ADVERTISEMENT

ചാലക്കുടിയിൽ റോഡിലും കടകളിലും വെള്ളം
ചാലക്കുടി ∙ വേനൽ മഴ ശക്തിയായി ഒറ്റ പെയ്ത്തു പെയ്തതോടെ റോഡിലും കടകളിലും വെള്ളം കയറി. മുരിങ്ങൂർ ഡിവൈൻ നഗർ അടിപ്പാതയ്ക്കു സമീപം ദേശീയപാത സർവീസ് റോഡ് മുങ്ങി. അടിപ്പാതയിലും വെള്ളക്കെട്ടുണ്ടായി. ചളി കലർന്ന വെള്ളത്തിലൂടെ കാൽനടയാത്രക്കാർക്കു ദുരിതയാത്ര വേണ്ടി വന്നു. വാഹനങ്ങൾ കടന്നു പോകുമ്പോൾ ബസ് സ്റ്റോപ്പിലും പാതയോരത്തും നിൽക്കുന്നവരുടെ ദേഹത്തേയ്ക്കു ചളിവെള്ളം തെറിച്ചു വീണു. 

വേനൽമഴയെ തുടർന്ന് പഴയന്നൂർ ടൗണിലെ നവോദയ ആശുപത്രിക്കു മുന്നിൽ ഇന്നലെ രാത്രിയിലുണ്ടായ വെള്ളക്കെട്ട്
വേനൽമഴയെ തുടർന്ന് പഴയന്നൂർ ടൗണിലെ നവോദയ ആശുപത്രിക്കു മുന്നിൽ ഇന്നലെ രാത്രിയിലുണ്ടായ വെള്ളക്കെട്ട്

നഗരസഭ തെക്കേ ബസ് സ്റ്റാൻഡിനു തെക്കു വശത്തെ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കാനകളുടെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്തതും കാന അശാസ്ത്രീയമായി നിർമിച്ചതുമാണു വെള്ളക്കെട്ടിനു കാരണമായതെന്നു നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, നഗരസഭ കൗൺസിലർമാരായ വി.ജെ.ജോജി, ടി.ഡി.എലിസബത്ത് എന്നിവർ ആരോപിച്ചു. 

നഗരസഭ ടൗൺ ഹാൾ ഷോപ്പിങ് കോംപ്ലക്സിന്റെ നടുത്തളം നിറഞ്ഞ് കടമുറികളിലേക്കു വെള്ളം കയറിയതും പ്രതിഷേധത്തിനു വഴിയൊരുക്കി. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ ചൂലും മറ്റുമായി എത്തി വെള്ളം അടിച്ചു നീക്കി. നടുത്തളം ഈയിടെയാണു നികത്തി ഉയരം കൂട്ടി ടൈൽ പാകിയത്. മഴക്കാലം ശക്തമാകും മുൻപേ കടമുറികളിലേയ്ക്കു വെള്ളം കയറിയതിൽ വ്യാപാരികൾ പ്രതിഷേധിച്ചു. 

ഒരു മണിക്കൂറോളം ശക്തമായി പെയ്ത മഴ തോർന്നതോടെ വൈകാതെ റോഡുകളിലെ വെള്ളക്കെട്ടിനു ശമനമായി. ചാലക്കുടി അടിപ്പാതയുടെ വടക്കു ഭാഗത്തും വെള്ളക്കെട്ടുണ്ടായി . ഇന്നലെ സന്ധ്യയ്ക്കുണ്ടായ മഴയിൽ  ദേശീയപാതയിൽ ചാലക്കുടി അടിപ്പാതയുടെ വടക്കു ഭാഗത്തു വെള്ളക്കെട്ടുണ്ടായി.

ദേശീയപാതയിലും സർവീസ് റോഡിലും വെള്ളക്കെട്ടുണ്ടായതോടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ വെള്ളം ചീറ്റിത്തെറിച്ചു. അടിപ്പാതയുടെ അനുബന്ധ റോഡ് അവസാനിക്കുന്ന ഭാഗത്ത് വെള്ളക്കെട്ട് കഴിഞ്ഞ വർഷവും ശക്തമായിരുന്നു. എന്നാൽ പരിഹാര നടപടികളുണ്ടായില്ലെന്നാണു പരാതി.

പഴയന്നൂർ ടൗണിൽ ദുരിതം
പഴയന്നൂർ ∙ വാഴക്കോട്-പ്ലാഴി റോഡിന്റെ പുനർനിർമാണത്തിലെ അശാസ്ത്രീയത മൂലം ജനങ്ങൾ വലയുന്നു. പലയിടത്തും കാനകളില്ലാത്തതും പണിത കാനകളിലേക്കു റോഡിലെ വെള്ളംഒഴുകാത്തതുമാണു കാരണം. മഴ പെയ്താൽ തൃശൂർ റോഡിൽ നവോദയ മെഡിക്കൽ സെന്ററിനു സമീപം വെള്ളക്കെട്ടാണ്. ഇവിടെ കാനകളുടെ സംരക്ഷണ ഭിത്തികളിൽ സുഷിരങ്ങൾ ഇട്ടിരുന്നത് റോഡ് കോൺക്രീറ്റ് ചെയ്തതോടെ അടിയിൽ പോയി.

പല സുഷിരങ്ങളും പാതിപോലും തുറന്നല്ല ഇപ്പോഴുള്ളത്. ആലത്തൂർ റോഡിൽ മഴ പെയ്തു തുടങ്ങുമ്പോഴേ ദുരിതമനുഭവിക്കുന്നത് ഇവിടെയുള്ള ഓട്ടോ തൊഴിലാളികളാണ്. പുതിയ ഓട്ടോറിക്ഷകൾ ഗ്യാസ് ഉപയോഗിച്ചു പ്രവർത്തിക്കുന്നവയാണേറെയും. ഇവയുടെ അടി ഭാഗത്തുള്ള സെൻസർ വെള്ളം തട്ടിയാൽ തകരാറിലാകും. പരിഹരിക്കാൻ മുപ്പതിനായിരത്തോളം രൂപ ചെലവാകും.

കാന നിർമാണം കലുങ്കുകൾക്കിരുവശത്തും 10 മീറ്റർ മാത്രമായി നിജപ്പെടുത്തിയതു മൂലം പല വീടുകളിലും വെള്ളം കയറുന്നുണ്ട്. മഴ പെയ്താൽ കുന്നത്തറ ഭാഗത്തെ പല വീടുകളും വെള്ളക്കെട്ടിലാണെന്നും പരാതിയുണ്ട്. വെള്ളക്കെട്ടുണ്ടാകുമെന്ന ആശങ്ക റോഡ് നിർമാണ സമയത്തു പലവട്ടം മനോരമ വാർത്തകളിൽ ഉന്നയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com