ADVERTISEMENT

ഉരഗവർഗങ്ങളിലെ ഏറ്റവും വലിയ ഭീകരന്മാരാണ് മുതലകളും അലിഗേറ്ററുകളും. ശക്തരായ കാട്ടാനകളെ പോലും നിഷ്പ്രയാസം കീഴടക്കാൻ ഇവയ്ക്ക് സാധിക്കും. അങ്ങനെയുള്ള രണ്ട് അലിഗേറ്ററുകൾക്ക് മുന്നിൽ ഒരു മനുഷ്യൻ വന്നു വെട്ടാലോ? ഏറെ ഭയാനകമായ ഒരു സാഹചര്യമായിരിക്കും അത്. അത്തരമൊരു അനുഭവമാണ് ഫ്ലോറിഡ സ്വദേശിയായ വാൾട്ട് ജൻകിൻസ് എന്ന വ്യക്തിക്ക് ഏതാനും ദിവസങ്ങൾക്കു മുൻപ് ഉണ്ടായത്. ചെറിയ ഒരു പാതയിലൂടെ മോട്ടോർസൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ വഴിമുടക്കി രണ്ട് അലിഗേറ്ററുകൾ അദ്ദേഹത്തിനു മുന്നിൽ എത്തുകയായിരുന്നു.

വാൾട്ടിന്റെ ഹെൽമറ്റിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലൂടെയാണ് സംഭവം വെളിവാകുന്നത്. തെക്കൻ ഫ്ലോറിഡയിൽ ചതുപ്പുനിറഞ്ഞ പ്രദേശത്തെ വഴിത്താരയിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ തടസ്സം വാൾട്ടിനു മുന്നിൽ വന്നുപെട്ടത്. ആ പ്രദേശം സന്ദർശിച്ച ശേഷം സൈക്കിളിൽ തിരികെ കാർ പാർക്ക് ചെയ്തിടത്തേക്ക് മടങ്ങുകയായിരുന്നു വാൾട്ട്. അപ്പോഴാണ് വഴിക്ക് കുറുകെ രണ്ട് കൂറ്റൻ അലിഗേറ്ററുകൾ കിടക്കുന്നത് അദ്ദേഹം കണ്ടത്.

മറ്റൊരു വഴിത്താര ഇല്ലാത്തതിനാൽ അവിടെ നിന്നും എങ്ങോട്ടും പോകാനാവാത്ത അവസ്ഥ. മനുഷ്യ സാമീപ്യം ഉണ്ടായിട്ടും യാതൊരു കൂസലും ഇല്ലാതെ അലിഗേറ്ററുകൾ അതേ നിലയിൽ തുടരുകയും ചെയ്തു. ആരും ഭയന്നു പോകുന്ന സാഹചര്യമായിട്ടും ധൈര്യം കൈവിടാതെയായിരുന്നു വാൾട്ടിന്റെ നീക്കങ്ങൾ. പരിചയമുള്ള ആളുകളോട് എന്നതുപോലെ തനിക്ക് അപ്പുറത്തേക്ക് കടന്നുപോകണമെന്ന് അദ്ദേഹം അലിഗേറ്ററുകളോട് പറയുന്നുണ്ടായിരുന്നു. എന്നാൽ അവയ്ക്ക് അനക്കമൊന്നും ഇല്ലാത്തതുകൊണ്ട് അദ്ദേഹം കുറച്ചുകൂടി അരികിലേക്ക് നീങ്ങി.

കടന്നുപോകാൻ മറ്റു മാർഗമില്ലെന്ന് ഉറപ്പിച്ച അദ്ദേഹം മോട്ടോർസൈക്കിളിന്റെ മുൻ ചക്രം ആദ്യം കിടന്നിരുന്ന അലിഗേറ്ററിന്റെ ശരീരത്തിൽ തട്ടി. പെട്ടെന്നുണ്ടായ നീക്കത്തിൽ പകച്ച് അലിഗേറ്റർ മറുവശത്തേക്ക് തിരിഞ്ഞു. എന്നാൽ അപ്പോഴും രണ്ടാമത്തെ അലിഗേറ്റർ ചലിക്കാതെ അവിടെത്തന്നെ കിടക്കുകയായിരുന്നു. ഏതുനിമിഷവും അവ ആക്രമിക്കാമെന്ന അവസ്ഥ. അധികനേരം അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കിയ വാൾട്ടിന് പെട്ടെന്ന് ഒരു ബുദ്ധി തോന്നി. വീണ്ടും അവയെ പ്രകോപിപ്പിക്കാൻ തുനിയാതെ പാതയുടെ മറ്റൊരു വശം ചേർന്ന് സൈക്കിളുമായി നടന്നു നീങ്ങി. അലിഗേറ്ററുകൾ ആക്രമിക്കാൻ എത്തുന്നുണ്ടോ എന്ന് സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് ആയിരുന്നു അദ്ദേഹത്തിന്റെ നടത്തം. അഥവാ അവ ആക്രമിച്ചാലും മോട്ടോർസൈക്കിൾ പരിചയ പോലെ ഉപയോഗിക്കാനാവും എന്നതാണ് അദ്ദേഹം കണ്ടെത്തിയ മാർഗം. 

എന്തായാലും ഈ വിദ്യ ഫലം കണ്ടു. തലനാരിഴയ്ക്ക് അവയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് അദ്ദേഹം മുന്നോട്ട് നീങ്ങുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തു വന്നതോടെ വാൾട്ടിനെ അഭിനന്ദിച്ച് നിരവധിപ്പേർ എത്തി. എന്നാൽ സൈക്കിൾ ഉപയോഗിച്ച് അവയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത് അബദ്ധമാണെന്നും ഭാഗ്യംകൊണ്ടു മാത്രമാണ് വാൾട്ട് രക്ഷപ്പെട്ടതെന്നും ചിലർ വ്യക്തമാക്കി.

English Summary:

Alligators block Florida biker’s path but you wouldn’t believe how he escapes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com