ADVERTISEMENT

ബെംഗളൂരു∙ ജനതാദൾ ഭാരവാഹി കൂടിയായ യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ ഹാസൻ എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരെ ബലാത്സംഗ കേസ് റജിസ്റ്റർ ചെയ്തു. ഭർത്താവിനെയും തന്നെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 2021 മുതൽ ഒട്ടേറെത്തവണ പീഡിപ്പിച്ചെന്നാണ് മുൻ ജില്ലാ പഞ്ചായത്ത് അംഗമായ സ്ത്രീ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മൊഴി നൽകിയത്. 

ഏതാനും പെൺകുട്ടികൾക്ക് ഹോസ്റ്റൽ പ്രവേശനത്തിന് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെടാൻ പ്രജ്വലിനെ 2021 ജനുവരിയിൽ എംപി ക്വാർട്ടേഴ്സിൽ പോയി കണ്ടപ്പോഴാണ് ആദ്യം പീഡിപ്പിച്ചതെന്നും മൊഴി നൽകി. പീഡന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി കഴിഞ്ഞ മാസം വരെ പീഡനം തുടർന്നതായും മൊഴിയിലുണ്ട്. 

സ്ത്രീയെ തട്ടിക്കൊണ്ടു പോയതിന് 

അച്ഛൻ രേവണ്ണയ്ക്കെതിരെ കേസ് 

എംപി പീഡിപ്പിച്ച 3 കുട്ടികളുള്ള വീട്ടമ്മയെ പ്രജ്വലിന്റെ പിതാവും ദൾ എംഎൽഎയുമായ എച്ച്.ഡി.രേവണ്ണ തട്ടിക്കൊണ്ടു പോയെന്ന മകന്റെ പരാതിയിൽ മൈസൂരു കെആർ നഗർ പൊലീസ് കേസെടുത്തു. പ്രജ്വൽ ഉൾപ്പെട്ട അശ്ലീല വിഡിയോകളിൽ ഈ വീട്ടമ്മയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുമുണ്ടായിരുന്നു. രേവണ്ണയുടെ ഹോളെനരസീപുരയിലെ ഫാം ഹൗസിൽ 6 വർഷം സ്ത്രീ ജോലി ചെയ്തിരുന്നു. 3 വർഷം മുൻപാണു ജോലി വിട്ടത്. അശ്ലീല വിഡിയോകൾ ചോർന്നതോടെ, രേവണ്ണയുടെ നിർദേശ പ്രകാരം സഹായിയായ സതീഷ് ബാബണ്ണ ഇവരെ കെആർ നഗറിലെ വീട്ടിൽ നിന്ന് ഏപ്രിൽ 29ന് രാത്രി തട്ടിക്കൊണ്ടുപോയെന്നാണ് മകന്റെ പരാതി. രേവണ്ണയുടെ ഭാര്യ ഭവാനി വിളിക്കുന്നു എന്നു പറഞ്ഞാണു കൂട്ടിക്കൊണ്ടു പോയത്. പൊലീസിൽ അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അശ്ലീല വിഡിയോകളിൽ തന്റെ അമ്മയും ഉൾപ്പെടുന്നതായി ബന്ധുക്കളും സുഹൃത്തുക്കളുമാണ് അറിയിച്ചതെന്നും 20 വയസ്സുള്ള മകൻ പൊലീസിനോടു പറഞ്ഞു. അറസ്റ്റിലായ സതീഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. 

48 വയസ്സുള്ള മറ്റൊരു വീട്ടുജോലിക്കാരി നൽകിയ പരാതിയിൽ കേസെടുത്തതിനെ തുടർന്ന് അറസ്റ്റ് ഒഴിവാക്കാനായി രേവണ്ണ നൽകിയ മുൻകൂർ ജാമ്യ ഹർജി പിൻവലിച്ചു. ജാമ്യമില്ലാ വകുപ്പുകൾ കേസിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് എസ്ഐടി കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്. 

ഇതിനിടെ, മകൻ രേവണ്ണയ്ക്കും കൊച്ചുമകൻ പ്രജ്വലിനും വേണ്ടി ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡ നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. 

English Summary:

Woman leader says Prajwal Revanna molested her several times in MP quarters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com