ADVERTISEMENT

ഔദ്യോഗികമായി തിങ്കളാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് ഗുജറാത്തിലും പശ്ചിമ ബംഗാളിലും.( 45.4°c). ഒഡിഷയിലും ബംഗാളിലും ഗുജറാത്തിലും താപനില ഉയർന്നത് സാധാരണയെക്കാൾ 7-8 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ സ്ഥലങ്ങളുടെ പട്ടികയിൽ പാലക്കാടും ഉൾപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്ത പത്ത് സ്ഥലങ്ങൾ ഇതാ:

കലൈകുണ്ഡ (ബംഗാൾ) – 45.4°c
കണ്ഡാല (സൗരാഷ്ട്ര & കച്ച്)– 45.4°c
നന്ദ്യാൽ (റായൽസീമ) – 45°c
ബരിപാഡ (ഒഡിഷ) – 44.8°c
പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്) – 44.2°c
ഷെയ്ഖ്പുര ( ബിഹാർ) –44°c
നിസാമാബാദ് (തെലങ്കാന)– 43.8°c
പൻവേൽ ( മുംബൈ സബർബൻ)– 43.3°c
മാൽഡ (സബ് ഹിമാലയൻ ബംഗാൾ)–42.2°c
പാലക്കാട് (കേരളം)–41.3°c

കടുത്ത ചൂടിനെ നേരിടാൻ ഫാൻ വാങ്ങി തലയിലേറ്റി, പൊള്ളുന്ന വെയിലത്ത് വീട്ടിലേക്കു മടങ്ങുന്ന വീട്ടമ്മ. പാലക്കാട് വലിയങ്ങാടിയിൽ നിന്നുള്ള കാഴ്‍ച. ചിത്രം: മനോരമ
കടുത്ത ചൂടിനെ നേരിടാൻ ഫാൻ വാങ്ങി തലയിലേറ്റി, പൊള്ളുന്ന വെയിലത്ത് വീട്ടിലേക്കു മടങ്ങുന്ന വീട്ടമ്മ. പാലക്കാട് വലിയങ്ങാടിയിൽ നിന്നുള്ള കാഴ്‍ച. ചിത്രം: മനോരമ

എന്താണ് ഉഷ്ണതരംഗം?

സാധാരണ താപനിലയെക്കാൾ 4–5 ഡിഗ്രി ചൂട് കൂടുതൽ ദിവസങ്ങളോളം അനുഭവപ്പെടുന്ന അവസ്ഥയാണിത്. അസ്വാഭാവികമാം വിധം ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയായിരിക്കും. ഉയർന്ന അന്തരീക്ഷ മർദം ചൂടിനെ ഭൂമിയുടെ പ്രതലത്തോട് ചേർത്തു നിർത്തുന്ന അവസ്ഥയാണിതെന്ന് വിദഗ്ധർ പറയുന്നു. അമിതമായ ചൂട് ശാരീരിക ബുദ്ധിമുട്ടുകൾക്കു പുറമേ മാനസിക പിരിമുറുക്കവും ഉണ്ടാക്കാനിടയുണ്ട്. ചൂടു കുറവുള്ള പ്രദേശങ്ങളിൽ നിന്ന് ഉഷ്ണതരംഗമുള്ള  മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് കടുത്ത ചൂടുമായി വേഗത്തിൽ പൊരുത്തപ്പെടാനാകാതെ വരുന്നത് അപകടസാധ്യത വർധിപ്പിക്കും. 

മാർച്ച് 1 മുതൽ 29 വരെ സംസ്ഥാനത്ത് ലഭിച്ച വേനൽമഴയിൽ 62% കുറവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ദീർഘകാല ശരാശരിയുടെ അടിസ്ഥാനത്തിൽ 13.63 സെന്റിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 5.18 സെന്റിമീറ്റർ മാത്രമാണ് ലഭിച്ചത്. മധ്യ–തെക്കൻ ജില്ലകളിലെ അപേക്ഷിച്ച് വടക്കൻ ജില്ലകളിൽ മഴ തീരെ ലഭിച്ചിട്ടില്ല.

മരം ഒരു വരം...:
ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളുകയാണു നാട്. കത്തിജ്വലിക്കുന്ന പകലുകളും അന്തരീക്ഷ ഊഷ്മാവ് കൂടിയ നിലയിൽ തന്നെ നീളുന്ന രാത്രിയും ജീവിതം കൂടുതൽ ദുരിതത്തിലാക്കുകയാണ്. കൊടുംചൂടിൽ പച്ചപ്പു വിരിച്ചു നിൽക്കുന്ന മരങ്ങൾ ചെറിയ ആശ്വാസമാണ്. കടുത്ത പകൽച്ചൂടിൽ നിന്ന് ആശ്വാസം തേടി പാലക്കാട് പട്ടഞ്ചേരി അങ്ങാടിയിലെ ആൽത്തറയിൽ എത്തിയ നാട്ടുകാരിൽ ചിലർ കുളിർകാറ്റിനും തണലിനും കീഴെ ഉച്ചമയക്കത്തിൽ. ചിത്രം: മനോരമ
മരം ഒരു വരം...: ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളുകയാണു നാട്. കത്തിജ്വലിക്കുന്ന പകലുകളും അന്തരീക്ഷ ഊഷ്മാവ് കൂടിയ നിലയിൽ തന്നെ നീളുന്ന രാത്രിയും ജീവിതം കൂടുതൽ ദുരിതത്തിലാക്കുകയാണ്. കൊടുംചൂടിൽ പച്ചപ്പു വിരിച്ചു നിൽക്കുന്ന മരങ്ങൾ ചെറിയ ആശ്വാസമാണ്. കടുത്ത പകൽച്ചൂടിൽ നിന്ന് ആശ്വാസം തേടി പാലക്കാട് പട്ടഞ്ചേരി അങ്ങാടിയിലെ ആൽത്തറയിൽ എത്തിയ നാട്ടുകാരിൽ ചിലർ കുളിർകാറ്റിനും തണലിനും കീഴെ ഉച്ചമയക്കത്തിൽ. ചിത്രം: മനോരമ

മനസ്സും ചൂടാകുന്നു, താങ്ങില്ല 40 ഡിഗ്രി

കടുത്ത ചൂട് പലരിലും മാനസിക പിരിമുറുക്കം കൂട്ടുന്നു. ചിലർ വിഭ്രാന്തി ലക്ഷണങ്ങൾ പ്രകടിപ്പിക്കും. നിർജലീകരണമുണ്ടാകുമ്പോൾ ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതും ഇതിനു കാരണമാണ്. താപനില 40 ഡിഗ്രി കടന്നാൽ ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ചെറിയ തോതിൽ ബാധിക്കും. പ്രായമായവരിലും കുട്ടികളിലും ഇതു തീവ്രമായി അനുഭവപ്പെടും. ശരീരത്തിൽ നിർജലീകരണമുണ്ടാകുന്നതാണ് ആദ്യഘട്ടം. ഇതു ക്ഷീണമുണ്ടാക്കും. രക്തസമ്മർദം കുറയും. കുഴഞ്ഞുവീഴും. 

palakkad-summer-heat

ശുചിമുറിയിൽ പോകുന്ന സമയത്തു പ്രത്യേകം ശ്രദ്ധിക്കണം. നിൽക്കുന്ന അവസ്ഥയിൽ രക്തസമ്മർദം പതിവിലും താഴുമെന്നതാണു കാരണം. വയോജനങ്ങളിൽ മിക്കവരും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും രക്തസമ്മർദത്തിനും മരുന്നു കഴിക്കുന്നവരായിരിക്കും. ജലാംശം കൂടുതലായി നഷ്ടപ്പെടുമ്പോൾ ശരീരത്തിലെ ലവണങ്ങളുടെ (പ്രത്യേകിച്ച് സോഡിയം) സന്തുലിതാവസ്ഥ താളംതെറ്റുകയും അത് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.

ചൂട് ഇനിയും വർധിക്കുകയും വരൾച്ച രൂക്ഷമാകുകയും ചെയ്താൽ മഞ്ഞപ്പിത്തം, ചിക്കൻപോക്സ് തുടങ്ങി അണുബാധ മൂലമുള്ള രോഗങ്ങളും കൂടും. ശുദ്ധമല്ലാത്ത വെള്ളം, ഭക്ഷണം എന്നിവയിലൂടെ വയറിളക്കം പോലുള്ള പ്രശ്നങ്ങളുമുണ്ടാകാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നു..

ചൂടിനോട് മല്ലിടേണ്ട, ഇവ ശ്രദ്ധിക്കാം

palakkad-summer-heat-

∙ പകൽ സമയം തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ മുൻകരുതലുകളെടുക്കണം. ഇടയ്ക്കിടെ തണലിൽ വിശ്രമിക്കുക. കഴിയുന്നതും ഉച്ചയ്‌ക്കു 12 മുതൽ 3 വരെയുള്ള സമയം വിശ്രമിച്ചു രാവിലെയും വൈകിട്ടുമുള്ള സമയം ജോലി ചെയ്യുക. 

∙ ശരീരം ചുട്ടുപൊള്ളുന്നതായി അനുഭവപ്പെട്ടാൽ ജോലി നിർത്തി വിശ്രമിക്കുക. ശരീരം തണുത്ത വെള്ളം കൊണ്ട് തുടയ്ക്കുക. ചുവന്ന നിറമോ കുമിളകളോ പ്രത്യക്ഷപ്പെട്ടാൽ അവ പൊട്ടിക്കരുത്. 

ചൂടിൽനിന്നും രക്ഷനേടാൻ വയോധിക ഇളനീർ കുടിക്കുന്നു. പാലക്കാട് നിന്നുള്ള ദൃശ്യം. ചിത്രം: ഗിബി സാം ∙മനോരമ
ചൂടിൽനിന്നും രക്ഷനേടാൻ വയോധിക ഇളനീർ കുടിക്കുന്നു. പാലക്കാട് നിന്നുള്ള ദൃശ്യം. ചിത്രം: ഗിബി സാം ∙മനോരമ

∙ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക

∙ പഴങ്ങളും പച്ചക്കറികളും കഴിക്കുക. കൃത്രിമ ശീതളപാനീയങ്ങളും മദ്യവും ഒഴിവാക്കുക

∙ വീടുകളുടെ ജനലുകളും വാതിലുകളും തുറന്നിടണം

∙ വെയിലത്തു പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ടു പോകരുത്.

∙ ചൂടു കൂടുതലുള്ള സമയത്ത് തുറസ്സായ സ്ഥലത്തു സഞ്ചരിക്കുന്നത് ഒഴിവാക്കുക

∙ കാൽനടയാത്ര വേണ്ടിവന്നാൽ കുട ചൂടുക. കയ്യിൽ കുടിക്കാൻ വെള്ളം കരുതുക. 

പാലക്കാട് കനത്ത ചൂടിനിടയിൽ നിന്നുള്ള ദൃശ്യം. ചിത്രം: ഗിബി സാം ∙ മനോരമ
പാലക്കാട് കനത്ത ചൂടിനിടയിൽ നിന്നുള്ള ദൃശ്യം. ചിത്രം: ഗിബി സാം ∙ മനോരമ

∙ കുട്ടികളെ വെയിലത്തു കളിക്കാൻ അനുവദിക്കരുത്. കട്ടി കുറഞ്ഞ വെളുത്തതോ ഇളം നിറമുള്ളതോ ആയ വസ്ത്രങ്ങൾ ധരിക്കുന്നതാണു നല്ലത്. 

∙ ആർക്കെങ്കിലും സൂര്യാതപമേറ്റാൽ അടിയന്തരമായി ആശുപത്രിയിലെത്തിക്കണം

∙ സൂര്യാതപമേറ്റയാൾക്കു ധാരാളം വെള്ളം നൽകണം. ഗ്ലൂക്കോസും നൽകാം. 

ജോലി സമയം ക്രമീകരിച്ച് സർക്കാർ

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ  സമയക്രമീകരണം മേയ് 15 വരെ നീട്ടിയതായി മന്ത്രി വി.ശിവൻകുട്ടി. ഉച്ചയ്ക്ക് 12 മുതൽ 3 വരെ തൊഴിലാളികൾ വെയിലത്തു പണിയെടുക്കുന്നതു കണ്ടെത്തിയാൽ തൊഴിലുടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്നു വരെ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിൽ 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവ് ഇറക്കിയിരുന്നു. അത് മേയ് 15 വരെ നീട്ടും. പകൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3ന് ആരംഭിക്കുന്ന തരത്തിലുമാണ് പുനഃക്രമീകരണം.

കനത്ത വെയിലിൽ കണ്ണൂർ ചാല ബൈപ്പാസിൽ ദേശീയപാതയുടെ നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ
കനത്ത വെയിലിൽ കണ്ണൂർ ചാല ബൈപ്പാസിൽ ദേശീയപാതയുടെ നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ
English Summary:

Palakkad Joins Gujarat and West Bengal in India's List of Hottest Places

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com