ADVERTISEMENT

അഹമ്മദാബാദ്∙ ഹാർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പ് ടീമിൽ കളിപ്പിക്കുന്നതിന് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ചീഫ് സിലക്ടർ അജിത് അഗാർക്കറിനും യാതൊരു താൽപര്യവുമില്ലായിരുന്നെന്നു വിവരം. പുറത്തുനിന്നുള്ള സമ്മർദം കാരണമാണ് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ട്വന്റി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കാൻ അഹമ്മദാബാദിൽ നടന്ന യോഗത്തിലാണ് പാണ്ഡ്യ ടീമിൽ വേണ്ടെന്ന് രോഹിത് ശർമയും അഗാർക്കറും നിലപാടെടുത്തത്. സിലക്ഷൻ പാനലിലെ അംഗങ്ങളും ഈ നിലപാടിനെ പിന്തുണച്ചിരുന്നു.

എന്നാൽ ഒരു ബാഹ്യശക്തിയുടെ സാന്നിധ്യമാണ് പാണ്ഡ്യയ്ക്കു ടീമിലെ സ്ഥാനം ഉറപ്പാക്കിയതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. വൈസ് ക്യാപ്റ്റനായാണു പാണ്ഡ്യ ലോകകപ്പ് ടീമിലെത്തിയത്. 15 അംഗ ലോകകപ്പ് ടീമിൽ എടുത്തെങ്കിലും ഹാർദിക് പാണ്ഡ്യയ്ക്ക് പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പാകില്ല.‍ ബാറ്റിങ്ങിൽ മികച്ച ഫോമിലുള്ള ചെന്നൈ സൂപ്പർ കിങ്സ് താരം ശിവം ദുബെ പാണ്ഡ്യയ്ക്കു വെല്ലുവിളിയായി ടീമിലുണ്ട്. പരിശീലനത്തിലും സന്നാഹ മത്സരത്തിലും ശിവം ദുബെ മികവു തെളിയിച്ചാൽ പാണ്ഡ്യയെ മറികടന്ന് ശിവം ദുബെ പ്ലേയിങ് ഇലവനിലെത്താൻ സാധ്യതയുണ്ട്.

പാണ്ഡ്യയെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുന്ന കാര്യം, ക്യാപ്റ്റൻ രോഹിത് ശ‌ർമയുടെ പരിഗണനയിൽ ഇല്ല. ഐപിഎല്ലില്‍ മോശം ഫോമിലുള്ള താരം ലോകകപ്പിലും നിരാശപ്പെടുത്തിയാൽ ടീമിനു പുറത്താകും സ്ഥാനം. ലോകകപ്പിനു ശേഷം രോഹിത് ശർമ ട്വന്റി20 ഫോർമാറ്റിൽനിന്ന് വിരമിക്കാന്‍ സാധ്യതയുണ്ട്. ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളിൽ മാത്രം രോഹിത് തുടർന്നും കളിക്കും.

ജൂൺ അഞ്ചിന്അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് പോരാട്ടം. ഗ്രൂപ്പ് എയിൽ ഇന്ത്യയുടെ മൂന്നു മത്സരങ്ങളും ന്യൂയോർക്കിലാണു നടക്കേണ്ടത്. ജൂണ്‍ ഒൻപതിനു നടക്കുന്ന ഇന്ത്യ– പാക്കിസ്ഥാന്‍ പോരാട്ടവും ന്യൂയോർക്കിലാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഫ്ലോറിഡയിൽവച്ചാണ് ഇന്ത്യ– കാനഡ പോരാട്ടം.

English Summary:

Hardik Pandya Picked For T20 WC 'Under Pressure'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com