ADVERTISEMENT

ഇന്നലെ ലഭിച്ച പിന്തുണയിൽ ഇന്നും നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും മുന്നേറ്റം തുടർന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഇന്നലെ പൊതു തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ പോളിങ് ശതമാനം മെച്ചപ്പെട്ടത് വിപണിയുടെ ആത്മവിശ്വാസവും ഉയർത്തി. ഇന്ന് 22080 പോയിന്റിൽ പിന്തുണ നേടിയ നിഫ്റ്റി 113 പോയിന്റ് മുന്നേറി 22217 പോയിന്റിലാണ് ക്ലോസ് ചെയ്തത്.

ഫാർമ, എഫ്എംസിജി സെക്ടറുകൾ നഷ്ടം ഇന്ന് കുറിച്ചപ്പോൾ മെറ്റൽ സെക്ടർ 2.77%, ഇന്നലെ തകർന്നു പോയ ഓട്ടോ സെക്ടർ 1.83% മുന്നേറ്റവും ഇന്ന് കുറിച്ചു. നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക 2%വും, നിഫ്റ്റി മിഡ് ക്യാപ് സൂചിക 1%വും മുന്നേറ്റം നേടിയപ്പോൾ നിഫ്റ്റി നെക്സ്റ്റ്-50 1.5%വും മുന്നേറ്റം നേടി.

ഇന്ത്യൻ പണപ്പെരുപ്പം
 

ഇന്ത്യയുടെ റീടെയ്ൽ പണപ്പെരുപ്പം ഏപ്രിലിൽ വിപണിയുടെ അനുമാനത്തിനൊപ്പം നിന്ന് 4.83% വാർഷിക വളർച്ച മാത്രം കുറിച്ചപ്പോൾ ഇന്ത്യയുടെ ഏപ്രിലിലെ മൊത്ത വിലക്കയറ്റം വിപണി അനുമാനമായ 1%വും മറികടന്ന് 1.25% വാർഷിക വളർച്ച കുറിച്ചു. വിപണിയുടെ റീടെയ്ൽ പണപ്പെരുപ്പ അനുമാനം 4.80% ആയിരുന്നു.

share-market

ഇന്ത്യയുടെ ഭക്ഷ്യ വിലക്കയറ്റം ഏപ്രിലിൽ 7.74% വാർഷിക വളർച്ച കുറിച്ചപ്പോൾ ഊർജ വിലക്കയറ്റം -0.77%ൽ നിന്നു 1.38%ലേക്ക് വളർന്നു. നാളെയാണ് ഇന്ത്യയുടെ രാജ്യാന്തര വ്യാപാരക്കണക്കുകൾ പുറത്ത് വരുന്നത്.

ചൈനീസ് സ്റ്റിമുലസ് പ്രതീക്ഷ
 

ഡോളർ ക്രമപ്പെടുന്നതും അമേരിക്കൻ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും ബേസ് മെറ്റലുകൾക്ക് വീണ്ടും അനുകൂലമാണ്. ചൈന വീണ്ടും സാമ്പത്തിക ഉത്തേജനപരിപാടികളുമായി വരുന്നു എന്ന ശക്തമായ സൂചന നൽകിയത് ക്രൂഡ് ഓയിലിനും, ലോഹങ്ങൾക്കും അനുകൂലമായി. ഇന്ത്യൻ ലോഹ ഓഹരികളും ഇന്ന് മുന്നേറ്റം നേടി. നാഷണൽ അലുമിനിയം 6% മുന്നേറിയപ്പോൾ, സെയിലും, വേദാന്തയും 4% വീതവും, ഹിന്ദ് കോപ്പർ 3%വും മുന്നേറി. ഉപകമ്പനിയായ നോവലിസ് അമേരിക്കയിൽ ലിസ്റ്റിംഗിന് തയാറെടുക്കുന്നത് ഹിന്ഡാൽകോക്കും അനുകൂലമാണ്.

ജെറോം പവൽ ഇന്ന് സംസാരിക്കുന്നു

‘’പണപ്പെരുപ്പഭയ’’ത്തിൽ ഇന്നലെ അമേരിക്കൻ വിപണി മിക്സഡ് ക്ളോസിങ് നേടിയതിന് പിന്നാലെ ഇന്നും ഏഷ്യൻ വിപണി സമയത്ത് ഫ്ലാറ്റ് നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഏഷ്യൻ വിപണികളുടെ മിക്സഡ് ക്ലോസിങ്ങിന് പിന്നാലെ യൂറോപ്യൻ വിപണികളും മിക്സഡ് & ഫ്ലാറ്റ് ട്രേഡിങ്ങ് തുടരുന്നു. ഏഷ്യയിൽ ഇന്ത്യൻ വിപണിക്കൊപ്പം ജാപ്പനീസ്, കൊറിയൻ വിപണികളും ഇന്ന് പോസിറ്റീവ് ക്ലോസിങ് കുറിച്ചു.

അമേരിക്കൻ പണപ്പെരുപ്പം നാളെ വരാനിരിക്കെ അമേരിക്കൻ ഫെഡ് ചെയർമാൻ ജെറോം പാവൽ അടക്കമുള്ള ഫെഡ് ഒഫിഷ്യലുകൾ സംസാരിക്കാനിരിക്കുന്നത് ഇന്നും അമേരിക്കൻ വിപണിയിൽ ചാഞ്ചാട്ടങ്ങൾക്ക് വഴിവച്ചേക്കാം. ഏപ്രിലിൽ അമേരിക്കൻ സിപിഐ 3.40% വാർഷിക വളർച്ച മാത്രം കുറിച്ചിട്ടുണ്ടാകാമെന്ന പ്രതീക്ഷയിലാണ് വിപണി. അമേരിക്കയുടെ റീടെയ്ൽ പണപ്പെരുപ്പ വളർച്ച 2%ലേക്ക് എത്തിക്കാനാണ് ഫെഡ് റിസേർവ് ലക്ഷ്യമിടുന്നത്.

ക്രൂഡ് ഓയിൽ
 

ചൈനീസ് സ്റ്റിമുലസ് പ്രതീക്ഷകളും, കാനേഡിയൻ കാട്ടുതീ എണ്ണക്കിണറുകൾക്ക് സമീപസ്ഥമാണെന്നതും ഇന്നലെ ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകി. എങ്കിലും നാളെ അമേരിക്കൻ സിപിഐ ഡേറ്റ വരാനിരിക്കുന്നതും, ഇന്ന് ഫെഡ് ചെയർമാൻ സംസാരിക്കാനിരിക്കുന്നതും ക്രൂഡിന് അതിമുന്നേറ്റം നിഷേധിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ 83 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്.

സ്വർണം
 

പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കെ അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെടുന്നത് ഇന്ന് ഏഷ്യൻ വിപണി സമയത്ത് സ്വർണത്തിന് വീണ്ടും മുന്നേറ്റം നൽകി. രാജ്യാന്തര സ്വർണ വില വീണ്ടും 2350 ഡോളർ പിന്നിട്ടു.

gold-1

നാളത്തെ റിസൾട്ടുകൾ
 

പിഎഫ്സി, ആർവിഎൻഎൽ, എൻഎൽസി ഇന്ത്യ, എൽഐസി ഹൗസിങ് ഫിനാൻസ്, ഹണിവെൽ ഓട്ടോമേഷൻ, ഐജിൻഡാൽ സ്റ്റൈൻലെസ്സ്, ഡിക്‌സൺ, റ്റിറ്റാഗർ റെയിൽ സിസ്റ്റംസ്, മാൻകൈൻഡ്, സിഗ്നേച്ചർ ഗ്ലോബൽ, റാണെ ഹോൾഡിങ്, ഐഇഎക്സ്, ഇക്ര, ട്രൈഡന്റ്, എച്ച്പിഎൽ, ഗ്രാന്യൂൾസ്, ക്ലീൻ സയൻസ്, സിഎംഎസ് ഇൻഫോ മുതലായ ഓഹരികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ഐപിഒ
 

അഡ്വെർടൈസിങ് കമ്പനിയായ വെരിറ്റാസ് അഡ്വെർടൈസിങ്, സ്പെഷ്യൽറ്റി കെമിക്കൽ കമ്പനിയായ ഇന്ത്യൻ എമുൽസിഫയർ, ഓട്ടോ അൻസിലറി കമ്പനിയായ മൻദീപ് ഓട്ടോ ഇൻഡസ്ട്രീസ് മുതലായ എസ്എംഇ കമ്പനികളുടെ ഇന്നലെ ആരംഭിച്ച ഐപിഒകൾ നാളെയും മറ്റന്നാളുമായി അവസാനിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com