ADVERTISEMENT

ന്യൂഡൽഹി∙ സ്വാതി മലിവാൾ എംപിയെ അരവിന്ദ് കേ‌ജ്‌രിവാളിന്റെ വീട്ടിലേക്കയച്ചത് ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായെന്ന് ആം ആദ്മി പാർട്ടി. കേജ്‌രിവാളിന്റെ പേരിൽ തെറ്റായ ആരോപണങ്ങളുന്നയിക്കുകയായിരുന്നു സ്വാതിയുടെ  ചുമതലയെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷി മർലേന ആരോപിച്ചു. 

‘‘സ്വാതിയുടെ ആരോപണങ്ങൾ അസത്യവും അടിസ്ഥാനരഹിതവുമാണ്. ഇത് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അവർക്ക് പരു‌ക്കേറ്റിട്ടില്ല. മേയ് 13ന് മുൻകൂട്ടി അറിയിക്കാതെയും അപ്പോയ്ൻമെന്റ് എടുക്കാതെയുമാണ് അവർ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ ആ സമയം മുഖ്യമന്ത്രി അവിടെയില്ലാതിരുന്നതിനാൽ അദ്ദേഹം രക്ഷപ്പെട്ടു. അതോടെ ‌കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ ആരോപണമുന്നയിച്ചു. എന്നാൽ ഇന്ന് മുഖ്യമന്ത്രിയുടെ വീട്ടിലെ ഡ്രോയിങ് റൂമിലെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. സ്വാതി മലിവാളിന്റെ നുണകളെല്ലാം ഈ വിഡിയോയിൽ പൊളിയുന്നുണ്ട്.

തന്നെ ക്രൂരമായി മർദിച്ചെന്നും തലയിൽ മുറിവുണ്ടായി എന്നുമാണ് അവർ ഡൽഹി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. എന്നാൽ പുറത്തുവന്ന വിഡിയോകളിൽ നിന്ന് അവർ പറയുന്നതിന് നേർ വിപരീതമാണ് സത്യമെന്ന് മനസ്സിലാക്കാം. ഡ്രോയിങ് റൂമിലിരുന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് നമുക്ക് കാണാനാവുന്നത്. അവർക്ക് പരിക്കേറ്റിട്ടില്ല, അവരുടെ വസ്ത്രങ്ങൾ കീറിയിട്ടില്ല. പകരം അവർ പൊലീസുകാരെയും ബൈഭവ് കുമാറിനെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു.’– അതിഷി പറഞ്ഞു.

English Summary:

AAP claims that sending MP Swati Maliwal to Arvind Kejriwal's house was part of bjp's conspiracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com