ADVERTISEMENT

തിരുവനന്തപുരം∙ ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പന തടഞ്ഞ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു. അഞ്ചു കോടിയിലധികം രൂപ വിലവരുന്ന ആറര ലക്ഷത്തിലധികം ടിന്‍ അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ശബരിമല സന്നിധാനത്തെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന അരവണ പമ്പയ്ക്ക് പുറത്ത് എത്തിച്ച് നശിപ്പിക്കണമെന്നാണ് നിര്‍ദേശം. ശബരിമലയില്‍ തന്നെ നശിപ്പിച്ചാല്‍ ആനകളെ ആകര്‍ഷിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണിത്. 

250 മി.ലീറ്ററിന്റെ 6,65,127 ടിന്നുകളാണ് ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്നത്. അരവണ കാലാവധി കഴിഞ്ഞതായതിനാലും ഭക്ഷ്യയോഗ്യമല്ലാത്തതിനാലും ഒരു തരത്തിലും ആളുകളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബോര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അരവണ ടിന്നുകളില്‍ അയ്യപ്പന്റെ ചിത്രം ഉള്ളതിനാല്‍ വിശ്വാസത്തിനു മുറിവ് ഏല്‍പ്പിക്കാത്ത രീതിയില്‍ നശിപ്പിക്കണം എന്നും ടെന്‍ഡര്‍ നോട്ടിസില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം നടപടികള്‍. 21-ാം തീയതി വൈകിട്ട് വരെയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള സമയം. കരാര്‍ ലഭിച്ചാല്‍ 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. 

അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവില്‍ കൂടുതല്‍ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി അറിയിച്ചതിനെ തുടര്‍ന്നാണ് ശബരിമലയില്‍ അരവണ പായസം വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും എഫ്എസ്എസ്എഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

English Summary:

Tenders Open for Destroying Over 6.5 Lakh aravana Tins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com