ADVERTISEMENT

ലോകമെങ്ങും ചിരപരിചിതമായ രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. അതിനു പ്രധാന കാരണം മഞ്ഞക്കളർ കുപ്പായം ധരിച്ച് മാന്ത്രികച്ചുവടുകളുമായി എത്തിയ അവരുടെ ഫുട്ബോൾ ടീമാണ്. ബ്രസീലിന് ആ പേര് ഒരു മരത്തിൽ നിന്ന് കിട്ടിയതാണ്. രാജ്യത്തെ അറ്റ്ലാന്റിക് വനമേഖലയിൽ കാണപ്പെടുന്ന ബ്രസീൽവുഡ് എന്ന മരത്തിൽ നിന്നാണ് ബ്രസീലിന് ആ പേര് ലഭിച്ചത്. പോബ്രസീലിയ എക്കിനാറ്റ എന്ന് ശാസ്ത്രീയനാമമുള്ള ഈ മരം ബ്രസീലിന്റെ ദേശീയവൃക്ഷവുമാണ്.

എന്നാൽ ഇന്ന് ഈ വൃക്ഷം കടുത്ത പ്രതിസന്ധി നേരിടുകയാണ്. വയലിൻ പോലുള്ള സംഗീത ഉപകരണങ്ങളുണ്ടാക്കാനായാണ് ഈ മരം വ്യാപകമായി മുറിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ഒരു മരമായി ഇന്ന് ബ്രസീൽവുഡ് മാറിയിരിക്കുന്നു. അംഗീകൃതമായ രീതിയിൽ മുറിക്കുന്നതിനു വിലക്കുകൾ വന്നതോടെ അനധികൃത വേട്ട ഇതു നിൽക്കുന്ന മഴക്കാടുകളിൽ തകൃതിയാണ്. ഈ മരങ്ങൾ വ്യാപകമായി വച്ചുപിടിപ്പിക്കാനും പ്രകൃതിസ്നേഹികളുടെ ശ്രമങ്ങളുണ്ട്. ഒരുപാട് ചരിത്രമുള്ള മരമാണ് ബ്രസീൽവുഡ്. സംഗീതോപകരണങ്ങളുണ്ടാക്കുന്നതിനും മുൻപ് ഇതിനു ഒരു ഉപയോഗമുണ്ടായിരുന്നു.

(Photo: X/@cybertrove)
(Photo: X/@cybertrove)

ഓറഞ്ചും ചുവപ്പും കലർന്ന നിറമുള്ള കാതലാണ് ഈ മരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിൽ നിന്നുള്ള ഏറ്റവും സവിശേഷതയുള്ള ഉത്പന്നം  ഒരു ചായമാണ്. ബ്രസീലിൻ എന്ന ചുവന്ന ചായം. 

ബ്രസീലിൽ ആധിപത്യം ഉറപ്പിച്ച പോർച്ചുഗീസുകാരാണ് ഈ മരത്തെ കണ്ടെത്തിയതും അതിനു പേരു നൽകിയതും അതിന്റെ വിപണന സാധ്യത തിരിച്ചറിഞ്ഞതും. യൂറോപ്പിൽ വെൽവെറ്റ് പോലുള്ള തുണിത്തരങ്ങൾ നിർമിക്കാനായി ഈ ചായത്തിനു വലിയ ഡിമാൻഡ് വന്നു. വളരെ വിലപിടിപ്പുള്ള ഒരു വസ്തുവായി ബ്രസീൽവുഡ് മാറി. തുടർന്നു പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ വ്യാപകമായി ബ്രസീൽവുഡ് മരങ്ങൾ ബ്രസീലിയൻ കാടുകളിൽ നിന്നു മുറിച്ച് പോർച്ചുഗലിലേക്കു കയറ്റി അയച്ചു. 

വളരെ പ്രക്ഷുബ്ധമായിരുന്നു ഈ കടത്തൽ. പലപ്പോഴും ഈ തടികളുമായി പോയ പോർച്ചുഗീസ് കപ്പലുകൾ കടൽക്കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയായി. ബ്രസീൽവുഡിന്റെ കടത്തലിൽ സംഘട്ടനങ്ങളും ആക്രമണങ്ങളും നിരന്തരം സംഭവിച്ചു.

Image Credit: Damiao Paz/Istock
Image Credit: Damiao Paz/Istock

പോർച്ചുഗീസ്, യൂറോപ്യൻ സാന്നിധ്യം ബ്രസീലിൽ ഉണ്ടാകുന്നതിനു മുൻപ് പിൻഡോറമ എന്നായിരുന്നു ബ്രസീൽ തദ്ദേശീയവിഭാഗങ്ങൾക്കിടയിൽ അറിയപ്പെട്ടത്. പനകളുടെ നാടെന്നായിരുന്നു അതിന്റെ അർഥം. ബ്രസീലിനെ കണ്ടെത്തിയ യൂറോപ്യനെന്നു ഖ്യാതിയുള്ള പോർച്ചുഗീസ് ക്യാപ്റ്റനും യുദ്ധപ്രഭുവുമായ പെഡ്രോ ആൽവാരസ് കബ്രാൽ,  ഇൽഹ ഡി വെറാ ക്രൂസ് എന്നാണ് ബ്രസീലിന് ആദ്യം നൽകിയ പേര്. പിന്നീട് ഇത് ടെറാ ഡി സാന്റ ക്രൂസ് എന്നു മാറ്റി. പതിനാറാം നൂറ്റാണ്ടിലാണ് പോർച്ചുഗീസ് വ്യവസായി ഫെർണോ ഡി ലോറോനയുടെ നേതൃത്വത്തിലുള്ള വ്യാപാര സംഘടന ടെറ ഡോ ബ്രസീൽ എന്നു രാജ്യത്തിന്റെ പേരുമാറ്റിയത്. ബ്രസീൽവുഡ് കച്ചവടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. പിന്നീട് കാലക്രമേണ ഇതു ലോപിച്ച് ബ്രസീൽ എന്നായി.

English Summary:

Brazilwood Crisis: Uncovering the Looming Threat to Brazil's National Tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com