ADVERTISEMENT

കോഴിക്കോട്∙ തലച്ചോറിനെ കാർന്നു തിന്നുന്ന അമീബിക് മസ്തിഷ്ക ജ്വരം ഇടവേളയ്ക്കു ശേഷം കോഴിക്കോട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചുവയസ്സുകാരിയാണ് ഈ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത്. ബ്രെയിൻ ഈറ്റിങ് അമീബ എന്ന, തലച്ചോറിനെ സാരമായി ബാധിക്കുന്ന ഈ രോഗം പിടിപെട്ടാൽ രക്ഷപ്പെടുക ദുഷ്കരമാണെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ആലപ്പുഴയിലെ പാണാവള്ളിയിൽ കഴിഞ്ഞ വർഷം ഇതേ രോഗം ബാധിച്ച് വിദ്യാർഥി മരിച്ചിരുന്നു. 

അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോഎൻസഫലൈറ്റിസ്) രോഗം വളരെ വിരളമായി മാത്രം പ്രത്യക്ഷപ്പെടുന്നതാണ്. പതിനായിരത്തിൽ ഒരാൾക്ക് എന്നതാണ് കണക്ക്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ, അതിൽ മുങ്ങിക്കുളിക്കുന്നവരുടെ മൂക്കിലെ നേർത്ത തൊലിയിലൂടെ ശരീരത്തിൽ കടക്കുകയും മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. നെഗ്ലേറിയ ഫൗലേറി എന്ന അമീബയാണു രോഗം ഉണ്ടാക്കുന്നത്. രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരില്ല. രോഗാണുബാധ ഉണ്ടായി ഒന്നു മുതൽ ഒൻപതു വരെ ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലിൽനിന്നു സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നതു വഴിയാണ് രോഗനിർണയം നടത്തുക. 

ആലപ്പുഴ ടി.ഡി.മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ടി.കെ.സുമ അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ചുള്ള വിവരങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു. 

∙ അമീബ മൂക്കിലൂടെ മാത്രമാണോ ശരീരത്തിലേക്കു കയറുന്നത് ?

അല്ല. ത്വക്കിലൂടെയും കയറാം, പ്രത്യേകിച്ച് ത്വക്കിൽ എന്തെങ്കിലും മുറിവോ മറ്റോ ഉണ്ടെങ്കിൽ. കോഴിക്കോട്ടു ചികിത്സയിലുള്ള കുട്ടിയെ ബാധിച്ചിരിക്കുന്നത് എൻസഫലൈറ്റിസ് ആയിരിക്കാം. നേരെ തലച്ചോറിലേക്കു കയറുന്നതാണിത്. ത്വക്കിലൂടെ കയറുന്നത് ചിലപ്പോൾ ശ്വാസകോശത്തിലോക്കോ മറ്റോ ആയിരിക്കും പോകുന്നത്. എന്നാൽ മൂക്കിലൂടെ കയറുന്നത് നേരെ തലച്ചോറിലേക്കാണ് എത്തുന്നത്. 

∙ മുറിവൊന്നും ഇല്ലെങ്കിൽ ത്വക്കിലൂടെ പ്രവേശിക്കുമോ ?

ഇല്ല, മുറിവോ പൊട്ടലോ മറ്റോ ഉണ്ടെങ്കിൽ മാത്രമേ ത്വക്കിലൂടെ ശരീരത്തിൽ കടക്കൂ.

∙ ചൂടുകാലത്താണോ ഈ രോഗം കൂടുതലായി കാണപ്പെടുന്നത്?


വേനൽക്കാലത്ത് വെള്ളത്തിന്റെ ഒഴുക്ക് കുറയുകയും കെട്ടിക്കിടക്കുകയും ചെയ്യുമ്പോഴാണ് കൂടുതലായും ഈ അമീബയെ കണ്ടുവരുന്നത്. അതേ സമയം മഴക്കാലത്തോ നല്ല ഒഴുക്കുള്ള വെള്ളത്തിലോ ഈ അമീബയെ കാണാറില്ല. 

∙ തണുത്ത വെള്ളത്തിൽ ഉണ്ടാകാറില്ലേ?

തണുത്ത വെള്ളത്തിലും അമീബ ഉണ്ടാകും. എന്നാൽ ചൂടുവെള്ളത്തിലാണ് കൂടുതലായും കണ്ടെത്തിയത്. മഴക്കാലത്തും വേനൽക്കാലത്തും അമീബയെ കണ്ടെത്തിയിട്ടുണ്ട്. 

∙ വെള്ളത്തിൽ മാത്രമാണോ അമീബ ഉണ്ടാകാറ് ?

വെള്ളത്തിലും മണ്ണിലുമുണ്ടാകും. മണ്ണിൽ നിന്നാണ് വെള്ളത്തിലേക്ക് ഇറങ്ങുന്നത്. പക്ഷേ മണ്ണ് വാരിക്കളിച്ചതിലൂടെ ആർക്കും രോഗം പിടിപെട്ടതായി റിപ്പോർട്ട് ചെയ്തില്ല. വെള്ളത്തിലിറങ്ങുന്നവരിലാണ് സാധാരണ കണ്ടുവരുന്നത്. 

∙ കടൽവെള്ളത്തിലോ ഉപ്പുവെള്ളത്തിലോ ഉണ്ടാകുമോ ?

കടൽവെള്ളത്തിലും ഉണ്ടാകുെമന്നാണ് പറയുന്നത്. എന്നാൽ കൂടുതലും ശുദ്ധ ജലത്തിലാണ് കാണപ്പെടുന്നത്. 

∙ അമീബ ശരീരത്തിൽ കയറിയാൽ എത്ര ദിവസം കൊണ്ടാണ് ബാധിക്കുക ?

അത് ആപേക്ഷികമാണ്. മൂക്കിലൂടെയാണ് കയറുന്നതെങ്കിൽ പെട്ടെന്നു ബാധിക്കും. പനി, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് തുടങ്ങുന്നത്. കയറിക്കഴിഞ്ഞാൽ പെട്ടെന്ന് പ്രവർത്തിക്കാൻ തുടങ്ങും. മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്. 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെയുള്ള സമയത്തിൽ ബാധിക്കാം. മെനിഞ്ചൈറ്റിസ് എൻസഫലൈറ്റിസ് ആയിട്ടാണ് തുടങ്ങുന്നത്. സ്വിമ്മിങ് പൂളിലോ കുളത്തിലോ പുഴയിലോ കുളിക്കാൻ പോയിട്ടുണ്ടെങ്കിൽ അമീബയാണോ എന്നു പരിശോധിക്കേണ്ടി വരും. പലരുടെ ശരീരത്തിലും ഈ അമീബ കടന്നുകൂടിയിട്ടുണ്ടാകും. എന്നാൽ പലപ്പോഴും അത് സാരമായി ശരീരത്തെ ബാധിച്ചെന്നു വരില്ല. 

∙ കുട്ടികളെ ഇത് പെട്ടെന്നു ബാധിക്കുമോ?

കുട്ടികളും െചറുപ്പക്കാരുമാണ് കൂടുതലും പുഴയിലും മറ്റും കുളിക്കാൻ പോകുന്നത്. അതുകൊണ്ട് കുട്ടികളിലും ചെറുപ്പക്കാരിലുമാണ് കൂടുതലായി കണ്ടുവരുന്നത്. അല്ലാതെ പ്രായവുമായി ബന്ധമില്ല. ഒരേ ജലാശയത്തിൽ കുളിക്കുന്ന എല്ലാവർക്കും രോഗം വരണമെന്നില്ല. പത്തു പേർ കുളിക്കാനിറങ്ങിയാൽ രണ്ടോ മൂന്നോ പേർക്ക് വരാം. ചിലപ്പോൾ ആർക്കും വരണമെന്നുമില്ല.

∙ വായുവിലൂടെ ബാധിക്കുമോ ?

ഇല്ല. മനുഷ്യനിൽനിന്നു മനുഷ്യനിലേക്കും പകരില്ല

∙ ചികിത്സ എന്താണ് ?

പ്രധാനമായും രോഗിക്ക് ഐസിയു വേണം. അരിത്രോമൈസിൻ പോലുള്ള മരുന്നുകൾ നൽകാറുണ്ട്. എന്നാൽ വളരെപ്പെട്ടെന്ന് ആരോഗ്യ നില മോശമാകുന്ന അസുഖമാണിത്. പെട്ടെന്നു പടരുന്നതിനാൽ ഇവയെ നീക്കം ചെയ്യാൻ സാധിക്കില്ല. 

∙ ഇന്ത്യയിൽ എല്ലായിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ ?

ഉണ്ട്. എന്നാൽ ഇതൊരു പകർച്ചവ്യാധിയല്ല. 

∙ നേരത്തേ കണ്ടുപിടിക്കാൻ സാധിക്കുമോ? സാധിച്ചാൽ രക്ഷപ്പെടാൻ സാധിക്കുമോ ?

തലച്ചോറിനെ ബാധിച്ചാൽ രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്. തലച്ചോറിൽ എത്തിയശേഷമായിരിക്കും പലപ്പോഴും ഈ അമീബയാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കുന്നത്.

∙ പ്രതിരോധ മാർഗം എന്താണ്?

ശ്രദ്ധിക്കുക എന്നത് മാത്രമാണ് പ്രതിരോധം. ഒറ്റഷെല്ലുള്ള ജീവിയാണിത്. അതിനെ കണ്ടുപിടിക്കാനൊന്നും സാധിക്കില്ല. വെള്ളത്തിൽ മുങ്ങാംകുഴി ഇടുമ്പോഴാണ് കൂടുതലായും മൂക്കിലൂടെ അമീബ കയറുന്നത്. മുങ്ങാംകുഴിയിട്ട് കുളിക്കുന്നത് ഒഴിവാക്കുക. അല്ലാതെ പ്രതിരോധ മരുന്നുകളൊന്നുമില്ല. പ്രതിരോധ ശക്തി കുറഞ്ഞവർ പുഴയിലും മറ്റും കുളിക്കുന്നത് ഒഴിവാക്കുക.

English Summary:

Interview with T.K.Suma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com