ADVERTISEMENT

വിഴിഞ്ഞം ∙ ശക്തമായ മഴ ഇല്ലാത്തതിനാൽ വിഴിഞ്ഞത്ത് മത്സ്യബന്ധന സീസൺ ആരംഭിച്ചില്ല. സാധാരണ മേയ് പകുതി കഴിയുമ്പോൾ സീസൺ തിരക്ക് തുടങ്ങുന്നതാണ്. കാര്യമായ മഴ കിട്ടാത്തതിനാൽ മത്സ്യലഭ്യത കുറഞ്ഞതാണ് സീസൺ തുടങ്ങുന്നതിനു തടസ്സം. ശക്തമായ മഴ ജില്ലയിലെ മറ്റു മത്സ്യബന്ധന തീരങ്ങളിൽ വള്ളമിറക്കുന്നതിനു തടസ്സമാകുമ്പോൾ ഹാർബർ സുരക്ഷിതത്വമുള്ള വിഴിഞ്ഞത്തെയാണ് ഇതര തീരങ്ങളിലെ മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്നത്. അത്തരത്തിലാണ് വിഴിഞ്ഞത്ത് തിരക്ക് വർധിക്കുന്നത്. 

ഓഗസ്റ്റ് വരെ നീളുന്നതാണ് സീസൺ. കൊഞ്ച്, കണവ, വാള തുടങ്ങി കയറ്റുമതി കമ്പോളത്തിൽ വലിയ ഡിമാൻഡുള്ള മത്സ്യങ്ങളുൾപ്പെടെ ഇക്കാലത്ത് കിട്ടുന്നതാണ് പതിവ്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ മറ്റിടങ്ങളിൽ നിന്നു തൊഴിലാളികളും വള്ളങ്ങളും വിഴിഞ്ഞത്തേക്ക് എത്തിത്തുടങ്ങിയിട്ടില്ല. പുതുമഴവെള്ളം ഒഴുകി ഇറങ്ങി കടൽ ഇളകി മറിഞ്ഞാൽ മാത്രമേ മത്സ്യലഭ്യത ഉണ്ടാകൂ എന്നു തൊഴിലാളികൾ പറഞ്ഞു. ഇനി ഈ മാസാവസാനം എത്തുമെന്നു കരുതുന്ന ഇടവപ്പാതിയിലെ ‘കോരി’നായി വലയും മറ്റു അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കുന്നതാണ് മത്സ്യത്തൊഴിലാളികളുടെ ഇപ്പോഴത്തെ ജോലി.

കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി
കാലവർഷം, മത്സ്യബന്ധന സീസൺ എന്നിവ മുൻനിർത്തി ഫിഷറീസ് വകുപ്പ് വിഴിഞ്ഞത്ത് മുഴുവൻ സമയ പ്രവർത്തനമുള്ള കൺട്രോൾ റൂം തുടങ്ങി. വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ വളപ്പിലാണ് കൺട്രോൾ റൂം. ഫോൺ: 0471–2480335. കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി വിഴിഞ്ഞത്തും മുതലപ്പൊഴിയിലേക്കുമായി രണ്ടു വലിയ വാടക ബോട്ടുകൾക്കായി ക്വട്ടേഷൻ ക്ഷണിച്ചതായി ഫിഷറീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. രണ്ടു ചെറിയ വള്ളങ്ങളും രക്ഷാദൗത്യത്തിനായി സജ്ജമാക്കും.

വിഴിഞ്ഞത്തെ മത്സ്യബന്ധന സീസണോടനുബന്ധിച്ച മുന്നൊരുക്ക ഭാഗമായി പ്രാഥമിക യോഗം ചേർന്നു.  വെള്ളം, വൈദ്യുതി, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ സജ്ജമാക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകൾക്കു നിർദേശം നൽകിയതായും അധികൃതർ പറഞ്ഞു. ഇതു സംബന്ധിച്ചു വിശദമായ അവലോകന യോഗം വൈകാതെ ചേരുമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com