ADVERTISEMENT

തിരുവനന്തപുരം ∙ ഷെയർ ട്രേഡിങ്, ഓൺലൈൻ ജോലി എന്നിവയിലൂടെ കോടികൾ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് വീണ്ടും ഓൺലൈൻ തട്ടിപ്പ്. 2 പേർക്ക് നഷ്ടമായത് 14.7 ലക്ഷം രൂപ. ഷെയർ ട്രേഡിങ് കെണിയിൽ വീണ മണ്ണന്തല സ്വദേശിയായ ഗവ.എൻജിനീയർക്ക് 7.70 ലക്ഷം രൂപയും ഓൺലൈൻ ജോലി തട്ടിപ്പിൽ തിരുവല്ലം സ്വദേശിയായ ബാങ്ക് മാനേജർക്ക് 7 ലക്ഷം രൂപയുമാണ് നഷ്ടമായത്. സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.  എൻജിനീയറുടെ മൊബൈൽ ഫോൺ നമ്പർ ഷെയർ മാർക്കറ്റിന്റെ പേരിലുള്ള വാട്സാപ് സന്ദേശം വന്നതായിരുന്നു തുടക്കം. പിന്നീട് ഗ്രൂപ്പിൽ ചേർക്കുകയും ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭം കിട്ടുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.

പിന്നാലെ , അംഗങ്ങൾക്ക് നാലിരട്ടി ലാഭം കിട്ടിയതായി കാണിച്ച് പലതരം സ്ക്രീൻ ഷോട്ടുകളും രേഖകളും ഗ്രൂപ്പിൽ പങ്കുവച്ചു. മൊബൈൽ ഫോണിൽ ട്രേഡിങ് ആപ് ആണെന്ന വ്യാജേന ആപ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. ഇതിൽ ആദ്യം കുറച്ച് പണമാണ് എൻജിനീയർ നിക്ഷേപിച്ചത്.  തുക ഇരട്ടിയായി കണ്ടതോടെ കൂടുതൽ പണം നിക്ഷേപിച്ചു തുടങ്ങി. ഗ്രൂപ്പിലെ അംഗങ്ങളുടെ നിർദേശ പ്രകാരം  6 അക്കൗണ്ട് നമ്പറുകളിലേക്ക് പണം അയച്ചു നൽകി. ആപ്പിൽ തുക നാലിരട്ടി ആയെന്നു കാണിച്ചെങ്കിലും പണം പിൻവലിക്കാൻ കഴിഞ്ഞില്ല. തുക പിൻവലിക്കാനുള്ള നികുതി അടയ്ക്കുന്നതിനായി മറ്റൊരു അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു . തുടർന്ന് വീണ്ടും പണം അയച്ചു കൊടുത്തു. സംഭവം തട്ടിപ്പാണെന്നു തിരിച്ചറി​ഞ്ഞപ്പോഴേക്കും എൻജിനീയറുടെ അക്കൗണ്ടിൽ നിന്നു 7.70 ലക്ഷം രൂപ നഷ്ടമായിരുന്നു. 

ബാങ്ക് മാനേജറായ യുവാവ് ഓൺലൈൻ ജോലിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന പരസ്യം കണ്ടാണ് തട്ടിപ്പുകാരുടെ വലയിലായത്. വ്യാജ സൈറ്റിലെ ലിങ്കിൽ കയറിയതിനു പിന്നാലെ ഇയാളെ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാക്കി. വിഡിയോകൾ ലൈക്ക് ചെയ്യുമ്പോൾ പണം അക്കൗണ്ടിൽ എത്തുമെന്നായിരുന്നു വാഗ്ദാനം. ആദ്യം ഇരട്ടി പണം കിട്ടി. കൂടുതൽ പണം കിട്ടണമെങ്കിൽ ബിറ്റ് കോയിനിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. പണം നിക്ഷേപിച്ചതോടെ തന്റെ വെർച്വൽ അക്കൗണ്ടിൽ തുക ഇരട്ടിയാകുന്നത് കണ്ട് കൂടുതൽ പണം ഇറക്കി. പിന്നീട് ഈ തുക പിൻവലിക്കാൻ സാധിക്കാതെ വന്നതോടെ ആണ് തട്ടിപ്പ് ആണെന്ന് തിരിച്ചറിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com