ADVERTISEMENT

ചിറയിൻകീഴ് ∙ കടലോര ഗ്രാമ മേഖലകളായ പൂത്തുറയിലും മുതലപ്പൊഴി, അഞ്ചുതെങ്ങ് കോട്ട ഭാഗങ്ങളിലും ശുദ്ധജല ക്ഷാമത്തിൽ ജനം നട്ടംതിരിയുന്നു. ജല അതോറിറ്റിയുടെ പൈപ്പുകളിലൂടെ വെള്ളമെത്തിയിട്ട് ഒരു മാസമായി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ടാഴ്ചയിലൊരിക്കൽ ടാങ്കറിലെത്തിക്കുന്ന രണ്ടു കുടം വെള്ളം കൊണ്ടു തൃപ്തിയടയാനാണ് ജനത്തിനു വിധി. ഇതിനിടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിതരണം നടത്തിവരുന്ന വെള്ളത്തിനു പണം ഈടാക്കുന്നതായ ആരോപണം തീരദേശ മേഖലയിൽ വ്യാപകമായ പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. എന്നാൽ, പരാതി തീർത്തും അടിസ്ഥാന രഹിതമാണെന്നാണു പഞ്ചായത്തധികൃതരും അതാതു സ്ഥലത്തെ വാർഡ് മെംബർമാരും പറയുന്നത്.

മാത്രമല്ല ശുദ്ധജലക്ഷാമം രൂക്ഷമായിട്ടുള്ള മേഖലകളിൽ സ്വകാര്യ വാഹനങ്ങളിൽ ചിലർ വെള്ളമെത്തിച്ചു പണം ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇവർ അറിയിച്ചു. അഞ്ചുതെങ്ങ് ജംക്‌ഷൻ, പഞ്ചായത്ത് ഓഫിസ്, കായിക്കര, പൊലീസ് സ്റ്റേഷൻ പ്രദേശങ്ങൾ, നെടുങ്ങണ്ട, കേട്ടുപുര, ഒന്നാംപാലം എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ടാങ്കറിൽ വെള്ളമെത്തിക്കുന്നതിനു കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യം കടലോര മേഖലകളിൽ നിന്നും ഉയർന്നുകഴിഞ്ഞു. വാമനപുരം നദിയിലെ ജലനിരപ്പ് വൻതോതിൽ താഴ്ന്നതുമൂലം പമ്പിങ് നടക്കാത്ത സ്ഥിതിയാണ്.രണ്ടു ദിവസങ്ങൾക്കിടെ ഒന്നോ, രണ്ടോ മണിക്കൂറുകൾ മാത്രമാണു നിലവിൽ വെള്ളം റിസർവോയറിലെത്തിച്ചു വിതരണം നടത്തുന്നത്.

ഉയർന്ന പ്രദേശങ്ങളിലും അഞ്ചുതെങ്ങ്, കിഴുവിലം, ചിറയിൻകീഴ്, കടയ്ക്കാവൂർ ഭാഗത്തും ഇതുമൂലം ജലം എത്താറുമില്ല. കിഴുവിലം പഞ്ചായത്തിലെ ശിവകൃഷ്ണപുരം പ്രദേശത്തും പൈപ്പിലൂടെ ശുദ്ധജലമെത്തിയിട്ട് ഒരു മാസത്തിലധികമാവുന്നതായി നാട്ടുകാർ പറഞ്ഞു. ഇവിടെയും വാഹനങ്ങളിലെത്തിക്കുന്ന വെള്ളം ഒരു കുടുംബത്തിനു രണ്ടു കുടം എന്ന നിയന്ത്രണത്തിലാണു നൽ‌കി വരുന്നത്. വെറും രണ്ടു വാഹനങ്ങളിലാണ് ഇവിടെ ശുദ്ധജലവിതരണം. പഞ്ചായത്തിലാകെ ടാങ്കറുകൾ ചുറ്റി വരുമ്പോഴേക്കും ഒരാഴ്ച പിന്നിടും വീണ്ടും വെള്ളം കിട്ടാൻ എന്ന സ്ഥിതിയാണ് നിലവിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com