ADVERTISEMENT

ഒറ്റ രാത്രികൊണ്ട് കർഷകന്റെ 4 ആട്ടിൻകുട്ടികൾ കുഴഞ്ഞുവീണു ചത്തു. ഇടുക്കി കരിമണ്ണൂർ പഞ്ചായത്തിൽ ആനിക്കുഴമഠത്തിൽ ജയിംസിന്റെ ആട്ടിൻകുട്ടികളാണ് പ്രത്യേകിച്ചു രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ ചത്തത്. കരച്ചിലോടുകൂടി കുഴഞ്ഞുവീഴുകയും മിനിറ്റുകൾക്കുള്ളിൽ ചാകുകയുമായിരുന്നെന്ന് ജയിംസ് പറഞ്ഞു.

10 ആടുകളെയാണ് ജയിംസ് വളർത്തിയിരുന്നത്. ഉടുമ്പന്നൂർ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. കൃഷ്ണയുടെ നേതൃത്വത്തിൽ പോസ്റ്റ‌്മോർട്ടം നടത്തി. കാലാവസ്‌ഥ മാറ്റം മൂലം മൃഗങ്ങളിൽ സാധാരണ കണ്ടുവരാറുള്ള, ബാക്ടീരിയൽ അണുബാധ മൂലമുണ്ടാകുന്ന ഹെമറാജിക് സെപ്റ്റിസീമിയയുടെ(കുരലടപ്പൻ) ലക്ഷണങ്ങളാണെന്നാണ് പ്രഥമവിവരം.

എന്താണ് കുരലടപ്പൻ?

എച്ച്എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹെമറാജിക് സെപ്റ്റിസീമിയ അഥവാ കുരലടപ്പൻ, പാസ്‌ചുറെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ്. പശു, പോത്ത്, ആട്, കോഴി, പന്നി, മുയൽ തുടങ്ങി എല്ലാ മൃഗങ്ങളുടെയും ശ്വാസനാളത്തിൽ ഈ ബാക്ടീരിയയുണ്ട്. ചൂടിൽനിന്ന് തണുപ്പിലേക്കോ മറിച്ചോ കാലാവസ്‌ഥ മാറുമ്പോഴും യാത്ര, പ്രസവം, മറ്റു രോഗാവസ്ഥകൾ തുടങ്ങിയ സാഹചര്യങ്ങളിലുമുണ്ടാകുന്ന ശാരീരിക സമ്മർദം മൃഗങ്ങളെ തളർത്തുമ്പോൾ ഈ ബാക്‌ടീരിയകൾ ക്രമാതീതമായി വർധിക്കും. സബ്അക്യൂട്ട്, അക്യൂട്ട്, പെർഅക്യൂട്ട് എന്നിങ്ങനെ 3 അവസ്‌ഥകളാണ് ഇതിനുള്ളത്. പെർഅക്യൂട്ട് (അതിതീവ്രം) അവസ്ഥയിലുള്ള അണുബാധയാണെങ്കിൽ ചികിത്സിക്കാനുള്ള അവസരം കിട്ടില്ല. ആട്ടിൻകുട്ടികൾ, മുയലുകൾ തുടങ്ങിയവ ഓടിനടക്കുന്നതിനിടെ ചത്തുവീഴുന്ന സ്‌ഥിതിയുണ്ടാകാം. മറ്റു രണ്ടു സ്റ്റേജുകളിൽ ചികിത്സകൊണ്ട് രക്ഷപ്പെടുത്താം. കോഴി ഫാമുകളിൽ വളർത്തുന്ന ബ്രോയിലർ കുഞ്ഞുങ്ങളിൽ ഇടിമുഴക്കം പോലെയുള്ള വലിയ ശബ്‌ദങ്ങൾ പോലും എച്ച്എസിന് കാരണമാകാം.

കാലാവസ്‌ഥാ വ്യതിയാനമടക്കം വിവിധ സാഹചര്യങ്ങൾ കുരലടപ്പന് കാരണമാകാമെന്നും ആട്ടിൻകുട്ടികളുടെ ശരീരസാപിളുകൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും ഡോ. കൃഷ്ണ അറിയിച്ചു. 

വിശദ വായനയ്ക്ക്

ആടുകളെ ബാധിക്കുന്ന പ്രധാന രോഗങ്ങളും പ്രതിരോധ മാർഗങ്ങളും

സംരംഭകൻ അറിയണം ആടു രോഗങ്ങളെ, കരുതലെടുക്കണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com