് വരെ റോഡ് നേർരേഖ പോലെ കിടക്കുന്ന ഭാഗത്ത് അമിത വേഗമാണ് പ്രധാന അപകടകാരണം. 3 ഉപ റോഡുകൾ ചേരുന്ന പുതുശേരിഭാഗം കവലയും അപകടമേഖലയാണ്. 

∙പഠനവും നീളുന്നു
ബ്ലാക്ക് സ്പോട്ടുകൾ (അതീവ അപകട മേഖലകൾ) കണ്ടെത്തി അപകടം ഒഴിവാക്കാൻ പദ്ധതി തയാറാക്കുകയാണ് നാറ്റ്പാക്. ആധുനിക സംവിധാനം ഉപയോഗിച്ച് മുന്നറിയിപ്പ് നൽകി അമിത വേഗത്തിന് തടയിടാനുള്ള ശ്രമത്തിലാണ് ഉപരിതല ഗതാഗത ഗവേഷണ ഏജൻസിയായ നാറ്റ്പാക്.

ഇതിന്റെ ഭാഗമായി എംജി ജംക്‌ഷനിലടക്കം ഒരു മാസം മുൻപ് ജർമൻ നിർമിത ഉപകരണങ്ങൾ‌ താൽക്കാലികമായി സ്ഥാപിച്ച് വാഹനങ്ങളുടെ വേഗം തിട്ടപ്പെടുത്തി പരീക്ഷണം നടത്തിയിരുന്നു. നിലവിലെ ഗതാഗത മുന്നറിയിപ്പ് സൂചകങ്ങൾ അവഗണിച്ച് വാഹനമോടിക്കുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇതിനു പരിഹാരമായാണ് പുതിയ സുരക്ഷാ പദ്ധതികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com